എന്താണ് ജിഎസ്ടിആർ 4, എന്താണ് ജിഎസ്ടിആർ 9?

income-tax
SHARE

എന്താണ് ജിഎസ്ടിആർ 4, എന്താണ് ജിഎസ്ടിആർ 9? ഇതു രണ്ടും ഒരേ ഗണത്തിൽപെടുന്ന റിട്ടേണുകൾ ആണോ? കച്ചവടക്കാരുടെ തുടർച്ചയായുള്ള സംശയമാണിത്. റിട്ടേ‍ൺ സമർപ്പിക്കേണ്ടതിന്റെ അവസാന സമയം അടുത്തു വരുന്നതിനാൽ സംശയങ്ങൾക്കിടയില്ലാത്ത വിധം മനസ്സിലാക്കാം ഇക്കാര്യങ്ങൾ: 

ജിഎസ്ടി നിയമത്തിൽ കച്ചവടക്കാർ റജിസ്ട്രേഷൻ എടുക്കുന്നത് രണ്ടു വിധത്തിലാണ്. (1) റഗുലർ റജിസ്ട്രേഷൻ. (2) കോംപോസിഷൻ റജിസ്ട്രേഷൻ. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടം മാത്രം നടത്തുന്നവരാണ് കോംപോസിഷൻ സ്‌കീം ഉപയോഗപ്പെടുത്താറുള്ളത്. അവർക്ക്  വാങ്ങിയ സാധനവിലയിന്മേലുള്ള ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രഡിറ്റ് ആയി എടുക്കുവാനോ വിൽപനയ്ക്ക് നികുതി പിരിക്കുന്നതിനോ അവകാശമില്ല. അവർ അവരുടെ കച്ചവടത്തിൽ ടാക്സബിൾ ഐറ്റം ഉൾപ്പെട്ടിട്ടുള്ള തുകയ്ക്ക് 1% നിരക്കിൽ നികുതി സ്വന്തം കയ്യിൽ നിന്ന് അടയ്ക്കേണ്ടതാണ്.

റഗുലർ റജിസ്ട്രേഷൻ എടുക്കുന്നവർക്ക് ചില നിയമങ്ങൾക്കു വിധേയമായി കച്ചവടാവശ്യങ്ങൾക്കു വാങ്ങുന്ന സാധനങ്ങൾക്ക് അതിലുൾപ്പെട്ട ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രഡിറ്റ് ആയി എടുക്കുവാനും  അതുപോലെതന്നെ വിൽപനയ്ക്ക് ടാക്സ് പിരിക്കാനും അർഹതയുണ്ട്. ഈ കച്ചവടക്കാരെല്ലാം വിവിധതരം റിട്ടേണുകളാണ് ഫയൽ ചെയ്യേണ്ടത്.

tax
പ്രതീകാത്മക ചിത്രം

കോംപോസിഷൻ സ്കീമിൽപെട്ടവർ ഓരോ മൂന്നുമാസം കൂടുമ്പോഴും സിഎംപി 08 എന്ന ചെല്ലാൻ വഴി ഓരോ ക്വാർട്ടറിന്റെയും അടുത്ത മാസം 18 നു മുൻപായി നികുതി ബാധ്യത തീർക്കേണ്ടതും  അനുബന്ധ ജിഎസ്ടിആർ 4  റിട്ടേൺ അവരുടെ ഒരു വർഷത്തെ കച്ചവടത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ഓരോ സാമ്പത്തിക വർഷം  കഴിഞ്ഞുള്ള ഏപ്രിൽ 30 നകം ഫയൽ ചെയ്യേണ്ടതുമാണ്.

റസ്റ്റോറന്റുകൾ  കോംപോസിഷൻ സ്കീം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവരുടെ നികുതി നിരക്ക് 5 ശതമാനവും സർവീസ് മാത്രം ചെയ്യുന്ന കോംപോസിഷൻ ഡീലേഴ്സിന്റെ നികുതി നിരക്ക്  6% വും ആണെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. റഗുലർ റജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ  കച്ചവടത്തിന്റെ വ്യാപ്തി അനുസരിച്ച് മാസം തോറുമോ / മൂന്നു  മാസം കൂടുമ്പോഴോ ജിഎസ്ടിആർ 1 റിട്ടേൺ തൊട്ടടുത്ത മാസം 11 നു മുൻപേ ഫയൽ ചെയ്യുകയും ആ മാസം 20 നു മുൻപേ  ജിഎസ്ടിആർ 3ബി   വഴി ആയതിന്റെ നികുതി ബാധ്യത തീർക്കേണ്ടതുമാണ്. കോംപോസിഷൻ ഡീലർമാർ വാർഷിക റിട്ടേൺ ഫയൽ ചെയ്യേണ്ടിയിരുന്നത് ജിഎസ്ടിആർ 9എ എന്ന ഫോമിലാണ്. ഇതിനു ബദലായി  റഗുലർ റജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ ഫയൽ ചെയ്യേണ്ട വാർഷിക  റിട്ടേണിന്റെ ഫോം ജിഎസ്ടിആർ 9 എന്നതാണ്. ഇപ്പോൾ വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിനു രണ്ടുകോടി രൂപയ്ക്കു താഴെ ടേണോവർ  ഉള്ളവർക്കു നിർബന്ധമില്ലാത്തതിനാലും അതിൽ കോംപോസിഷൻ സ്കീമിൽ ഉള്ളവരും ഉൾപെട്ടിട്ടുള്ളതിനാലും അവർ വാർഷിക റിട്ടേൺ സാധാരണയായി  ഫയൽ ചെയ്യേണ്ടതില്ല.

രണ്ടുകോടിക്കു മുകളിൽ  വിറ്റുവരവുള്ള  റഗുലർ ഡീലേഴ്സ് മറ്റു ചില നിയമങ്ങൾക്കു വിധേയമായി ജിഎസ്ടിആർ 9 ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്. കോംപോസിഷൻ ഡീലേഴ്സ് വർഷത്തിലൊരിക്കലുള്ള  റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ഈ    വർഷം ഏപ്രിൽ 30 ആയിരുന്നെങ്കിലും  ജിഎസ്ടിഐഎന്നിൽ നിന്നുണ്ടായ  ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ഈ വരുന്ന 28വരെ  ദീർഘിപ്പിക്കുകയാണുണ്ടായത്. അതായത് ഈ വിഭാഗത്തിൽപ്പെട്ട റജിസ്ട്രേഷൻ ഉള്ളവർക്ക് റിട്ടേൺ സമർപ്പിക്കുന്നതിനു  കൂടുതൽ കാലം അനുവദിക്കുകയാണുണ്ടായിരിക്കുന്നത്.  

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ജിഎസ്ടിആർ 4 ഉം ജിഎസ്ടിആർ 9 ഉം ഒരേ ഗണത്തിൽപെടുന്ന റിട്ടേണുകൾ അല്ല. ജിഎസ്ടിആർ 4 കോംപോസിഷൻ ഡീലേഴ്സ്  അവരവരുടെ ടേൺ ഓവർ വിവരങ്ങൾ കാണിച്ചുകൊണ്ട് വർഷത്തിലൊരിക്കൽ ഫയൽ ചെയ്യേണ്ട റിട്ടേൺ മാത്രമാണ്. ജിഎസ്ടിആർ 9 റഗുലർ ഡീലേഴ്സ് അവരുടെ മാസ/   മൂന്നു മാസ   റിട്ടേൺ ഫയൽ ചെയ്തതിനുശേഷം സമർപ്പിക്കേണ്ട വാർഷിക റിട്ടേൺ ആണ്. അതിനുള്ള  നിശ്ചിത തീയതിയാണ് ഈ വർഷം ഡിസംബർ 22. 

അതിനാൽ തന്നെ ജിഎസ്ടിആർ 4 റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതി ഈ വരുന്ന 28ന് അവസാനിക്കുമെങ്കിലും  അതുകൊണ്ട് കോംപോസിഷൻ   കച്ചവടക്കാർക്കു ബുദ്ധിമുട്ടുകൾ ഒന്നും ജി എസ് ടി വകുപ്പ് വരുത്തിയിട്ടില്ല. 

വിവരങ്ങൾക്ക് കടപ്പാട്:

അനിരുദ്ധൻ, ജിഎസ്ടി പ്രാക്‌ടിഷനർ, വടക്കാഞ്ചേരി  

English Summary: Difference between GSTR 4 and GSTR 8

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}