ADVERTISEMENT

മക്കൾക്ക് നല്ലൊരു ഭാവിയും, സുരക്ഷിത ജോലിയും, സുഖസൗകര്യങ്ങളും ആഗ്രഹിച്ചു അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് അത്ര സുഖകരമല്ലാത്ത ജോലി അന്തരീക്ഷമാണ് അമേരിക്കയിൽ ഇപ്പോഴുള്ളത്. ആമസോൺ, മെറ്റാ , ട്വിറ്റർ തുടങ്ങിയ ആഗോള ഭീമൻ കമ്പനികൾക്ക് പുറമെ ചെറുകിട കമ്പനികളും, സ്റ്റാർട്ട് അപ്പുകളും , സാങ്കേതിക വിദ്യയെ ആശ്രയിച്ചു നിൽക്കുന്ന അനുബന്ധ കമ്പനികളും ആയിരകണക്കിന് ആളുകളെ പിരിച്ചുവിടുന്നത് തുടരുകയാണ്. മറ്റൊരു ജോലി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായതിനാലും, ക്രിസ്മസ് സീസൺ തുടങ്ങുന്നതിനാൽ കമ്പനികൾ ജീവനക്കാരെ നിയമിക്കുന്നത് താത്കാലികമായി മരവിപ്പിച്ചതുകൊണ്ടും ഇന്ത്യക്കാരടക്കമുള്ള വിദേശികൾ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ നിർബന്ധിതരാകുകയാണ് . 

എച്ച്1 ബി വിസ  പ്രശ്നങ്ങൾ 

എച്ച്1 ബി വിസക്കാർക്ക് ജോലി സ്ഥിരത ഇല്ലാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നിലവിലെ ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിക്കാനായില്ലെങ്കിൽ അമേരിക്ക വിടണമെന്ന കടുത്ത നിയമം മൂലം, പലരും ഇപ്പോൾ വിഷമത്തിലാണ്. നാളുകളായി ജോലിയുണ്ടായവർക്ക് പെട്ടെന്ന് ജോലി പോയതിന്റെ മാനസിക സമ്മർദ്ദത്തിന് പുറമെ, നാടും വിടണമെന്ന നിയമം മൂലം ഉണ്ടാകുന്ന  കുടുംബ പ്രശ്നങ്ങളും, തിരിച്ചു നാട്ടിലേക്കെത്തുമ്പോഴുണ്ടാകുന്ന  ബുദ്ധിമുട്ടുകളും, കാര്യങ്ങൾ വഷളാക്കുന്നുണ്ട്. 'ജോലി പോയോ, എന്നാ  തിരിച്ചു പോകുന്നെ' എന്ന നാട്ടുകാരുടെ ചോദ്യങ്ങൾ കൂടി ആകുമ്പോൾ മാനസിക പിരിമുറുക്കം കൂടി  ഇവിടെ പോലും ജോലി കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തും. ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്ന സത്യം മാതാപിതാക്കളെ പോലും അറിയിക്കാതെ നാട്ടിലേക്കെത്തുന്നവരുടെ കാര്യം ഇതിലേറെ കഷ്ടമാണ്. 

ബാധ്യതകൾ 

അമേരിക്കയിൽ ജോലി കിട്ടിയ ഉടനെ, വായ്‍പയെടുത്തു കാറും, വീടും വാങ്ങിയവരുടെ കാര്യം അതിലേറെ കഷ്ടമാണ്. വീടിന് തുടർന്നും വാടക ലഭിക്കുമെങ്കിലും, പെട്ടെന്ന് അമേരിക്കയിൽ നിന്നും പോരേണ്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം ശരിയാക്കാൻ സാധിച്ചില്ലെങ്കിൽ അതും പ്രശ്നമുണ്ടാക്കും. ലക്ഷകണക്കിന് പേർ ഒരുമിച്ചു അമേരിക്കയിൽ നിന്നും നാട്ടിലേക്കെത്തുന്നത് ഇന്ത്യയിലെ ഐ ടി കമ്പനികളിലെ നിലവിലുള്ളവരുടെ ശമ്പളത്തെയും, ജോലി സ്ഥിരതയെയും ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകളുമുണ്ട്. 

job-loss

 

കമ്പനികളുടെ നയങ്ങൾ 

 

പിരിച്ചു വിട്ട തൊഴിലാളികൾക്ക്  ഒട്ടും തന്നെ സംരക്ഷണം കൊടുക്കാത്ത നയമാണ് അമേരിക്കൻ കമ്പനികൾ പിന്തുടരുന്നതെന്ന് കുടിയേറിയ പല രാജ്യക്കാരും സോഷ്യൽ മീഡിയയിലൂടെ പറയുന്നു. പിരിച്ചു വിടുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളും, അടിസ്ഥാന മാനുഷിക പരിഗണനയും പല കമ്പനികളും നല്കുന്നില്ലെന്ന ആരോപണമുണ്ട്. പിരിച്ചുവിട്ട എച്ച് 1 ബി വിസക്കാരുടെ 'വിസ സ്റ്റാറ്റസ്' മാറ്റാനും, ജോലി ലഭിക്കാനും സഹായിക്കുന്ന ചില ഏജൻസികൾ അമേരിക്കയിൽ ഉണ്ടെങ്കിലും, ഒരുമിച്ചു ഇത്രയധികം ആളുകളെ പിരിച്ചുവിടുന്നതിനാൽ ഇത്തരം  ഏജൻസിയുടെ സഹായവും പ്രവർത്തനങ്ങളും  ഫലപ്രദമാകുന്നില്ല. 

10 വർഷമോ അതിലേറെയോ വർഷങ്ങളായി  അമേരിക്കയിൽ താമസിക്കുന്നവരോട് ഒരു സുപ്രഭാതത്തിൽ 'ഇനി ഞങ്ങൾക്ക് നിങ്ങളെക്കൊണ്ട് ആവശ്യമില്ല, നിങ്ങൾ ഉടനെ രാജ്യം വിടണം'  എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഷോക്കിനു പുറമെ, വർഷങ്ങൾകൊണ്ട് തങ്ങൾ പഠിച്ചു നേടിയ ഡിഗ്രികളെല്ലാം പെട്ടെന്ന് വെറുതെയായി എന്ന തോന്നൽ പലരെയും വിഷാദത്തിലേക്കു തള്ളി വിടുന്നുവെന്ന സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എങ്കിലും ഇന്ത്യക്കാർക്ക് പഠിക്കാനും, ജോലിക്കും അമേരിക്ക തന്നെ എന്നും ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമായി തുടരുന്നുവെന്നാണ് വിദേശ സർവകലാശാലകളുടെ സർവ്വേ ഫലങ്ങൾ കാണിക്കുന്നത്.

English Summary : American Malayalees are in Dilemma Because of Job Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com