മെഡിക്ലെയിം പോളിസി നൽകും 1.5 ലക്ഷം രൂപ ആദായ നികുതി ഇളവ്
.jpg?w=1120&h=583)
Mail This Article
അവസാന നിമിഷം ആദായ നികുതി ലാഭിക്കാനുള്ള ഏറ്റവും എളുപ്പവഴി കുറച്ചു പണം ചിലവഴിച്ച് അധിക ആനുകൂല്യം നേടുക എന്നതാണ്. 80 സി മുഴുവന്‍ ഉപയോഗിച്ചവര്ക്ക്് നിക്ഷേപത്തിലൂടെ അധിക ആനൂകൂല്യം നേടാനുള്ള ഏക വഴി എന്‍.പി.എസില്‍ തുകയടച്ച് ചേര്‍ന്നശേഷം അധികമായി അടയ്ക്കുന്ന 50,000 രൂപയുടെ കിഴിവ് നേടുകയാണ്. അതോടെ നിക്ഷേപത്തിനുള്ള ആനൂകൂല്യം അവിടെ അവസാനിക്കും. നികുതി ആനുകൂല്യം നേടാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ ഏറ്റവും മികച്ച അവസരം മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുക എന്നതാണ്.
നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ക്കും മെഡിക്ലെയിം ഇന്‍ഷുറന്‍സ് കവറേജ് നേടിയെടുക്കാനുള്ള ഈ സാമ്പത്തിക വര്‍ഷത്തെ അവസാന അവസരമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തുക.
ഇതിനോടകം ചേര്‍ന്നിട്ടുള്ളവര്‍ക്ക് പോളിസി കവറേജ് തുക വര്‍ധിപ്പിച്ചും അധിക ആദായ നികുതി ആനുകൂല്യം നേടാം.
മെഡിക്ലെയിം പോളിസി പ്രീമിയത്തിനുള്ള നികുതി ഇളവ്
നിങ്ങളുടെ പേരില്‍ എടുക്കുന്ന മെഡിക്ലെയിം പോളിസിക്കും നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ എടുക്കുന്ന പോളിസിക്കുമുള്ള പ്രീമിയം അടവിന് ആദായ നികുതി ഇളവ് ലഭിക്കും.
ആദ്യം സ്വന്തം പേരില്‍ എടുക്കുന്ന പോളിസി പ്രീമിയത്തില്‍ എത്രമാത്രം നികുതി ഇളവ് ലഭിക്കുമെന്ന് നോക്കാം. നിങ്ങള്‍ 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തിയാണ് എങ്കില്‍ നിങ്ങളെയും ഭാര്യയേയും കുട്ടികളെയും ഉള്‍പ്പെടുത്തി എടുക്കുന്ന പോളിസിയില്‍ 25000 രൂപവരെയുള്ള പ്രീമിയം അടവിന് സമ്പൂര്‍ണ ആദായ നികുതി ഇളവ് ഉണ്ട്. ഇത്രയും തുക വരുമാനത്തില്‍ നിന്ന് സെക്ഷന്‍ 80 ഡി പ്രകാരം കുറയ്ക്കാം. നിങ്ങളുടെ മാതാപിതാക്കളുടെ പ്രായം 60 ല്‍ താഴെ ആണെങ്കില്‍ അവരുടെ പേരില്‍ എടുക്കുന്ന പോളിസി പ്രീമിയത്തില്‍ 25000 രൂപയുടെ കിഴിവ് ലഭിക്കും. അങ്ങനെ മൊത്തം 50,000 രൂപയുടെ കിഴിവ് ലഭിക്കും.
ഇനി നിങ്ങള്‍ 60 വയസിന് മുകളില്‍ പ്രായമുള്ള ആളാണ് എങ്കില്‍ നിങ്ങളുടെ പേരില്‍ എടുക്കുന്ന പോളിസി പ്രിമിയത്തില്‍ 50,000 രൂപവരെയുള്ള പ്രീമിയം അടവില്‍ ആദായ നികുതി ഇളവ് ലഭിക്കും. 60 വയസിന് മേല്‍ പ്രായമുള്ള നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ മെഡിക്ലെയിം എടുത്താല്‍ 50,000 രൂപവരെ പ്രീമിയം അടവില്‍ നികുതി കിഴിവ് ലഭിക്കും. അങ്ങനെ ഈ ഇനത്തില്‍ ഒരു ലക്ഷം രൂപവരെ ആദായ നികുതി ഇളവ് ലഭിക്കും.
പ്രതിവര്‍ഷം മെഡിക്കല്‍ ചെക്അപ്പിനായി മുടക്കുന്ന 5000 രൂപവരെയുള്ള തുകയ്ക്കും ഇളവ് ലഭിക്കും. എന്നാല്‍ അത് മെഡിക്ലെയിം പോളിസി കിഴിവിന്റൈ പരിധിക്കുള്ളിലേ ലഭിക്കൂ. അതായത് മെഡിക്ലെയിം പോളിസി പ്രീമിയം കിഴിവായി 25000 രൂപയോ 50,000 രൂപയോ വിനിയോഗിച്ചിട്ടുണ്ട് എങ്കില്‍ മെഡിക്കല്‍ ചെക്കപ്പിനായി മുടക്കിയ തുകയ്ക്കുള്ള കിഴിവ് ലഭിക്കില്ല.
(പെഴ്സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല് jayakumarkk8@gmail.com)
English Summary : The Income Tax Benefits of Mediclaim Policy