ADVERTISEMENT

സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ജീവിതം വ്യത്യസ്തമാക്കണോ അതിന് വ്യത്യസ്തമായ മാർഗങ്ങളിലൂടെ സഞ്ചരിക്കണമെന്നാണ് 'ഫിനാൻഷ്യൽ ഫ്രീഡം' എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവായ ഗ്രാൻറ് സബാറ്റിയർ പറയുന്നത്. 

നിങ്ങൾ മിച്ചം വയ്ക്കുന്ന ഓരോ രൂപയും ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. നിങ്ങൾ എത്രത്തോളം മിച്ചം വയ്ക്കുകയും നിക്ഷേപിക്കുകയും ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ എത്രത്തോളം സാമ്പത്തിക സ്വാതന്ത്ര്യം നേടി എന്നു പറയാനാകുമെന്നാണ് സബാറ്റിയർ സ്വാനുഭവത്തിലൂടെ പറയുന്നത്. 

കൃത്യമായ പ്ലാനിങിലൂടെ  നാൽപതു വയസ് തികയും മുമ്പ് തന്നെ കോടികൾ സമ്പാദിച്ച് ആഗ്രഹിച്ച വിധം സാമ്പത്തിക സ്വാതന്ത്ര്യം നേടിയ വ്യക്തിയാണ് സബാറ്റിയർ.

ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാമ്പത്തിക ശീലങ്ങളിൽ മാറ്റം വരുത്തണം. പണത്തെ കുറിച്ച് പൊതു ധാരണ വേണം. 

സബാറ്റിയറിന്റെ അഭിപ്രായത്തിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഏഴു തലങ്ങളുണ്ട്. ഇവ പരിശോധിച്ചാൽ അറിയാം നിങ്ങൾ ഓരോരുത്തരും ഏതു തലത്തിലാണ് നിൽക്കുന്നത് എന്ന്. സബാറ്റിയറിന്റെ അഭിപ്രായം 50% അമേരിക്കക്കാരും ഇതിൽ രണ്ടാമത്തെ തലത്തിലാണെന്നാണ്. 

നാം ഏതു തലത്തിലാണെന്ന് ഒന്നു പരിശോധിക്കാം.

ലെവൽ 1. വ്യക്തത

സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കൃത്യവും വ്യക്തവുമായ ഒരു ചിത്രം മനസിലുണ്ടാകും. ഇപ്പോൾ എത്ര പണം കൈവശമുണ്ട് ? എത്ര കിട്ടാനുണ്ട് ? എത്ര നിക്ഷേപമുണ്ട്? എത്ര കടമുണ്ട് ? ഇനി എത്ര കിട്ടിയാൽ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ പറ്റും? എന്തെല്ലാമാണ് സാമ്പത്തിക ലക്ഷ്യങ്ങൾ? തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം നല്ല ബോധ്യമുണ്ടാകും. നിങ്ങൾ എവിടെ നിന്നാണ് തുടങ്ങുന്നത് എന്നറിയാതെ പോകാൻ ആഗ്രഹിക്കുന്നിടത്ത് എത്താൻ കഴിയില്ല.

ലെവൽ 2. സ്വയം പര്യാപ്തത

ബാഹ്യസഹായമില്ലാതെ സ്വന്തം സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന വരുമാനം ഉണ്ടാകും. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നുണ്ടാകും. പാരമ്പര്യമായി കിട്ടിയത് ഉപയോഗിക്കാതെ സ്വന്തം ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്തും.

ലെവൽ 3. ആശ്വാസം

ജീവിതച്ചെലവുകൾ നടത്തി കഴിഞ്ഞ് പണം മിച്ചം വയ്ക്കുവാൻ പറ്റുന്ന അവസ്ഥ ഉണ്ടാകുന്നു. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാകും. റിട്ടയർമെന്റ് കാലം ആനന്ദകരമാക്കാൻ അതിലേക്കും നിക്ഷേപിക്കുന്നുണ്ടാകും.

ലെവൽ 4. സ്ഥിരത

ക്രെഡിറ്റ് കാർഡ് പോലുള്ള ഉയർന്ന പലിശയുള്ള കടങ്ങൾ ഉള്ളവർ അടച്ചു വീട്ടും. അടുത്ത ആറ് മാസത്തേക്കുള്ള ജീവിത ചെലവുകൾ നടത്തുന്നതിനുള്ള ഫണ്ട് എമർജൻസി അക്കൗണ്ടിലുണ്ടാകും. അത്യാവശ്യം വന്നാൽ ചെലവാക്കാനുള്ള പണവും അക്കൗണ്ടിലുണ്ടാകും. ജോലി നഷ്ടപ്പെട്ടാലും ആശ്വാസത്തോടെ പുതിയ ജോലി അന്വേഷിച്ച് കണ്ടെത്താൻ പറ്റുന്നു. ഈ സാഹചര്യത്തിൽ ജിം, ഫിറ്റ്നസ്, ബ്യൂട്ടിപാർലർ, സബ്സ്ക്രിപ്ഷനുകൾ തുടങ്ങി വലിയ അത്യാവശ്യമില്ലാത്ത ചെലവുകൾ വെട്ടിച്ചുരുക്കി  മിച്ചം വയ്ക്കുന്നത് കൂട്ടും.

ലെവൽ 5. ഫ്ലെക്സിബിലിറ്റി

കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജീവിക്കാനുള്ള ചെലവുകൾ മാറ്റി വച്ച്  സമ്പത്ത് വർധിപ്പിക്കാനുള്ള വഴികൾ തേടി പിടിക്കുന്നു. 

ലെവൽ 6. സാമ്പത്തിക സ്വാതന്ത്ര്യം

നിക്ഷേപത്തിൽ നിന്നോ മറ്റ് സമ്പാദ്യങ്ങളിൽ നിന്നോ ഉള്ള വരുമാനം കൊണ്ട്  ജീവിക്കാൻ പറ്റുന്ന അവസ്ഥയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നാണ് സബാറ്റിയറുടെ അഭിപ്രായം . ഈ നിലയിലെത്തണമെങ്കിൽ വരുമാനത്തിന്റെ നല്ലൊരു പങ്കും മികച്ച നേട്ടം നൽകുന്ന മാർഗങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടാകണം. 

ഈ ലെവലിൽ ഉള്ളവർ ജാഗരൂകരാകണം. പോർട്ട്ഫോളിയോ ലക്ഷ്യമിട്ട നേട്ടം തരുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. ഇല്ലെങ്കിൽ കുടുതൽ നേട്ടം കിട്ടുന്നതിലേക്ക് മാറണം. നിക്ഷേപ സുരക്ഷിതത്വത്തിലും ശ്രദ്ധ വേണം.

ലെവൽ 7. സമൃദ്ധമായ സമ്പത്ത്

എക്കാലത്തേക്കും ആവശ്യമായതിൽ കൂടുതൽ പണം വന്നു ചേരുമ്പോഴാണ് സമൃദ്ധിയുണ്ടാകുന്നത്. സമൃദ്ധമായ സമ്പത്ത് നേടിയവർ ഒരിക്കലും അത് ഒറ്റയടിക്കു തീർക്കുന്നില്ല. 4 % എന്ന നിയമം അവർ പാലിക്കുന്നു. അതായത് മൊത്ത നേട്ടത്തിൽ നിന്ന് അതാത് മാസം 4% മോ അതിൽ കുറവോ പിൻവലിച്ച് അതുകൊണ്ട് ജീവിക്കുന്നു. ബാക്കിയുള്ളത് തുടർച്ചയായി വർധിക്കാൻ അവസരം നൽകുന്നു.

English Summary : How to Gain Financial Freedom in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com