ADVERTISEMENT

കഴിഞ്ഞ ഒന്നു രണ്ടു വർഷമായി നമ്മളിൽ പലർക്കും വൻ സാമ്പത്തിക പ്രതിസന്ധികളെ നേരിടേണ്ടി വന്നു. അന്നന്നു കഴിഞ്ഞു പോകാൻ നെട്ടോട്ടമോടുന്നതിനിടയിൽ നിക്ഷേപം നടത്താൻ പറ്റിയില്ലെന്നു മാത്രമല്ല ഉള്ള നിക്ഷേപം കൂടി എടുത്ത് ചെലവഴിക്കേണ്ട സാഹചര്യവും ഉണ്ടായി. നമുക്ക് സംഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ ഈ വർഷമെങ്കിലും മറികടക്കേണ്ടേ?

സാമ്പത്തികമായി അല്പമെങ്കിലും കരുതൽ ഉള്ളവർ പ്രതിസന്ധിയിൽ പിടിച്ചു നിന്നതും നാം കണ്ടു. നാളെ ഇന്നത്തേതിലും കൂടുതൽ കിട്ടും എന്നു കരുതി കിട്ടുന്നതു മുഴുവൻ ധൂർത്തടിക്കരുത് എന്നതാണ് കോവിഡ് കാലം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന്. അനാവശ്യ ചെലവുകൾ ഒഴിവാക്കി വരുമാനത്തിലെ നിശ്ചിത ശതമാനം തുക ഭാവിയിലെ സാമ്പത്തിക അഭിവൃദ്ധിക്കായി മാറ്റിവയ്ക്കുമെന്ന് ഈ പുതുവർഷത്തിൽ പ്രതിജ്ഞയെടുക്കാം.

സാമ്പത്തിക ലക്ഷ്യങ്ങൾ തിട്ടപ്പെടുത്തുക

ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും നേടിയിരിക്കേണ്ട  സാമ്പത്തിക ലക്ഷ്യങ്ങൾ മുൻഗണനാക്രമം അനുസരിച്ച് പട്ടികപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇത്തരത്തിലെ നാലോ അഞ്ചോ ലക്ഷ്യങ്ങൾ ഭംഗിയായി എഴുതി എല്ലാ ദിവസവും കാണുന്ന വിധത്തിൽ ക്രമീകരിക്കുക. തുടർന്ന് അതിനനുസരിച്ചുള്ള ഹ്രസ്വകാല / ദീർഘകാല നിക്ഷേപ രീതികൾ അവലംബിക്കുക.

നിക്ഷേപം എത്ര?

നമ്മുടെ വരുമാനത്തിൽ നിന്ന് ചെലവു കഴിഞ്ഞ് മിച്ചം വരുന്ന തുക നിക്ഷേപിക്കാം എന്ന് ഒരിക്കലും വിചാരിക്കരുത്. കാരണം നമ്മുടെ ചെലവുകൾക്ക് കൈയും കണക്കും ഉണ്ടാകണമെന്നില്ല. മറിച്ച് വരുമാനത്തിൽ നിന്നുള്ള ഒരു നിശ്ചിത ശതമാനം നിക്ഷേപത്തിനായി ആദ്യമേ  മാറ്റിവയ്ക്കുക. വരുമാനത്തിന്റെ 30% തുകയെങ്കിലും ഇതിനായി നീക്കിവയ്ക്കുന്നത് അഭികാമ്യമാണ്.

നിക്ഷേപം എവിടെ ?

നിക്ഷേപത്തിൽ നിന്നുള്ള വരുമാനം പണപ്പെരുപ്പ നിരക്കിനെ മറികടക്കുന്നതായിരിക്കണം എന്നതാണ് പൊതുവായ തത്വം. നിലവിലെ 5-6 ശതമാനം പണപ്പെരുപ്പ നിരക്കിനെ വെല്ലുന്ന നിക്ഷേപമാർഗങ്ങൾ സ്വീകരിക്കണം.8-10ശതമാനം വരുമാനമെങ്കിലും ലഭിച്ചിരിക്കണം.

നിക്ഷേപ മാർഗങ്ങൾ:

പ്രായം, ലക്ഷ്യം, റിസ്ക് എടുക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ തന്ത്രങ്ങൾ സ്വീകരിക്കുക. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, കടപ്പത്രങ്ങൾ, ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ അസറ്റ് ക്ലാസുകളിലായി നിക്ഷേപം നടത്തുക. 

ഓഹരിയും മ്യൂച്വൽ ഫണ്ടും

ബാങ്ക് നിക്ഷേപങ്ങൾക്ക് സുരക്ഷയും ഉറപ്പായ വരുമാനവും ഉണ്ടെങ്കിലും നേട്ടം കുറവാണ്. രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ചുവടുവച്ച്  ഗുണഫലം അനുഭവിക്കാന്‍ പറ്റിയ നിക്ഷേപ മാർഗം ഓഹരിയും മ്യൂച്വൽ ഫണ്ടുമാണ്. ദീർഘ കാലത്ത് ഏറ്റവും കൂടുതൽ നേട്ടം നിക്ഷേപകന് ഉണ്ടാക്കിക്കൊടുത്തതും ഈ മേഖല തന്നെ. അല്പം റിസ്ക് ഉണ്ടെങ്കിലും10 - 12 ശതമാനം നേട്ടം വരുംകാലങ്ങളിലും പ്രതീക്ഷിക്കാം.

Happy

നേരത്തെ തുടങ്ങുക

എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കാൻ  കഴിയുന്നുവോ അത്രയും നല്ലത്. നാളെ, പിന്നെ എന്നീ വാക്കുകൾക്ക് നിക്ഷേപ നിഘണ്ടുവിൽ സ്ഥാനമില്ല. ദീർഘകാലത്തേക്ക് നിക്ഷേപം പ്ലാൻ ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. കോമ്പൗണ്ടിങ്ങിന്റെ അത്ഭുത ഫലം അനുഭവിക്കണമെങ്കിൽ ദീർഘകാല നിക്ഷേപം തന്നെ നടത്തണം. ഓഹരികളിലും മൂച്വൽ ഫണ്ടുകളിലും SIP(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) നിക്ഷേപം നടത്തി റുപ്പി കോസ്റ്റ് ആവറേജിന്റെ നേട്ടവും സ്വന്തമാക്കം.

പേടിയും അത്യാഗ്രഹവും ഒഴിവാക്കുക

ചിലർക്ക് ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻ ഭയമാണ്. ഇത് ഒഴിവാക്കിയേ പറ്റൂ. ഇതിനായി ഒരു നിക്ഷേപ വിദഗ്ധന്റ ഉപദേശം തേടുക. ഏതെങ്കിലും ഒരു നിക്ഷേപ മാർഗത്തിൽ നിന്ന് കൂടുതൽ നേട്ടം ഉണ്ടായെന്നു കരുതി നമ്മുടെ എല്ലാ സമ്പാദ്യവും അതിൽ മാത്രമായി നിക്ഷേപിക്കാതിരിക്കുക.

തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കുക

നിക്ഷേപ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. നിക്ഷേപിക്കുന്നതിനു മുമ്പ് കാര്യങ്ങൾ ശരിക്കും മനസ്സിലാക്കുക. അറിയാത്ത മേഖലകളിലെ നിക്ഷേപം ഒഴിവാക്കുകയാണ് നല്ലത്.

ആവേശം നിലനിർത്തുക

വർഷാരംഭത്തിൽ കാണിക്കുന്ന ആവേശം തുടർന്നും നിലനിർത്തുക. സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ വായിച്ചും സാമ്പത്തിക വിദഗ്ധരുമായി സംവദിച്ചും സാമ്പത്തിക സാക്ഷരത കൈവരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അശ്രാന്തമായി പ്രയത്നിക്കുക. സാമ്പത്തിക സ്വാതന്ത്യത്തിലേക്ക് ഇന്നേ ചുവടുവയ്ചു തുടങ്ങുക.

Engilsh Summary: Start Your Financial Planning Today Itself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com