ADVERTISEMENT

അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ ?എങ്കിൽ ഇ - ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ മറക്കല്ലേ.ഡിസംബർ 31നുള്ളിൽ റജിസ്ട്രേഷൻ നടത്തിയിരിക്കണം.

അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര ക്ഷേമ / സുരക്ഷാ പദ്ധതികളിൽ അംഗമാകാനുള്ള അവസരമാണ് ഇ - ശ്രം റജിസ്ടേഷനിലൂടെ ലഭിക്കുന്നത്. അംഗങ്ങൾക്ക് ആധാറിനു സമാനമായ കാർഡും 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (UAN) ലഭിക്കും. ഭാവിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾക്ക് ഈ നമ്പറായിരിക്കും ആധാരം. റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ പ്രധാനമന്ത്രി സുരക്ഷാ യോജനയുടെ ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്ന ഈ പദ്ധതിയുടെ ആദ്യ വർഷ പ്രീമിയം സർക്കാർ അടയ്ക്കും. കോവിഡ് പോലുള്ള മഹാമാരികൾ ഉണ്ടാകുമ്പോൾ സഹായം നൽകുന്നത് ഈ വിവരശേഖരം അനുസരിച്ചായിരിക്കും.

അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഓട്ടോ ഡ്രൈവർമാർ, പത്ര ഏജന്റുമാർ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പു തൊഴിലാളികൾ, ആശാ വർക്കർമാർ, മത്സ്യത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, തടിപ്പണിക്കാർ എന്നിങ്ങനെ ആർക്കും അംഗങ്ങളാകാം.

16നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇ പി എഫ്, ഇ എസ് ഐ പദ്ധതികളിൽ അംഗമായിരിക്കരുത്. ആദായ നികുതി അടയ്ക്കുന്നവർക്കും അംഗത്വം ലഭിക്കില്ല.

റജിസ്ട്രേഷന് ആധാർ നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോൺ നമ്പർ എന്നിവയും നിർബന്ധമാണ്.

ഇ - ശ്രം പോർട്ടൽ വഴി സ്വന്തമായോ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കോമൺസർവീസ് സെന്ററുകൾ (CSC) വഴിയോ അപേക്ഷിക്കാം .

eshram.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് self Registration എന്നതിനു താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകി റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം. അവസാനം UAN നമ്പറോടു കൂടിയ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം. മൊബൈൽ ഫോണിലൂടെയും റജിസ്ട്രേഷൻ നടത്താം. CSC കേന്ദ്രങ്ങളിലെ റജിസ്ട്രേഷൻ സൗജന്യമാണ്. എന്നാൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും ലാമിനേറ്റ് ചെയ്യുന്നതിനും ചുരുങ്ങിയ ഫീസ് നൽകേണ്ടി വരും.

English Summary: Only Three More Days for Registering in E Shram Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com