ADVERTISEMENT

നാളുകൾ നീണ്ടുനിന്ന രൂക്ഷ പ്രളയം പട്ടിണി വിതച്ച പാകിസ്ഥാനിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമാകുന്നു.കാർഷിക മേഖലയെ തകർത്തെറിഞ്ഞ പ്രളയം മൂലം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അരിയുടെയും, ഗോതമ്പിന്റെയും, പച്ചക്കറികളുടെയും ഇറക്കുമതിക്കായി പാകിസ്ഥാൻ ചർച്ചകൾ നടത്തുകയാണ്. എന്നാൽ ഭക്ഷ്യക്ഷാമം മാത്രമാണോ പാകിസ്താന്റെ പ്രശ്‍നം? പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്ഥാനിൽ ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 237 രൂപയാണ്. ഓഗസ്റ്റിൽ സ്കൂളുകൾ തുറന്നപ്പോൾ കുട്ടികൾക്ക് പഠിക്കുവാനുള്ള പുസ്തകങ്ങൾ പ്രിന്റ് ചെയ്ത് കൊടുക്കുവാൻ സർക്കാരിന് പാങ്ങുണ്ടായില്ല. പാകിസ്താനിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം മരവിപ്പിക്കണമെന്ന് ഐ എം എഫ് 2020ൽ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ എല്ലാ മേഖലയിലും പ്രശ്നങ്ങൾ കുമിഞ്ഞു കൂടുന്നതിനിടയ്ക്കാണ് പ്രളയം കൂനിന്മേൽ കുരുവായി വന്നത്.

രാഷ്ട്രീയ അസ്ഥിരത 

തെരെഞ്ഞെടുക്കപ്പെട്ട അഴിമതിയിൽ മുങ്ങിക്കുളിച്ച ഓരോ സർക്കാരിനും സൈന്യവുമായും, നീതിന്യായ വ്യവസ്ഥയുമായും നിരന്തരം പോരിടേണ്ടി വരുന്ന ഒരു അവസ്ഥ വർഷങ്ങളായി  പാക്കിസ്താനിലുണ്ട്. ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയും അഞ്ചു വർഷമെന്നുള്ള അവരുടെ ഭരണഘടനാപരമായ കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുക, വധിക്കപ്പെടുക അല്ലെങ്കിൽ നാടുകടത്തപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്യുക ഇതൊക്കെയാണ് സാധാരണ ഭരണാധികാരികൾക്ക് പാക്കിസ്ഥാനിൽ നേരിടേണ്ടി വന്നിട്ടുള്ളത്. കോടിക്കണക്കിനു ഡോളർ ആസ്തിയുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ സാമ്പത്തിക പിന്‍ബലമാണ് ഭരണത്തിൽ കൈകടത്താൻ സൈന്യത്തിനെ പ്രാപ്തരാക്കുന്നത്. രാജ്യത്തിനുള്ളിൽ ഒരു ബിസിനസ് സാമ്രാജ്യം സ്വന്തമായുള്ള ലോകത്തിലെ ഏക സൈന്യമാണ് പാകിസ്താനിലേത് എന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വഷളായിക്കൊണ്ടിരിക്കുന്ന ബിസിനസ് അന്തരീക്ഷം 

ലോക ബാങ്കിന്റെ റാങ്കിങ് അനുസരിച്ച് ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ 190 രാജ്യങ്ങളിൽ നൂറ്റിയെട്ടാം സ്ഥാനമാണ് പാകിസ്ഥാനുള്ളത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങൾ, നിക്ഷേപം ആകർഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്  എന്നിവയെല്ലാം തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളർത്തുന്നുണ്ട്. കുറഞ്ഞ ആഭ്യന്തര ഉൽപ്പാദനവും മറ്റ് സാമൂഹ്യ പ്രശ്നങ്ങളും  പാകിസ്ഥാനെ അനാകര്‍ഷകമാക്കുന്നുണ്ട്. ഡോളറിനെതിരെ പാകിസ്ഥാൻ കറൻസി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 240 രൂപയിലേക്കെത്തി. 

സാമ്പത്തിക പ്രതിസന്ധി 

വിവേകപൂർവ്വമല്ലാത്ത സാമ്പത്തിക നയങ്ങൾ ഈ മാന്ദ്യ കാലഘട്ടത്തിൽ പാക്കിസ്ഥാനടക്കം പല  രാജ്യങ്ങളുടെയും അടിത്തറ ഇളക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കടം തിരിച്ചടവ് മുടങ്ങുന്നത് രാജ്യാന്തര ഏജൻസികളെയും, വിദേശ രാജ്യങ്ങളെയും പാക്കിസ്ഥാന് കടം കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കടം കൊടുത്താൽ തന്നെ തിരിച്ചടക്കാനുള്ള കഴിവില്ലാത്തതും പാകിസ്താന്റെ സമ്പദ് വ്യവസ്ഥയിലുള്ള  'വിശ്വാസ്യത നഷ്ടപ്പെട്ടതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കികൊണ്ടിരിക്കുകയാണ്. വിദേശനാണ്യ ശേഖരത്തിലെ കുറവും, ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിൽ വിളനാശം ഉണ്ടായതുകൊണ്ട് ഇറക്കുമതി കൂട്ടേണ്ടി വരുന്നതും വീണ്ടും സാമ്പത്തിക പ്രതിസന്ധി കൂട്ടുന്ന ഘടകങ്ങളാണ്. "ശരിയായ രീതിയിലുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളൊന്നും നടത്താത്ത പാകിസ്ഥാന് കടം കൊടുത്ത് മടുത്തിരിക്കുകയാണ് വിദേശ രാജ്യങ്ങൾ" എന്ന് സിറ്റിയുടെ  സാമ്പത്തിക വിദഗ്ധന്റെ പ്രസ്താവന പ്രതിസന്ധിയുടെ ആഴം കാണിക്കുന്നു.  അമിത പണപ്പെരുപ്പവും, ഇന്ധന ക്ഷാമവും കാര്യങ്ങൾ കൂടുതൽ അസ്ഥിരമാക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയുടെ കെടുകാര്യസ്ഥത എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നും സഹായത്തിനും, ഭക്ഷണ സാധനങ്ങൾ ഇറക്കുമതിക്കും അനുമതി നേടണം എന്ന് പാകിസ്ഥാനിലെ  സാമ്പത്തിക വിദഗ്ധരും മറ്റ് ബിസിനസ് നേതാക്കളും ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതൃത്വം ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഈ പ്രശ്നങ്ങൾക്കിടക്ക് ചൈന കുതന്ത്രങ്ങൾകൊണ്ട്  പാകിസ്താനെയും ശ്രീലങ്കയെപോലെ  'പരമാവധി സാമ്പത്തികമായി സഹായിച്ച് ' വീണ പടുകുഴിയിൽ തന്നെ നിർത്താനുള്ള  ശ്രമങ്ങളും  തുടർന്ന്  നടത്തുന്നുണ്ട്.

English Summary : Pakistan in Big Financial Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com