ADVERTISEMENT

ആദ്യമേ പറയട്ടെ. കാർഡ് ടോക്കണൈസേഷൻ സംവിധാനം ഷോപ്പിങ് നടത്തുന്നയാളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല.

ഒക്ടോബർ ഒന്നാം തീയതി മുതൽ എടിഎം കാർഡുകളും (ഡെബിറ്റ് കാർഡ്) ക്രെഡിറ്റ് കാർഡുകളും ഓൺലൈൻ ഷോപ്പിങിനായി ഉപയോഗിക്കുമ്പോൾ വരുന്ന മാറ്റങ്ങളെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇതെല്ലാം വായിച്ചും കേട്ടും കാർഡ് ഉപയോഗിക്കുന്ന സാധാരണ മനുഷ്യർ ആകപ്പാടെ അങ്കലാപ്പിലാണ്. എന്നാൽ കാർഡ് ഉപയോഗിക്കുന്നവർക്ക്‌ ഒരു തരത്തിലുള്ള അസൗകര്യമോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്ന മാറ്റമല്ല വരുന്നത്. എന്ന് മാത്രമല്ല കാർഡ് ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾ കാർഡ് ഉപയോഗിച്ച് വരുത്തിയേക്കാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുകയും ചെയ്യും.  ടോക്കണൈസേഷൻ എന്ന ഈ പുതിയ സാങ്കേതികവിദ്യ പ്രധാനമായും കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ അതിന്റെ പ്രോസസിങിൽ വരുന്ന മാറ്റങ്ങൾ ആണ്.  അതിനാൽ ഇത് കാർഡ് ഉപയോഗിക്കുന്നയാളെ വല്ലാതെ അലട്ടേണ്ട കാര്യവുമല്ല.

എന്നാൽ പിന്നെ എന്താണ് ഈ ടോക്കണൈസേഷൻ?

കാർഡ് ഉപയോഗിച്ചു നടത്തുന്ന ഒരു ഇടപാടിൽ പ്രധാനമായും നാല് ആളുകളുണ്ട്.

card4

1. കാര്‍ഡിന്റെ ഉടമസ്ഥൻ.

2. കാർഡ് തന്ന ബാങ്ക് (ഉദാഹരണം ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് എന്നിവ).

3.ഷോപ്പിങ് നടത്തുന്ന  ഓൺലൈൻ മർച്ചന്റ് പ്ലാറ്റ്ഫോം.  (ഉദാഹരത്തിനു ആമസോൺ, ഫ്ളിപ് കാർട്ട് തുടങ്ങിയ മർച്ചന്റ് പ്ലാറ്റുഫോമുകൾ).

4. കാർഡ് നെറ്റ്‌വർക്ക് (ഉദാഹരണം വിസ, മാസ്റ്റർ കാർഡ് എന്നിവ ).

card1

ഇതിൽ കാർഡിന്റെ ഉടമസ്ഥൻ തന്റെ കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് ചെയ്യുമ്പോൾ കാർഡിന്റെ എല്ലാ വിവരങ്ങളും ഷോപ്പിങ് സൈറ്റിൽ നൽകണം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ രണ്ട് മുതൽ നാല് വരെയുള്ള (ബാങ്ക്, ഓൺലൈൻ ബിസിനസ് പ്ലാറ്റുഫോം, കാർഡ് നെറ്റ്‌വർക്ക്) എല്ലാവരിലും കിട്ടും.  ഈ വിവരങ്ങൾ ഈ മൂവരും മറ്റു ഇടനിലക്കാരുണ്ടെങ്കിൽ അവരും കൂടെ സാങ്കേതികവിദ്യ സംവിധാനങ്ങൾ വഴി കൈമാറിയാണ് ഈ പണമിടപാട് പൂർണമാക്കുന്നത്. കാർഡ് ഉടമസ്ഥൻ കാർഡ് വിവരങ്ങളും CVV യും OTP യും നൽകി പണം കൈമാറുന്നു.

credit-card-machine

ഇതിൽ കാർഡ് നൽകിയ ബാങ്കിൽ കാർഡ് വിവരങ്ങൾ നേരത്തെ തന്നെ ഉള്ളതാണ്. എന്നാൽ ഓൺലൈൻ മർച്ചന്റ് പ്ലാറ്റ്ഫോമിൽ കാർഡ് വിവരങ്ങൾ ലഭ്യമാകുന്നത് നമ്മൾ ഷോപ്പിങിനായി കാർഡ് ഉപയോഗിക്കുമ്പോൾ  മാത്രമാണ്.  ഇങ്ങനെ നൽകുന്ന വിവരങ്ങൾ ഓൺലൈൻ മർച്ചന്റ് പ്ലാറ്റ്ഫോമുകൾ തങ്ങളുടെ കംപ്യൂട്ടറുകളിൽ സൂക്ഷിക്കുകയും അടുത്ത തവണ നാം ആ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഷോപ്പിങ് ചെയ്യുമ്പോൾ അവർ തങ്ങളുടെ കംപ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ള നമ്മുടെ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് പണം നൽകൽ പൂർത്തീകരിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് രണ്ടാം തവണ നാം ഷോപ്പിങ് നടത്തുമ്പോൾ  കാർഡ് വിവരങ്ങൾ നാം നൽകാതെ തന്നെ ഓൺലൈൻ മർച്ചന്റ് പ്ലാറ്റ്ഫോം നമ്മുടെ കാർഡ് കാണിച്ചു തന്ന്, നമ്മോട് ചോദിക്കുന്നത് പണം ഈ കാർഡിൽ നിന്ന് തന്നെ എടുക്കട്ടേ എന്ന്. നാം സമ്മതിച്ചാൽ പിന്നെ CVV യും OTP യും നൽകി ഇടപാട് പൂർത്തീകരിക്കാം. വളരെ വേഗത്തിലും സൗകര്യത്തിലും ഷോപ്പിങ് നടത്തുവാൻ ഇത് കൊണ്ട് സാധിക്കുന്നു.

ഇത്രയും കഥ രസകരവും സന്തോഷകരവും ആണ്.  എന്നാൽ ഈ രീതിക്കുള്ള ഒരു തകരാറ് നമ്മുടെ കാർഡ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും, CVV അടക്കം,  നാം ഷോപ്പിങ് നടത്തുന്ന ഓൺലൈൻ പ്ലാറ്റുഫോമുകളിൽ എല്ലായ്‌പോഴും ഉണ്ട് എന്നതാണ്. ഇങ്ങനെയുള്ള ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ എല്ലാം ബാങ്കുകളേതു പോലെ ശക്തമായ സുരക്ഷാ മതിലുകൾ ഉള്ളതാവണമെന്നില്ല.  അതുകൊണ്ടു ചിലപ്പോൾ നമ്മുടെ കാർഡ് വിവരങ്ങൾ ഇവിടെ നിന്ന് ചോരാനും അത് സൈബർ തട്ടിപ്പുകാരുടെ കൈകളിൽ എത്തിച്ചേരാനും ഇടയുണ്ട്. കൂടാതെ കാർഡിന്റെ വിവരങ്ങൾ എല്ലാം തന്നെ അതേ രീതിയിൽ ഇന്റർനെറ്റ് വഴി സഞ്ചരിക്കുന്ന സമയത്തും അത്  ചോർന്നേക്കാം.  ഇങ്ങനെ വന്നാൽ സൈബർ തട്ടിപ്പുകാർ നാമറിയാതെ തന്നെ നമ്മുടെ കാർഡുകളിൽ നിന്ന് പണം തട്ടിയെടുത്തെന്ന് വരാം.  ഈ രീതിയിലുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് അവ തടയുവാനായി  റിസർവ് ബാങ്ക് ടോക്കണൈസേഷൻ എന്ന പുതിയ രീതി കൊണ്ട് വന്നിരിക്കുന്നത്.  ചില വിദേശ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. 

എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം?

ടോക്കൺ എന്നാൽ പ്രതീകം എന്നർത്ഥം. കാർഡിന്റെ വിവരങ്ങൾക്ക് പകരമായി  മറ്റൊരു നമ്പർ, അല്ലെങ്കിൽ ചിഹ്നം ഉപയോഗിക്കുന്നു എന്നാണു ടോക്കണൈസേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

online-Shopping

ടോക്കണൈസേഷൻ വളരെ ലളിതമാണ്. നാം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് ചെയ്യുമ്പോൾ ഇനി മുതൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ നമ്മുടെ കാർഡിന്റെ വിവരങ്ങൾ അവരുടെ പക്കൽ സൂക്ഷിക്കുവാൻ പാടില്ല. അങ്ങനെയെങ്കിൽ കാർഡിന്റെ വിവരങ്ങൾ ചോർന്നു പോകുമോ എന്ന ആശങ്ക ഒഴിവാകും. അതുപോലെ കാർഡിന്റെ വിവരങ്ങൾ അതേ രീതിയിലല്ല ഇനി മുതൽ ഇന്റർനെറ്റ് വഴി സഞ്ചരിക്കുക.  കാർഡിന്റെ വിവരങ്ങൾക്ക് പകരം ഒരു കോഡ് നമ്പർ ആയിരിക്കും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിൽ നിന്ന് ബാങ്കിലേക്കും നെറ്റ് വർക്കിലേക്കും  കൈമാറുക.  ഈ കോഡ് നമ്പർ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിന്റെയും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിന്റെയും നാം ഉപയോഗിക്കുന്ന മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടറിന്റെയും ഐഡന്റിഫിക്കേഷൻ നമ്പറുകളുടെ ഒരു സങ്കലനമായിരിക്കും. ഈ പുതിയ കോഡ് ഉണ്ടാക്കുന്നതും കൈമാറുന്നതുമെല്ലാം കാർഡ് ഉടമസ്ഥനൊഴിച്ച് മറ്റു മൂവരും കൂടെ സാങ്കേതികവിദ്യയുടെ സഹായത്താൽ ചെയ്യുന്ന പരിപാടിയാണ്. ഇവിടെ കാർഡ് ഉപയോഗിക്കുന്ന നമുക്ക് ഒന്നും ചെയ്യാനില്ല. നാം സാധാരണ രീതിയിൽ കാർഡ് വഴി OTP യും മറ്റും നൽകി പണം കൊടുത്താൽ മതി. 

അപ്പോൾ പിന്നെ ഓരോ തവണയും കാർഡ് വിവരങ്ങൾ നൽകേണ്ടേ?

വേണ്ട.  നമ്മുടെ കാർഡിന്റെ അത്യാവശ്യമായ വിവരങ്ങൾ, അതായതു കാർഡിന്റെ അവസാനത്തെ നാല് അക്കങ്ങൾ,  ബാങ്കിന്റെ പേര് എന്നിവ സൂക്ഷിച്ചുകൊള്ളുവാൻ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിന് സമ്മതം നൽകിയിട്ടുണ്ട്.  അത് കൊണ്ട് നാം ഒരു തവണ ഉപയോഗിച്ച കാർഡിന്റെ മിനിമം വിവരങ്ങൾ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ നമ്മെ കാണിച്ചു തരും.  ഏതു കാർഡ് കൊണ്ട് പണം നൽകണം എന്ന് തീരുമാനിക്കുവാൻ ഈ വിവരങ്ങൾ കൊണ്ട് നമുക്ക് സാധിക്കും.  പണം കൊടുക്കുവാനുള്ള കാർഡ് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ പതിവുപോലെ CVV യും OTP യും നൽകി ഇടപാട് പൂർത്തീകരിച്ചാൽ മതിയാകും.  

ഏതെങ്കിലും കാരണത്താൽ കാർഡ് വഴി കൊടുത്ത തുക  തിരിച്ചു നല്‍കേണ്ടിവന്നാൽ ഓൺലൈൻ പ്ലാറ്റുഫോമുകൾ അവരുടെ കൈയിലുള്ള മിനിമം വിവരങ്ങൾ ഉപയോഗിച്ചുകൊള്ളും..

കാർഡ് ഉടമസ്ഥൻ  എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഉണ്ട്.  ഇതിനകം കാർഡ് ഉപയോഗിച്ച് നാം ഷോപ്പിങ് നടത്തിയിട്ടുണ്ടെങ്കിൽ ഈ കാർഡ് വിവരങ്ങൾ നാം ഷോപ്പിങ് നടത്തിയ  ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒക്ടോബര്‍ ഒന്നാം തീയതി വരെ ഉണ്ടാകും. ഒന്നാം തീയതിക്ക് മുമ്പ് നാം മറ്റൊരു ഷോപ്പിങ് അതേ പ്ലാറ്റ്ഫോം വഴി നടത്തുകയാണെങ്കിൽ നാം പണം നൽകി ഷോപ്പിങ് തീർക്കുന്ന മുറക്ക് അവർ ചോദിക്കും, ഈ കാർഡ്  റിസർവ് ബാങ്ക് കൊണ്ടു വന്നിട്ടുള്ള പുതിയ സെക്യൂരിറ്റി സംവിധാനമായ  ടോക്കണൈസേഷൻ രീതിയിലേക്ക്  മാറ്റട്ടേ എന്ന്.   ശരി എന്ന് നാം പറഞ്ഞാൽ നമ്മുടെ ഈ കാർഡ് ഈ പ്ലാറ്റ്ഫോമിൽ ടോക്കണൈസേഷൻ സംവിധാനത്തിലേക്ക് മാറും. ഒന്നിലധികം കാർഡുകൾ ഉണ്ടെങ്കിൽ ഓരോ കാർഡിനും പ്രത്യേകം സമ്മതം നൽകണം. അതുപോലെ ഓരോ ഷോപ്പിങ് പ്ലാറ്റ്ഫോമിലും സമ്മതം നൽകണം.

card

ടോക്കണൈസേഷൻ ചെയ്യുമ്പോൾ ഉടമസ്ഥന് കാർഡിന്റെ പരമാവധി ലിമിറ്റിന്റെ ഉള്ളിൽ നിന്നുകൊണ്ട് ടോക്കണൈസേഷൻ വഴി നടത്താവുന്ന ഇടപാടിന്റെ പരമാവധി തുകയും ഏതെല്ലാം മാർഗങ്ങളിലൂടെയുള്ള (QR code മുതലായവ)  ഷോപ്പിങുകളാണ് ഈ രീതി വഴി ചെയ്യേണ്ടത് എന്നും നിശ്ചയിക്കാവുന്നതാണ്.

ടോക്കണൈസേഷൻ ചെയ്യണമോ വേണ്ടയോ എന്നത് കാർഡ് ഉടമസ്ഥന്റെ തീരുമാനമാണ്.  ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല.  എന്നാൽ ഓൺലൈൻ മർച്ചന്റിനു ഇത് നിർബന്ധമാണ്.

മർച്ചന്റ് സൈറ്റിൽ നിലവിലിലുള്ള കാർഡുകൾക്കു എന്ത് സംഭവിക്കും?

ഒക്ടോബർ ഒന്നാം തീയതി ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് സംബന്ധിച്ച്  നിലവിലുള്ള എല്ലാ വിവരങ്ങളും മാഞ്ഞുപോകും.  അതെല്ലാം നിശ്ശേഷം മായ്ച്ചു കളയണമെന്നാണ് റിസർവ് ബാങ്ക് ഓൺലൈൻ പ്ലാറ്റുഫോമുകൾക്കു നൽകിയിട്ടുള്ള നിർദേശം.  

അതിനാൽ ഒക്ടോബർ ഒന്നിന് മുമ്പ് കാർഡുകൾ ടോക്കണൈസേഷൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടില്ലെങ്കിൽ പിന്നീട് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യുമ്പോൾ കാർഡിന്റെ വിവരങ്ങൾ പുതിയതായി നൽകേണ്ടി വരും. ഇങ്ങനെ നൽകുമ്പോൾ ഷോപ്പിങ് പ്ലാറ്റ്ഫോം നമ്മോടു ചോദിക്കും, ഈ കാർഡ് റിസർവ് ബാങ്കിന്റെ പുതിയ സെക്യൂരിറ്റി അനുസരിച്ചുള്ള ടോക്കണൈസേഷൻ സംവിധാനത്തിലേക്ക് മാറ്റണമോ എന്ന്.  വേണം എന്ന് പറഞ്ഞാൽ അടുത്ത തവണ മുതൽ ഈ കാർഡിന്റെ വിവരങ്ങൾ വീണ്ടും നൽകേണ്ടതില്ല.  അതുവഴി ഓൺലൈൻ ഷോപ്പിങ് പഴയപടി തന്നെ വേഗത്തിൽ നടക്കും. വേണ്ട എന്നാണു പറയുന്നതെങ്കിൽ ഓരോ തവണ ഷോപ്പിങ് നടത്തുമ്പോഴും കാർഡ് വിവരങ്ങൾ കൊടുക്കണം.  

പുതിയ കാർഡ് / പുതുക്കിയ കാർഡ്

പുതിയ കാർഡ് ഉപയോഗിക്കുമ്പോഴോ നിലവിൽ ടോക്കണൈസ് ചെയ്തു ഉപയോഗിക്കുന്ന കാർഡിന് പകരം പുതുക്കിയ കാർഡ് ഉപയോഗിക്കുമ്പോഴോ ടോക്കൺ പുതിയതായി ഉണ്ടാക്കണം.  അതിനായി പുതിയ കാർഡ് വിവരങ്ങൾ മർച്ചന്റ് പ്ലാറ്റുഫോമിൽ ടോക്കണൈസ് ചെയ്യണം.  

കാർഡ് ഉപയോഗിക്കുന്നിടത്തെല്ലാം പുതിയ രീതി ബാധകമാണോ?  

കാർഡ് സ്വൈപ്പിങ് മെഷീനുകളിൽ (POS etc) നേരിട്ട് ഉപയോഗിച്ചു പണം നൽകുമ്പോൾ ടോക്കണൈസേഷൻ ബാധകമല്ല.  അവിടെ ഇപ്പോഴത്തെ രീതി തന്നെ തുടരും.  രാജ്യത്തിനകത്തുള്ള ഇടപാടുകൾക്കാണ് ടോക്കണൈസേഷൻ വേണ്ടത്.  രാജ്യാന്തര ഇടപാടുകൾക്കു നിലവിലുള്ള രീതി തുടരും.

നല്ല കാര്യമാണ്, ആശങ്ക വേണ്ട

ചുരുക്കി പറഞ്ഞാൽ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഷോപ്പിങ് കൂടുതൽ സുരക്ഷിതമാക്കുവാൻ റിസർവ് ബാങ്ക് കൊണ്ട് വന്നിട്ടുള്ള പുതിയ സംവിധാനമാണ് ടോക്കണൈസേഷൻ.  ഈ സംവിധാനത്തിലേക്ക് മാറുവാൻ കാർഡ് ഉടമസ്ഥൻ തന്റെ സമ്മതം നൽകിയാൽ മതി.  ഇതിന് കാർഡ് ഉടമസ്ഥന് ചിലവൊന്നുമില്ല.  

മറ്റു ചർച്ചകളെല്ലാം സാങ്കേതികമാണ്.  അതെല്ലാം  ബാങ്കിന്റെയും ഓൺലൈൻ മർച്ചന്റ് ഷോപ്പിങ് പ്ലാറ്റ്ഫോമിന്റെയും നെറ്റ് വർക്കിന്റെയും മറ്റു ഇടനിലക്കാരുടെയും ഉത്തരവാദിത്തങ്ങളാണ്.  അത് അവർ ചെയ്തുകൊള്ളും

ലേഖകൻ ഫെഡറൽ ബാങ്കിന്റെ (റിട്ട) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്

English Summary : How the Credit Card Tokenization Beneficial for You?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com