അടുത്ത പാട്ടുമത്സരം വരെ കാക്കല്ലേ, ആദായ നികുതി ആസൂത്രണം ഇപ്പോൾ തുടങ്ങാം

HIGHLIGHTS
  • അടുത്ത വർഷത്തെ ഇളവിനായുള്ള നടപടി മാര്‍ച്ച് 31നകം തീർക്കണം
tax-percetage
SHARE

അപ്പോള്‍ ശരി. ഇനി കാവിലെ പാട്ടുമത്സരത്തില്‍ കാണാം, സുഹൃത്ത് എനിക്ക് ട്രോള്‍ മെസേജ് അയച്ചു. പുതിയ പോര്‍ട്ടല്‍ വന്നശേഷമുള്ള ആദ്യത്തെ ആദായനികുതി സമര്‍പ്പണം ഓണ്‍ലൈനില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ നന്ദിപ്രകടനം. 

‘അപ്പോള്‍ ഇനി എന്താ പരിപാടി?’ ഞാന്‍ ചോദിച്ചു. ‘പ്രത്യേകിച്ച് ഒന്നുമില്ല. ജൂലൈയില്‍ വീണ്ടും വിളിക്കാം. അന്നാണല്ലോ അടുത്ത സമര്‍പ്പണം. സംശയം പലതും കാണും.’ സുഹൃത്തിന്റെ മറുപടി മെസേജ്. 

ഞാന്‍ ഫോണെടുത്ത് വിളിച്ചു. അൽപം തിരക്കിലാ, പിന്നെ വിളിച്ചാ മതിയോ എന്നായി സുഹൃത്ത്. റിട്ടേണ്‍ സമര്‍പ്പണത്തിന് സര്‍ക്കസ് കളിച്ചിരുന്ന കഴിഞ്ഞ ആഴ്ച എന്തൊരു ആവേശമായിരുന്നു. ഓരോ കിഴിവിന്റെ കാര്യം പറയുമ്പോഴും അതിനൊന്നും പുള്ളിക്ക് അര്‍ഹതയില്ല. ടാക്‌സ് സേവര്‍ നിക്ഷേപം ഒന്നുപോലുമില്ല. മെഡിക്ലെയിമിന് കിഴിവിനെക്കുറിച്ച് കേട്ടിട്ടേയില്ല. 80 സിക്ക് പുറത്തുള്ള എന്‍പിഎസിനെക്കുറിച്ചും പിടിത്തമില്ല. എല്ലാം അറിഞ്ഞപ്പോള്‍ കരച്ചിലായി, പ്രതിജ്ഞ എടുക്കലായി. എല്ലാം ഇനി മുന്‍കൂട്ടി പ്ലാന്‍ ചെയ്യും. ലഭ്യമായ ഒരു അവസരം പോലും പാഴാക്കില്ല. മലപ്പുറം കത്തി, പിച്ചാത്തിപ്പിടി. ഞാന്‍ സുഹൃത്തിനെ നന്നായി വഴക്കുപറഞ്ഞു. അയാള്‍ അൽപമൊന്നു തണുത്തു, ഇനിയും സമയമുണ്ടല്ലോ എന്നായി.

ഇനി സമയമില്ല

2021-’22 ലേക്ക് നികുതിയിളവിനായി വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്പോഴേ തുടങ്ങണം. മാര്‍ച്ച് 31 ന് മുൻപു ചെയ്തു തീർക്കണം. ഞാന്‍ പറഞ്ഞു. 

ഓ, അടുത്ത വര്‍ഷമല്ലേ. അപ്പോള്‍ ചെയ്യാം എന്നായി സുഹൃത്ത്. അടുത്ത വര്‍ഷം എന്നത് ശരി. പക്ഷേ, ഡെഡ്‌ലൈന്‍ തീരാന്‍ മൂന്നു മാസമേ മുന്നിലുള്ളൂ.ആദായനികുതിദായകരുടെ പൊതുവേയുള്ള മനോഭാവമാണ് ഇത്. എല്ലാം അവസാനത്തേക്കു വയ്ക്കും. അവസാനം ടാക്‌സ് സേവിങ്ങിനായി വാരിവലിച്ച് നിക്ഷേപിക്കും. പലതും ഉപകാരത്തിന് പകരം ഉപദ്രവമാകും ചെയ്യുക. ഞാന്‍ പറഞ്ഞു.

നിക്ഷേപപ്ലാൻ

ഉപദ്രവമോ! സുഹൃത്ത് അദ്ഭുതപ്പെട്ടു. അതേ, കൃത്യമായി പ്ലാനിങ്ങും ഗൃഹപാഠവും ചെയ്യാതെ നിക്ഷേപിച്ചാൽ സ്ലാബ് ഉയരും, നികുതി കൂടും ‘മനസ്സിലായില്ല,’ സുഹൃത്ത് നെറ്റി ചുളിച്ചു. ഉദാഹരണത്തിന്, പണം ബാങ്കില്‍ സ്ഥിരനിക്ഷേപം ഇട്ടാല്‍ പലിശ കിട്ടും. പക്ഷേ, ഈ പലിശ വരുമാനമാണ്. നികുതി വരും. പലരും വരുമാനം കണക്കാക്കുമ്പോള്‍ ഇതേക്കുറിച്ച് ഓർക്കില്ല. 4.99 ലക്ഷം രൂപ മൊത്തവരുമാനമുള്ളയാള്‍ക്ക് 1,500 രൂപ പലിശ വരുമാനം വന്നാല്‍ മൊത്തവരുമാനം അഞ്ചു ലക്ഷം കടക്കും. അപ്പോള്‍ 2.5 ലക്ഷം മുതല്‍ നികുതി നല്‍കണം. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇപ്പോഴേ മൊത്തവരുമാനവും നികുതിബാധ്യതയും കണക്കാക്കി ആസൂത്രണം ചെയ്യണം. ഏതൊക്കെ ഇളവ് ബാക്കിയുണ്ട്, ഏതിലൊക്കെ നിക്ഷേപിക്കണം, നികുതിയിളവുള്ള ഏതൊക്കെ ചെലവിനും ബാക്കിയുണ്ട് എന്നെല്ലാം കണക്കാക്കണം. അതിനനുസരിച്ച് അടുത്ത മൂന്നു മാസത്തേക്കു നിക്ഷേപപ്ലാൻ തയാറാക്കണം. എങ്കില്‍ എല്ലാ നികുതിയിളവുകളും സ്വന്തമാക്കാം. 

അപ്പോള്‍ സുഹൃത്തിന്റെ ചോദ്യം, റിട്ടേണ്‍ ഫയലിങ് തീയതി നീട്ടിയതുപോലെ ഇതും നീട്ടുമോ. അതോ മാര്‍ച്ച് 31 ന് തന്നെ അവസാനിക്കുമോ? ഞാന്‍ മറുപടിയൊന്നും പറയാതെ ഫോണ്‍ എടുത്ത് മാറ്റിവച്ചു.  

ലേഖകൻ പെഴ്സണൽ ഫിനാൻസ് വിദഗ്ധനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയുമാണ്. ഇമെയിൽ jayakumarkk8@gmail.com

English Summary :Plan Your Income Tax before March 31st

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA