ADVERTISEMENT

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി എളുപ്പത്തിലും ചെലവു കുറഞ്ഞതുമായ ധനസഹായത്തിന്റെ പിന്തുണ ലഭിക്കുന്ന പ്രതിഭാസമായിരുന്നു ഉണ്ടായിരുന്നത്. അതിനൊരവസാനമായതോടെ ശക്തമായ അടിസ്ഥാനങ്ങള്‍ പരിഗണിച്ചാല്‍ മാത്രമേ ഇനി നേട്ടമുണ്ടാക്കാനാവു എന്ന സ്ഥിതിയാണുള്ളത്. 2022-ലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഈ ഘടകത്തോടൊപ്പം ഇഎസ്ജി മേഖലകള്‍ക്ക് വര്‍ധിച്ചു വരുന്ന പ്രാധാന്യവും നമുക്കു കാണാം.

സ്ഥിതിഗതികള്‍ മെച്ചപ്പെടും

അത്ര മികച്ച ഒരു തുടക്കമല്ല 2022-ന് ഉണ്ടാകുകയെങ്കിലും ആദ്യ മാസങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടാനാണ് സാധ്യത.  പ്രതീക്ഷിക്കുന്ന ചില മാറ്റങ്ങള്‍ ആഗോള തലത്തില്‍ സമ്പദ്ഘടനയേയും സാമ്പത്തിക വിപണികളേയും മെച്ചപ്പെടാന്‍ സഹായിക്കും.  

വളരെ മികച്ച ലിക്വിഡിറ്റിയും കോര്‍പറേറ്റ് വരുമാനത്തിന്റെ കാര്യത്തിലുണ്ടായ തിരിച്ചു വരവും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഹരികളുടെ കാര്യത്തില്‍ ഏറെ സഹായകമായിരുന്നല്ലോ.  തുടര്‍ച്ചയായ അഞ്ചു ത്രൈമാസങ്ങളില്‍ നിഫ്റ്റി-ബിഎസ്ഇ 200 കമ്പനികള്‍ വരുമാനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷകളെ മറികടക്കുന്ന വളര്‍ച്ചയാണു പ്രകടിപ്പിച്ചത്. എളുപ്പത്തില്‍ ലഭിച്ചിരുന്ന ചെലവു കുറഞ്ഞ ധനസഹായങ്ങളുടെ കാലഘട്ടം കഴിഞ്ഞതോടെ ഇനി അടിസ്ഥാനപരമായ ഘടകങ്ങളാവും നിക്ഷേപത്തെ സ്വാധീനിക്കുന്നവയില്‍ പ്രാധാന്യം നേടുക. പുതുതായി വിപണിയിലേക്കെത്തുന്നവര്‍ ഇക്കാര്യം മനസിലാക്കി മുന്നോട്ടു പോകുകയും വേണം.  

നയങ്ങളിലെ മാറ്റം

യുഎസ് ഫെഡറല്‍ റിസര്‍വ് നയങ്ങളില്‍ അടക്കം ഉണ്ടാകുന്ന മാറ്റങ്ങളാവും 2022-ല്‍ നിക്ഷേപത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം.  കടപ്പത്രങ്ങള്‍ വാങ്ങുന്നത് കുറച്ചതും പലിശ നിരക്കില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന വര്‍ധനവും കണക്കിലെടുക്കേണ്ടതുണ്ട്. ഇതേ സമയം പണപ്പെരുപ്പ സമ്മര്‍ദ്ദവും സാമ്പത്തിക രംഗത്തെ പുതിയ സ്ഥിതിവിവരക്കണക്കുകളും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വേഗത്തിലുളള തീരുമാനത്തിനും പ്രേരിപ്പിച്ചേക്കാം. ഇന്ത്യയില്‍ രൂപ സുസ്ഥിരമാണെന്നതും വിദേശനാണ്യ നിക്ഷേപം ആരോഗ്യകരമാണെന്നതും പണപ്പെരുപ്പം നിയന്ത്രണത്തിനു കീഴിലാണെന്നതും ഇന്ത്യ ആഗോള തലത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയാകാന്‍ ഒരുങ്ങുന്നതും മികച്ചൊരു സാഹചര്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദങ്ങളിലേക്കാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

വര്‍ഷങ്ങളുടെ വളര്‍ച്ചയ്ക്ക് തുടക്കമാകും

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന വളര്‍ച്ചാ ചക്രത്തിലേക്കാവും ഇന്ത്യ കടക്കുക എന്നാണ് പ്രതീക്ഷ.  നയപരമായ നീക്കങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണമേകും. നിഷ്‌ക്രിയ ആസ്തികള്‍ അടക്കമുള്ളവയുടെ കാര്യത്തില്‍ ബാങ്കുകള്‍ ആരോഗ്യകരമായ നിലയിലാണെന്നതും മികച്ച ബാലന്‍സ് ഷീറ്റുകളുണ്ടെന്നതും ശക്തമായ വളര്‍ച്ചയ്ക്ക് പിന്തുണയേകും. ആഗോള തലത്തില്‍ അമേരിക്കയിലെ മൂലധന ചെലവു പദ്ധതികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ഭൗതീക, സാമൂഹ്യ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് അവിടെയുള്ളത്. 22 ട്രില്യണ്‍ ഡോളര്‍ ആസൂത്രിതമായി ചെലവഴിക്കുമെന്നു പ്രതീക്ഷിക്കുന്നത് ആഗോള തലത്തില്‍ വളര്‍ച്ചാ നിരക്കുകളെ മുകളിലേക്കുയര്‍ത്തും.

ക്രിപ്‌റ്റോ മേഖലയില്‍ മാറ്റങ്ങള്‍

നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടു പോകുന്ന ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യത്തിലുള്ള അപകട സാധ്യതകള്‍ ലോകത്തെങ്ങുമുള്ള കേന്ദ്രബാങ്കുകള്‍ കണക്കിലെടുക്കുന്നുണ്ട്. ഈ രംഗത്ത് നിയന്ത്രണങ്ങളും നികുതി ചുമത്തലും അടക്കമുള്ളവ ഉണ്ടായേക്കും.  വിവിധ കേന്ദ്ര ബാങ്കുകളുടെ പിന്തുണയോടെയുള്ള ഡിജിറ്റല്‍ കറന്‍സികളും 2022-ല്‍ അവതരിപ്പിച്ചേക്കും.  ഇത് ക്രിപ്‌റ്റോ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കാവും വഴി തുറക്കുക.

smiling-woman-happy-rain

സുസ്ഥിരതയ്ക്കും സാമൂഹ്യ പ്രതിബദ്ധതയ്ക്കും പ്രാധാന്യമേറും

സുസ്ഥിരത, കാലാവസ്ഥാ മാറ്റങ്ങള്‍ തുടങ്ങിയ പാരമ്പര്യേതര ഘടകങ്ങളില്‍ വന്നിട്ടുള്ള പുതിയ കാഴ്ചപ്പാടുകള്‍ നിക്ഷേപകരും പരിഗണിക്കേണ്ടതുണ്ട്.  ഇഎസ്ജി മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ക്കും ഉയര്‍ന്ന ഇഎസ്ജി സ്‌കോര്‍ ഉള്ള ഓഹരികള്‍ക്കും സ്വീകാര്യത വര്‍ധിച്ചു വരുമെന്നാണ് പ്രതീക്ഷ.  ഇവയെല്ലാം നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പരിഗണിക്കണം.

ഗുണമേന്‍മയുള്ള ഓഹരികളില്‍ നിക്ഷേപിക്കണം

നിക്ഷേപകന്‍ എന്ന നിലയില്‍ യഥാര്‍ത്ഥ ഗുണമേന്‍മയുള്ള ഓഹരികളില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. ഏതാനും വര്‍ഷങ്ങള്‍ നീളുന്ന വളര്‍ച്ചാ ചക്രം മനസിലുണ്ടാകണം. മുന്‍കാലങ്ങളിലെ അനുഭവം പരിഗണിക്കുമ്പോള്‍ അടിസ്ഥാന സൂചികകളില്‍ ഉണ്ടാകുന്ന 10-12 ശതമാനം തിരുത്തല്‍ വാങ്ങലിനുള്ള മികച്ച അവസരവും 12-24 മാസങ്ങളില്‍ മികച്ച നേട്ടത്തിനുള്ള സാധ്യതയും ആയി കാണണം. ഇതേ സമയം സ്‌മോള്‍ കാപ് മേഖല, പ്രത്യേകിച്ച് പെന്നി ഓഹരികള്‍, ഒഴിവാക്കുകയും ഊഹക്കച്ചവടത്തില്‍ നിന്നു മാറി നില്‍ക്കുകയും വേണം.  കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി സ്‌മോള്‍ കാപ് മുന്നേറ്റം 20-22 മാസങ്ങളിലേറെ നീണ്ടു നിന്നിട്ടില്ലെന്നും അതിനു തുടര്‍ച്ചയായി തിരുത്തല്‍ ഉണ്ടായി എന്നും ഓര്‍മിക്കണം.  

റിയല്‍ എസ്‌റ്റേറ്റ്, ബില്‍ഡിങ് മെറ്റീരിയല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ പോലുള്ള കോര്‍പറേറ്റ് മേഖലാ ബാങ്കുകള്‍, ഐടി സേവനങ്ങള്‍, കണ്‍സ്യൂമര്‍ എഞ്ചിനീയറിങ് മേഖലയിലെ തെരഞ്ഞെടുത്ത ഓഹരികള്‍  തുടങ്ങിയവയാണ് വിവിധ മേഖലകള്‍ പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം കൊടുക്കാനാവുക. ഇതേ സമയം ലോഹം, രാസവസ്തുക്കള്‍, ഊര്‍ജ്ജം പോലുള്ള ആഗോള കമ്മോഡിറ്റികള്‍, സ്‌മോള്‍ കാപ് തുടങ്ങിയവ 2022-ല്‍ താഴ്ന്ന പ്രകടനമായേക്കും കാഴ്ച വെക്കുക.  

ലേഖകൻ ഷെയര്‍ഖാന്‍ ബൈ പാരിബായുടെ കാപിറ്റല്‍ മാര്‍ക്കറ്റ് സ്ട്രാറ്റജി മേധാവിയാണ്

English Summary : What Should be Your Investment Strategy in 2022

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com