ADVERTISEMENT

സാധാരണഗതിയില്‍ അനലിസ്റ്റുകള്‍ തൊടാതെ വിടുന്ന സ്റ്റോക്കുകളാണ് അദാനി ഗ്രൂപ്പിന്‍റേത്. ഗുരുത്വാകർഷണനിയമം ബാധകമല്ലാത്തതു പോലെ ഉയർന്നു പോകുന്ന അദാനി ഗ്രൂപ്പിന്‍റെ വിവിധ കമ്പനികളുടെ ഓഹരികള്‍ സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധന്മാർക്ക് നല്ല പണിയാണ് കൊടുത്തിരിക്കുന്നത്. ഇത്രയധികം ഉയർന്നു പോകുന്ന അദാനി ഓഹരികൾ നിങ്ങളെന്തുകൊണ്ടാണ് വാങ്ങാന്‍ ശുപാർശ ചെയ്യാത്തത്?

ശെ, അത് കഴിഞ്ഞ മാസം വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അതു വിറ്റ് എത്ര മാത്രം പൈസയുണ്ടാക്കാമായിരുന്നു? തുടങ്ങിയ നിക്ഷേപകരുടെ ഡയലോഗുകള്‍ ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളുകള്‍ ദിനംപ്രതി കേള്‍ക്കുന്നുണ്ട്.

ഗ്രോത്തിന് ആനുപാതികമായി പെരുകുന്ന കടം മിക്കവാറും അനലിസ്റ്റുകള്‍ക്ക് ദഹിക്കുന്നില്ല

 

കൗതുകകരമായ കാര്യങ്ങള്‍

സത്യത്തില്‍ അദാനി ഗ്രൂപ്പ് ഒരു മാതിരിപ്പെട്ട മുന്‍നിര റിസർച്ച് അനലിസ്റ്റുകള്‍ ശുപാർശ ചെയ്യില്ല. അദാനിയോട് എന്തെങ്കിലും ശത്രുത ഉള്ളതുകൊണ്ടല്ല, ഇപ്പോള്‍ ആ ഗ്രൂപ്പ് നേടുന്ന എക്സ്പ്ളോസിവ് ഗ്രോത്തിന് ആനുപാതികമായി പെരുകുന്ന കടം മിക്കവാറും അനലിസ്റ്റുകള്‍ക്ക് ദഹിക്കുന്നില്ലെന്നതാണ് വാസ്തവം. നിങ്ങളുടെ സ്വന്തം റിസ്ക്കില്‍ വേണമെങ്കില്‍ വാങ്ങിക്കൊള്ളൂവെന്നാണ് പല അനലിസ്റ്റുകളും നിക്ഷേപകരോട് പറയുന്നത്.

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കെന്താണ് കുഴപ്പം എന്ന മട്ടില്‍ ദേശിയ ബിസിനസ് മാധ്യമങ്ങളില്‍ ഒരു വിപണിവിദഗ്ധന്‍ പറഞ്ഞാല്‍ ആ ധീരനെ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന സ്ഥിതിയാണിപ്പോള്‍. ചിലരാവട്ടെ, അദാനിയുടെ ഒന്നോ രണ്ടോ സ്റ്റോക്കില്‍ നിക്ഷേപം നടത്തുന്നത് കുഴപ്പമില്ലെന്ന മട്ടില്‍ സംസാരിച്ച് തടി കയ്ച്ചിലാക്കാറുമുണ്ട്. ഈയിടെ അംബുജാ സിമന്‍റ് അഡാനി ഏറ്റെടുത്തപ്പോളാണ് അനലിസ്റ്റുകള്‍ ശരിക്കും കെണിയിലായത്. അദാനിയുടെ പേര് വന്നപ്പോള്‍ സർവ ബിസിനസ് മാധ്യമങ്ങളും അംബുജയില്‍ ഈ സാഹചര്യത്തില്‍ നിക്ഷേപം നടത്താമോയെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. അനലിസ്റ്റുകള്‍ വിയർത്തുപോയി. കാരണം, വാല്യുവേഷന്‍ നോക്കിയാല്‍ ഏറ്റെടുക്കല്‍ വാർത്ത വരുന്നതിന് മുന്‍പുള്ള വിപണിയിലെ വില ഏകദേശം ഓക്കെയാണ്. നോ പറയണം. പക്ഷേ, ആ ദിവസങ്ങളില്‍ അംബുജയുടെ വില ഓരോ ദിവസവും കൂടുകയാണ്. പിന്നെ, അംബുജ ട്രാക്ക് ചെയ്യുന്നില്ലെന്നൊക്കെ പറഞ്ഞങ്ങ് അഡ്ജസ്റ്റ് ചെയ്തു പലരും. എന്തായാലും, ഈയിടെ സെബി നിരീക്ഷണ ലിസ്റ്റിലുള്ള ഓഹരിയായി അഡീഷണല്‍ സർവൈലന്‍സിലേക്ക് ഇട്ടതിനു ശേഷമാണ് അംബുജയൊന്നടങ്ങിയത്.

 

മ്യുച്വല്‍ ഫണ്ടുകാരും ഒഴിഞ്ഞു നിൽക്കുന്നു

 

മ്യൂച്വല്‍ ഫണ്ടുകാരും പൊതുവെ തൊടാറില്ല ഗ്രൂപ്പിനെ. അപ്പോഴാണ്, ചാള്‍സ് ശോഭ് രാജില്‍ മാത്രം കണ്ടിട്ടുള്ള ധൈര്യം ഒരു ഗഡി കാണിച്ചത്. ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിന്‍റെ സന്ദീപ് ഠാണ്ഡനാണ് കൂട്ടത്തില്‍ നിന്നും മാറി ശ്രദ്ധേയനായത്. ക്വാണ്ടിന്‍റെ ക്വാണ്ടമെന്‍റല്‍ ഫണ്ടില്‍ ഇത് അദ്ദേഹം വലിയ രീതിയില്‍ വാങ്ങിയിരിക്കുകയാണ്. ക്വാണ്ടമെന്‍റല്‍, അതെന്തു കുണ്ടാമണ്ടിയാണെന്ന് കരുതണ്ട. ആർട്ടിഫിഷ്യല്‍ ഇന്‍റിലിജന്‍സും കൂടി ഉപയോഗിച്ച് സ്റ്റോക്ക് തിരഞ്ഞെടുക്കുന്ന ഫണ്ട് എന്നാണ് അർത്ഥം. എന്തായാലും, ഈ ഫണ്ടില്‍ അദാനി ഗ്രൂപ്പ് ഓഹരികളുടെ തലൈവനായ അദാനി എന്‍റർപ്രൈസസ് ആണ് ഏറ്റവും കൂടതലുള്ളത്. ഏകദേശം പത്തു ശതമാനം. പിന്നെ, അദാനി പോർട്ട്സ്, അംബുജാ സിമന്‍റ് തുടങ്ങിയവയുമുണ്ട്. ഏകദേശം 12 ശതമാനം റിട്ടേണ്‍ കഴിഞ്ഞ വർഷം നിക്ഷേപകർക്ക് ഫണ്ട് കൊടുത്തിട്ടുണ്ട്. 92 കോടിയുടെ ചെറിയ ഫണ്ടാണെങ്കിലും അദാനി ഓഹരികള്‍ തുടർചലനങ്ങള്‍ നടത്തിയാല്‍ ഫണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തും. 

(ഡിസ്ക്ളോഷർ. ഇത് തികച്ചും അറിവു പകരാന്‍ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ലേഖകന് ചില അദാനി ഓഹരികളില്‍ നിക്ഷേപമുണ്ട്. ക്വാണ്ട് ക്വാണ്ടമെന്‍റല്‍ ഫണ്ടില്‍ എസ്.ഐ.പിയുമുണ്ട്. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവർ സെബി രജിസ്ട്രേറ്റഡ് സ്ഥാപനങ്ങളിലെ വിദഗ്ധന്മാരുമായി ബന്ധപ്പെടുക.) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com