ADVERTISEMENT

മലയാളികൾക്ക് നിക്ഷേപകാര്യങ്ങളിൽ റിസ്കെടുക്കാൻ മടിയാണ്, ചിട്ടിയും ബാങ്ക് നിക്ഷേപവുമാണ് അവരുടെ പ്രിയപ്പെട്ട നിക്ഷേപ മേഖലകൾ എന്നെല്ലാം പൊതുവേ പറയാറുണ്ട്. എന്നാൽ മറ്റെല്ലാ നിക്ഷേപ മേഖലകൾക്കുമൊപ്പം ക്രിപ്റ്റോ കറൻസികൾ ആഗോള തലത്തിൽ വിലയിടിവ് നേരിടുമ്പോഴും മലയാളികൾക്ക് ക്രിപ്റ്റോ കറൻസിയോടുള്ള പ്രിയം കുറയുന്നില്ല. ചെറുപ്പക്കാരും 50 വയസിനു മുകളിലുള്ളവരും ഇവിടെ ക്രിപ്റ്റോ ട്രേഡിങിൽ വളരെ സജീവമാണെന്ന് ഇന്ത്യയിലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ മുൻനിരയിലുള്ള ജിയോറ്റസ് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വിക്രം സുബ്ബുരാജ് പറയുന്നു. കോളേജ് അധ്യാപകരുൾപ്പടെയുള്ള ഈ ഇടപാടുകാർ വളരെ കൃത്യമായി ക്രിപ്റ്റോകളെക്കുറിച്ച് മനസിലാക്കിയ ശേഷം ഇതിൽ ഇടപാടു നടത്തുന്നതിനാൽ നഷ്ടം നേരിടേണ്ടി വരുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ക്രിപ്്റ്റോ സംവിധാനത്തിൽ റിസ്ക് പരമാവധി കുറയ്ക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. അതുകൊണ്ടുതന്നെ സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും എല്ലാത്തരത്തിലുമുള്ള നിയന്ത്രണങ്ങളെയും സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു

ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൂടെ ഇടപാടു നടത്തുന്നവർ ഇതിനായി കെവൈസി നൽകേണ്ടതുണ്ട്. ഒപ്പം ബാങ്ക് വിവരങ്ങളും നൽകണം. ഇതോടെ ഇടപാടുകൾ പൂർണമായും സുതാര്യമാകുമല്ലോ. അതിനു പകരം നിയന്ത്രണമാണ് കൊണ്ടു വരുന്നതെങ്കിൽ എക്സ്ചേഞ്ചിനു പുറത്ത് വ്യാജ ഇടപാടുകൾ പെരുകുകയാകും ഫലം. 10 വർഷം മുമ്പാണ് ക്രിപ്റ്റോകറൻസി സംവിധാനം തുടങ്ങിയത്. അതിന്റെ ബാലാരിഷ്ടതകൾ മാറുന്നതോടെ മറ്റെല്ലാ നിക്ഷേപമേഖലകളെയും പോലെ ഇതും നിയന്ത്രണ വിധേയമായ നിക്ഷേപരംഗമായി മാറുമെന്ന് വിക്രം കൂട്ടിചേർത്തു.

BC1

ക്രിപ്റ്റോയിൽ നിക്ഷേപിക്കണോ?

ക്രിപ്റ്റോകറന്‍സിയിൽ നിക്ഷേപിക്കാനാഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് വളരെ റിസ്കുള്ള ഈ ആസ്തികളെ കുറിച്ച് സ്വയം മനസിലാക്കുകയാണ് വേണ്ടത്. പിന്നീട് ഏതെങ്കിലും എക്സ്ചേഞ്ച് തിരഞ്ഞെടുത്ത് കെവൈസി നൽകി ഇതിൽ ചേരാം. വിശ്വാസ്യതയില്ലാത്ത വില കുറഞ്ഞ ഏതെങ്കിലും ക്രിപ്റ്റോകളില്‍ നിക്ഷേപിക്കരുത്. ആദ്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന് നിലവിൽ ഒരെണ്ണത്തിന് 22 ലക്ഷം രൂപയിലേറെയാണ് വില. പക്ഷേ എത്ര കുറഞ്ഞ തുക വേണമെങ്കിലും അതിൽ നിക്ഷേപിക്കാനാകും. ഇതിനു പകരം അറിയാത്ത ഏതെങ്കിലും ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നത് അപകടമാണ്. എപ്പോഴും മികച്ചൊരു ക്രിപ്റ്റോയിലേ നിക്ഷേപമാരംഭിക്കാവു.

 അതുപോലെ തന്നെ ഏതെങ്കിലും ഏജന്റുമാർ വഴി നിക്ഷേപിക്കരുത്. അത്തരക്കാർ നിങ്ങളെ പറ്റിക്കും.  ഇടനിലക്കാർ ഉണ്ടെങ്കിൽ റിസ്ക് വളരെ കൂടുതലാണ്. കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കിങ് രീതിയിലുള്ള ഏജന്റുമാരാണ് ഈ രംഗത്തെ തട്ടിപ്പിന് പിന്നിലുണ്ടാകുക. എക്സ്ചേഞ്ചുകളുടെ സേവനമുപയോഗിക്കുകയാണ് എപ്പോഴും നല്ലത്.

വലിയൊരു തുക ആദ്യം തന്നെ ഇതിൽ നിക്ഷേപിക്കരുത്.  ഘട്ടംഘട്ടമായുള്ള നിക്ഷേപത്തിലൂടെ ഇവിടെ റിസ്ക് കുറയ്ക്കാം. നൂറ് രൂപ മുതൽ ക്രിപ്റ്റോയിൽ നിക്ഷേപിക്കാം. അതീവ റിസ്ക് നിറഞ്ഞ നിക്ഷേപമായതിനാൽ ഉടനെ ആവശ്യമുള്ള പണം ഒരിക്കലും ഇവിടെ നിക്ഷേപിക്കരുത്. നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ രണ്ടു ശതമാനം മാത്രമേ ക്രിപ്റ്റോയിൽ നിക്ഷേപിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആ തുക മൊത്തം ഒരു ക്രിപ്റ്റോ കറൻസിയിൽ തന്നെ നിക്ഷേപിക്കരുത്. കുറെശ്ശേ വീതം പല ക്രിപ്്റ്റോകളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് സാധ്യത വീണ്ടും കുറയ്ക്കാം. പത്തു രൂപ എന്ന താഴ്ന്ന നിലയില്‍ മുതല്‍ നിങ്ങള്‍ക്കു നിക്ഷേപിക്കാം

crypto

നിങ്ങള്‍ എന്തു ചെയ്യരുത്

∙പോണ്‍സി പദ്ധതികള്‍, എംഎല്‍എം എന്നിവയില്‍ വീഴരുത്. ക്രിപ്റ്റോ എന്നത് എംഎല്‍എം അല്ല.

∙തുടര്‍ച്ചയായി സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതികളില്‍ നിക്ഷേപിക്കരുത്. ആര്‍ക്കും അതുറപ്പാക്കാനാവില്ല.

∙എല്ലാ പണവും ക്രിപ്റ്റോയില്‍ നിക്ഷേപിക്കരുത്.

∙അടിയന്തരമായി ചെലവഴിക്കേണ്ട പണം ക്രിപ്റ്റോയില്‍ നിക്ഷേപിക്കരുത്.

∙കടം വാങ്ങി നിക്ഷേപിക്കരുത്.

ക്രിപ്റ്റോയിൽ എന്തു ചെയ്യണം?

∙ക്രിപ്റ്റോകളെ കുറിച്ച് സ്വയം വിവേകത്തോടെ മനസിലാക്കി മികച്ച എക്സ്ചേഞ്ചുകളിലൂടെ മാത്രം നിക്ഷേപിക്കുക.

∙എക്സ്ചേഞ്ചിന്‍റേയും അതിന്‍റെ പ്രൊമോട്ടര്‍മാരുടേയും ചരിത്രം, നിലവിലെ അവസ്ഥ, പ്രൊഫൈല്‍ എന്നിവ പരിശോധിക്കുക.

∙ആകെ നിക്ഷേപത്തിന്‍റെ 2 ശതമാനം വരെ മാത്രം ക്രിപ്റ്റോ ആസ്തികളില്‍ നിക്ഷേപിക്കുക.

∙മികച്ച അടിത്തറയുള്ള ബിറ്റ്കോയിന്‍, എതേറിയം പോലുള്ള ക്രിപ്റ്റോ ആസ്തികളില്‍ മാത്രം നിക്ഷേപിക്കുക. ആകെ നിക്ഷേപത്തിന്‍റെ 80 ശതമാനം നിക്ഷേപവും ഇത്തരം മുന്‍നിര കോയിനുകളിലായിരിക്കണം.

∙ ഒരു ഹ്രസ്വകാല നിക്ഷേപമായി കാണരുത്. ക്രിപ്റ്റോയെ ദീര്‍ഘകാല കാഴ്ചപ്പാടോടെ മാത്രമേ സമീപിക്കാവു.

∙അമിത ആഗ്രഹം വേണ്ട. ലാഭം അപ്പപ്പോൾ പിന്‍വലിക്കുക

English Summary : How to Invest in Cryptocurrencies Safely

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com