ADVERTISEMENT

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ തളർത്താൻ പുതിയ ഉപായവുമായി അമേരിക്ക എത്തുന്നു. റഷ്യക്കെതിരെ നിലവിലുള്ള ഉപരോധങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ റഷ്യൻ എണ്ണക്ക് വില നിയന്ത്രണം കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നത്. റഷ്യയുമായി വ്യാപാരം സുഗമമായി തുടരുന്ന ഇന്ത്യയും, ചൈനയും സഹായിച്ചെങ്കിലേ പുതിയ പദ്ധതി കൃത്യമായി പ്രാവർത്തികമാകുകയുള്ളൂ എന്ന നിഗമനത്തിലാണ് അമേരിക്ക.

വില പരിധി 

റഷ്യൻ എണ്ണ നിശ്ചിത വിലയ്ക്ക് മാത്രം വിൽക്കാൻ സാധിക്കുന്ന രീതിയിലുള്ള രാജ്യാന്തര തീരുമാനം സാമ്പത്തികമായി റഷ്യയെ തളർത്തുന്നതിനു വേണ്ടിയാണ്. റഷ്യൻ എണ്ണക്ക് വില പരിധി കൊണ്ടുവന്നില്ലെങ്കിൽ അത് ആഗോളതലത്തിൽ തന്നെ പണപ്പെരുപ്പം കൂട്ടും എന്ന് അമേരിക്കയും സഖ്യകക്ഷികളും ഭയപ്പെടുന്നുണ്ട്. യൂറോപ്പ് ഇപ്പോൾ തന്നെ റഷ്യൻ എണ്ണയുടെ ഉപഭോഗം കുറച്ചതു പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇനി റഷ്യൻ എണ്ണ പൂർണമായി വേണ്ടെന്ന് വെക്കുവാനുള്ള തീരുമാനത്തിലേക്കാണ് യൂറോപ്പ് പോകുന്നതെങ്കിൽ രാജ്യാന്തരതലത്തിൽ എണ്ണ വില കുതിച്ചുയരാനും ഇത് ഇടയാക്കും. ഇത് ഒഴിവാക്കാനായാണ് റഷ്യൻ എണ്ണക്ക് 'വില പരിധി' വേണമെന്ന സൂത്രവുമായി അമേരിക്ക ഇറങ്ങിയിരിക്കുന്നത്. 

ഭീഷണി 

'എണ്ണ വില പരിധി' അംഗീകരിച്ചില്ലെങ്കിൽ ഈ വർഷം അവസാനത്തോടെ റഷ്യൻ എണ്ണയ്ക്ക് 'കടൽ ഗതാഗതത്തിനു' (maritime transport) നൽകി വരുന്ന  ഇൻഷുറൻസും, ധനസഹായങ്ങളും നിർത്താനും യൂറോപ്പ് പദ്ധതിയിടുന്നുണ്ട്. എന്നാൽ റഷ്യ ഇതിനിടക്ക് കാര്യങ്ങൾ മണത്തറിഞ്ഞ് ഒരു പുതിയ 'എണ്ണ വിൽപ്പന സംവിധാനം' കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ എണ്ണ വില്പനയിലൂടെയുള്ള വരുമാനം സുസ്ഥിരമാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റഷ്യ.

ഇപ്പോൾ 100 ഡോളറിൽ നിൽക്കുന്ന എണ്ണ  വില അതേ നിലവാരത്തിൽ അല്ലെങ്കിൽ അതിനും താഴെ എത്തിക്കാനാണ് അമേരിക്കയുടെ  ശ്രമം. മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്ക് ലഭിക്കുന്ന പോലെ ഇപ്പോൾ റഷ്യക്ക് ഒരു ബാരലിന് 100 ഡോളർ വില ലഭിക്കുന്നില്ല. 75 ഡോളറായിരിക്കും റഷ്യക്ക് ഇപ്പോൾ ഒരു ബാരലിന് ലഭിക്കുന്നത് എന്നാണ് അനുമാനം. അത് വീണ്ടും കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. 40 മുതൽ 60 ഡോളർ വരെ മാത്രം റഷ്യൻ എണ്ണക്ക് ലഭിച്ചാൽ മതി എന്നാണ് അമേരിക്കൻ നിലപാട്.

ബാരലിന് 150 മുതൽ 200 ഡോളർ വരെ ഉയരാം

റഷ്യൻ എണ്ണയുടെ പൂർണ നിരോധനം ഉണ്ടായാൽ എണ്ണവില ഒരു ബാരലിന്  150 മുതൽ 200  ഡോളർ വരെ ഉയരാമെന്ന് ബാർക്ലയ്‌സ് മുന്നറിയിപ്പ് നൽകി. ചൈനയുടെയും, ഇന്ത്യയുടേയും സഹകരണം ഉണ്ടായാൽ മാത്രമേ റഷ്യൻ എണ്ണക്ക് 'വില പരിധി' കൊണ്ടുവരാനുള്ള അമേരിക്കൻ തീരുമാനം നടപ്പിലാകൂവെന്ന് കാലിഫോർണിയ സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധനായ ജെയിംസ് ഹാമിൽട്ടൺ പറയുന്നു. ലോകത്തിന് റഷ്യയിൽനിന്നും എണ്ണ വേണം, എന്നാൽ അതിന് കുറഞ്ഞ വിലയേ നൽകുകയുള്ളൂ എന്ന അമേരിക്കൻ കുതന്ത്രം നടപ്പിലാകുമോയെന്ന് കാത്തിരുന്നു കാണാം.

English Summary : U S may put a Cap to Russian Oil Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com