ADVERTISEMENT

2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി രണ്ടു തവണയായി അവസാനം ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. എങ്കിലും പലരും ഇപ്പോഴും റിട്ടേൺ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചന പോലും തുടങ്ങിട്ടില്ല എന്നതാണ് സത്യം. എന്തായാലും റിട്ടേൺ നൽകാൻ തയ്യാറെടുക്കുന്നതിന് മുമ്പ് ചില രേഖകള്‍ ഉറപ്പാക്കിയാല്‍ ഫയല്‍ ചെയ്യുമ്പോഴുള്ള വലിയ തലവേദന ഇല്ലാതാകും. 

ഫോം 16

ശമ്പള വരുമാനക്കാരായവര്‍ക്ക് സ്ഥാപനം നല്‍കുന്ന രേഖയാണിത്. ഈ ഫോം എവിടെ കിട്ടുമെന്ന കാര്യത്തിൽ അവ്യക്തതയും ആശങ്കയും പുലർത്തുന്നവർ നിരവധിയാണ്. ശമ്പളത്തില്‍ നിന്ന് ആദായ നികുതി പിടിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമ ഇത് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഉറവിടത്തില്‍ നിന്ന് നികുതി പിടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. ഫോം 16 ന് രണ്ട് ഭാഗങ്ങളുണ്ടാകും. എ വിഭാഗത്തില്‍  സാമ്പത്തിക വര്‍ഷം നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച നികുതിയുടെ വിശദ വിവരങ്ങള്‍, പാന്‍ നമ്പര്‍, സ്ഥാപനത്തിന്റെ ടാന്‍ നമ്പര്‍ ഇവയാവും ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക. ബി യില്‍ ശമ്പളത്തിന്റെ ബ്രേക്ക് അപ്പ് വിശദാംശങ്ങളും നികുതി ഒഴിവുകളുമായിരിക്കും പരാമര്‍ശിക്കുക. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ പോര്‍ട്ടലില്‍ പ്രീ ഫില്‍ഡ് ഫോമുകളാണ് ലഭ്യമാകുക. ഐ ടി ആര്‍ 1 ഫോമുകള്‍ ഓണ്‍ലൈനായി പൂരിപ്പിക്കുമ്പോള്‍ ഇ വിവരങ്ങള്‍ ഫോം 16 ലെ വിശദാംശങ്ങളുമായി താരതമ്യം ചെയ്ത് സ്ഥിരീകരിക്കാം.

നിക്ഷേപ വിവരങ്ങൾ

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നികുതി ഇളവുള്ള നിക്ഷേപങ്ങളുടെ രേഖകള്‍ നിശ്ചിത സമയത്ത് തൊഴിലുടമയ്ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് നേരിട്ട് ആദായ നികുതി വകുപ്പിന് നല്‍കി നികുതി ഒഴിവ് നേടാം (പഴയ നികുതി സമ്പ്രദായത്തിന് ബാധകം). നേരത്തെ ഈ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഫോം 16 ല്‍ വിവരങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. എല്‍ ഐ സി പ്രീമിയം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പിപിഎഫ് പാസ്ബുക്ക്, അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡിപ്പോസിറ്റ്, ഭവനവായ്പ തിരിച്ചടവ്, ഡൊണേഷന്‍, ട്യൂഷന്‍ ഫീ എന്നിവയുടെ രസീതുകള്‍ ഇങ്ങനെ ഉപയോഗിക്കാം.

പലിശ വരുമാനം

ശമ്പള വരുമാനത്തിന് പുറമെ സേവിങ്സ് അക്കൗണ്ടില്‍ നിന്നും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ പലിശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയില്‍ 10,000 രൂപ വരെ കിഴിവിന് അര്‍ഹതയുണ്ടാകും. 25,000 രൂപ വരെ കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം നികുതി വിധേയമല്ല. മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഈ പരിധി 50,000 രൂപയാണ്. ഈ സര്‍ട്ടിഫിക്കറ്റുകളും കരുതി വയ്ക്കണം.

കൂടാതെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദ വിവരങ്ങള്‍, ലിസ്റ്റ് ചെയ്യപ്പെടാത്ത ഷെയറിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവയും കരുതി വയ്ക്കാം. ബാങ്കിന്റെ സൈറ്റിൽ കൂടി കയറിയാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ വേരിഫിക്കേഷൻ ഓട്ടോമാറ്റിക് ആയി നടന്നുകൊള്ളും.

തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് വേണമെന്നത് ഭവന-വാഹന വായ്പകള്‍ക്കുള്ള ബാങ്കുകളുടെ പ്രധാന നിബന്ധനകളില്‍ ഒന്നാണ്. അതുകൊണ്ട് ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് എന്തുകൊണ്ടും പ്രയോജനപ്രദമായിരിക്കും. പലപ്പോഴും വിസ ആവശ്യങ്ങള്‍ക്കും ഇത് ആവശ്യമായി വരാറുണ്ട്.

English Summary : Keep These Documents with You before Filing Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com