ജാഗ്രത! പലിശഭാരം ഇനിയും കൂടിയേക്കും

HIGHLIGHTS
  • അടുത്തമാസവും ഓഗസ്റ്റിലുമൊക്കെ പലിശ നിരക്ക് ഉയർത്തിയേക്കാം
interest1
SHARE

നാണ്യപ്പെരുപ്പം ഏറുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ അടുത്തമാസവും ഓഗസ്റ്റിലുമുള്ള പണനയസമിതി യോഗങ്ങളിൽ (എംപിസി) അടിസ്ഥാന പലിശനിരക്കുകൾ വീണ്ടും കൂട്ടിയേക്കും. അടുത്തമാസം 0.35– 0.4% വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ. ഈ മാസം ആദ്യം പലിശനിരക്ക് 0.4% കൂട്ടിയത് സാധാരണക്കാർക്ക് തിരിച്ചടിയായിരുന്നു. ഇനിയും കൂട്ടിയാൽ ഭവന, വാഹന വായ്പകളുടെ പലിശ വീണ്ടും ഉയരും. 

കോവിഡിനു മുൻപുള്ള നിരക്ക്

പരിധിവിട്ടു കുതിക്കുന്ന നാണ്യപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുകെട്ടാൻ ജൂണിൽ വീണ്ടും റിസർവ് ബാങ്ക് പലിശനിരക്ക് (റീപ്പോ) വർധിപ്പിച്ചേക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഇതിലൂടെ വീണ്ടും വർധിക്കുമെന്നത് ജനങ്ങൾക്ക് തിരിച്ചടിയാകും. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ഈ മാസം ആദ്യം അടിയന്തര പണനയസമിതി യോഗം വിളിച്ച് 0.4 ശതമാനം വർധിപ്പിച്ചത്. 4.4 ശതമാനമെന്നത് ജൂണിലെയും ഓഗസ്റ്റിലെയും എംപിസി യോഗങ്ങൾക്കു ശേഷം കോവിഡിനു മുൻപുള്ള 5.51% എന്ന നിരക്കിലേക്ക് പോയേക്കാമെന്നാണ് വിലയിരുത്തൽ.

ഏപ്രിലിലെ നാണ്യപ്പെരുപ്പ് നിരക്ക് ഉയർന്ന തോതിലായിരിക്കുമെന്ന സൂചനയും ഇക്കഴിഞ്ഞ എംപിസി യോഗത്തിനു ശേഷം ആർബിഐ നൽ‌കിയിരുന്നു.

നാണ്യപ്പെരുപ്പം ഉയർന്നുനിൽക്കുന്ന സമയത്ത‌ാണ് റീപ്പോ നിരക്ക് ഉയർത്താറുള്ളത്. റീപ്പോ ഉയർത്തുമ്പോൾ ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് പണമെടുക്കാൻ കൂടുതൽ പലിശ നൽകണം. ഇതുവഴി ബാങ്കുകൾക്ക് ചെലവ് കൂടുമെന്നതിനാൽ ആർബിഐയിൽ നിന്ന് പണം വാങ്ങുന്നത് കുറയും. ഇത് വിപണിയിലെ(ജനങ്ങളുടെ കയ്യിൽ) പണലഭ്യത കുറയ്ക്കുകയും നാണ്യപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും.

കരുതൽ ധന അനുപാതം

2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് ഈ മാസം പലിശനിരക്ക് വർ‌ധിപ്പിച്ചത്. ഇതിനു പുറമേ ബാങ്കുകളുടെ പണലഭ്യത (ലിക്വിഡിറ്റി) കുറയ്ക്കാനായി കരുതൽ ധന അനുപാതം (സിആർആർ) 0.5% വർധിപ്പിച്ച് 4.5 ശതമാനമാക്കിയിരുന്നു. 

ബാങ്കുകൾ നിക്ഷേപമായി സ്വീകരിക്കുന്ന തുകയിൽനിന്നു റിസർവ് ബാങ്കിലേക്കു മാറ്റിവയ്ക്കേണ്ട കരുതൽധനത്തിന്റെ തോത് ആണിത്. സിആർആർ ഉയരുമ്പോൾ  വായ്പ നൽകാൻ ബാങ്കുകളുടെ കൈവശമുള്ള പണത്തിന്റെ അളവ് അത്രത്തോളം കുറയും. കോവിഡ് പശ്ചാത്തലത്തിൽ വിപണിയിലെ പണലഭ്യത ഉറപ്പാക്കാനാണ് 5.5 ശതമാനമായിരുന്ന റീപ്പോ നിരക്ക് 2020 മാർച്ചിൽ 4.4 ശതമാനമായും മേയിൽ ഇത് 4 ശതമാനമായും കുറച്ചത്. അതിനു ശേഷമുള്ള 11 എംപിസി യോഗങ്ങളിലും നിരക്ക് 4 ശതമാനമായി തന്നെ തുടർന്നു. 

വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറയ്ക്കണമെന്ന നിർദേശം സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയാതെ വന്നപ്പോഴാണ് റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടിയതെന്നു റിപ്പോർട്ടുണ്ടായിരുന്നു.

English Summary : Interest ratesMay Go Up Again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS