ADVERTISEMENT

റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ കെടുതികൾ ആവോളം അനുഭവിക്കുന്ന യൂറോപ്പിന് കൂനിന്മേൽ കുരുവായി വരൾച്ചയും എത്തിയിരിക്കുകയാണ്. 500 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച എന്നാണ് വിദേശ മാധ്യമ റിപ്പോർട്ടുകൾ. വലിയ നദികളെല്ലാം വരണ്ടുണങ്ങി ചെറിയ ബോട്ടുകൾക്ക് കഷ്ടി സഞ്ചരിക്കാമെന്ന സ്ഥിതി വന്നിരിക്കുന്നു. യൂറോപ്പിലെ താപതരംഗം ആഗോള ശരാശരിയേക്കാൾ ഉയർന്ന രീതിയിലാണ്. സാധാരണ കൃഷിക്ക് ചെലവാക്കുന്നതിനേക്കാൾ ഇരട്ടിയിൽ കൂടുതൽ തുക വെള്ളത്തിനും, നനക്കുന്നതിനുള്ള സൗകര്യങ്ങൾക്കും ഇപ്പോഴാകുന്നുണ്ടെന്നാണ് യൂറോപ്പിലെ കർഷകർ പറയുന്നത്. 

ജീവിത ചെലവ് പ്രതിസന്ധി

പലചരക്ക് സാധനങ്ങൾക്ക് 1970 കൾ കഴിഞ്ഞശേഷം യൂറോപ്പിൽ  ഇത്രയും വിലവർധന രേഖപ്പെടുത്തിയിട്ടില്ല. മാംസത്തിനും, മുട്ടയ്ക്കും, മീനിനും, പച്ചക്കറികൾക്കും, പഴവർഗങ്ങൾക്കും,  ബേക്കറി സാധനങ്ങൾക്കും തീ പിടിച്ച വിലയായി. ഉൽപ്പാദനം ഉയർത്താൻ സാധിക്കാത്തതും കാര്യങ്ങൾ വഷളാക്കുന്നു. ചോളം, സോയാബീൻ, സൂര്യകാന്തി എന്നിവയുടെ ഉൽപ്പാദനം മുൻ അഞ്ച് വർഷത്തെ ശരാശരിയേക്കാൾ യഥാക്രമം 16%, 15%, 12%  കുറവായിരിക്കുമെന്ന് അനുമാനിക്കുന്നു. കാപ്പി വില 16 ശതമാനത്തിലധികം ഉയർന്നതിനാൽ കാപ്പി കുടിക്കുന്നത് പോലും യൂറോപ്പിൽ ആഡംബരം ആകുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇന്ധന ക്ഷാമം

റഷ്യയിൽ നിന്നുള്ള ഇന്ധന സപ്ലൈ കുറഞ്ഞതിന് പുറമെ നദികളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും യൂറോപ്യൻ രാജ്യങ്ങൾക്കുള്ളിലെ  വൈദ്യതി പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ജല വൈദ്യത പദ്ധതികളുടെയെല്ലാം പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചൂട് കൂടിയത് കാരണം  ഇപ്പോൾ തന്നെ മരണങ്ങളും യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുദ്ധത്തിന് മുൻപ് യൂറോപ്പിന്റെ  ഇന്ധന ആവശ്യത്തിന്റെ  40 ശതമാനത്തോളം റഷ്യയെ ആശ്രയിച്ചായിരുന്നു നിറവേറ്റിയിരുന്നത്. അത്തരമൊരു പരാശ്രയം യുദ്ധം തുടങ്ങിയതോടെ ഒരു നിലപാട് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പല യൂറോപ്യൻ രാജ്യങ്ങളെയും നയിച്ചു. റഷ്യയാകട്ടെ ഇന്ധന വിതരണത്തെ യുദ്ധത്തിൽ  കൃത്യമായി ഒരു ആയുധമായി ഉപയോഗിച്ചു . റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭ്യമായില്ലെങ്കിൽ ഈ ശൈത്യകാലം യൂറോപ്പിന്  അതികഠിനമായിരിക്കുമെന്ന മുന്നറിയിപ്പുകളുണ്ട്.

പണപ്പെരുപ്പം 

europe3

പ്രാഥമിക കണക്കുകൾ പ്രകാരം യൂറോ സോണിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം 10.7% എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജർമ്മനി (11.6 ശതമാനം), ബെൽജിയം (13.1 ശതമാനം), നെതർലൻഡ്‌സ് (16.8 ശതമാനം) എന്നിവയുൾപ്പെടെ പകുതിയിലധികം യൂറോസോൺ രാജ്യങ്ങളും ഒക്ടോബറിൽ ഇരട്ടഅക്ക പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തി. ഫ്രാൻസിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്, 7.1 ശതമാനം.പണപ്പെരുപ്പം സെപ്റ്റംബറിൽ 9.4 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 12.8 ശതമാനമായി ഉയർന്നതോടെ ഇറ്റലിയിലാണ് ഏറ്റവും വലിയ പ്രതിമാസ വില വർദ്ധനവ് ഉണ്ടായത്.പണപ്പെരുപ്പം കൂടുന്നത് മാത്രമല്ല, വളർച്ച നിരക്ക് കുറയുന്നതും വലിയൊരു പ്രശ്നമാണ്. 

വരൾച്ച

ഇതൊക്കെ തരണം ചെയ്യാൻ  വിതരണ ശൃംഖല വിപുലീകരിക്കാനും, , എങ്ങനെയും ഉൽപ്പാദനം കൂട്ടാനും സാധിക്കുന്ന രീതിയിലുള്ള നടപടികളുമായി യൂറോപ്പ് മുന്നോട്ടു പോകുകയാണ്. എന്നാൽ വരൾച്ച വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. 

ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഹംഗറി, ഇറ്റലി, ലക്സംബർഗ്, മോൾഡോവ, നെതർലാൻഡ്‌സ്, വടക്കൻ സെർബിയ, പോർച്ചുഗൽ, റൊമാനിയ, സ്പെയിൻ, ഉക്രെയ്ൻ, യുകെ എന്നിവിടങ്ങളിലാണ് വരൾച്ചയുടെ അപകടസാധ്യത കൂടുതലായി ഉയരുന്നതെന്ന് യൂറോപ്യൻ യൂണിയന്റെ ജോയിന്റ് റിസർച്ച് സെന്ററിന്റെ റിപ്പോർട്ട് പറയുന്നു. വിചാരിക്കാത്ത സമയത്തുള്ള  വരൾച്ച ഉൽപ്പാദനം കുറക്കുകയും, പണപ്പെരുപ്പം കൂട്ടുകയും ചെയ്യുന്നു. അത് വീണ്ടും ജീവിത ചെലവ് പ്രതിസന്ധിയെ രൂക്ഷമാക്കുന്നുണ്ട്. 

ചൂടും വരണ്ട കാലാവസ്ഥയും ഈ വര്‍ഷം യൂറോപ്പിൽ കാട്ടുതീ കൂട്ടുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രവചങ്ങളുണ്ട്. യൂറോപ്പിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താൻ സാധ്യതയുള്ള പല വെല്ലുവിളികളും ഒരുമിച്ചു നേരിടുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ.കോവിഡ് മഹാമാരിയുടെ പ്രശ്നങ്ങളുടെ കൂടെ റഷ്യ യുക്രെൻ യുദ്ധം സൃഷ്ടിച്ച പ്രശ്നങ്ങളും  ഇപ്പോൾ വരൾച്ചയും കൂടി ആയതോടെ യൂറോപ്പിൽ സാമ്പത്തിക വളർച്ച വരും പാദങ്ങളിൽ കുറയുമെന്ന രാജ്യാന്തര ഏജൻസികളുടെ പ്രവചനങ്ങളുണ്ട്.  

English Summary : Drought and Crisis in Europe

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com