ADVERTISEMENT

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെ തുടരുന്നതിനാൽ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് പ്രധാന റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തി.  6.25 ശതമാനമാണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ഈ വർഷത്തെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാനത്തെ യോഗമായിരുന്നു ഇന്ന് നടന്നത്. പണപ്പെരുപ്പ നിരക്ക് ഉയരത്തിൽ തുടരുന്നതിനാൽ റിപ്പോ നിരക്കുകൾ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു.

റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെ  ബാധിക്കും?

∙വീട്, കാർ, വിദ്യാഭ്യാവ,വ്യക്തിഗത വായ്പകൾ എന്നിവയുടെയെല്ലാം നിരക്കുകൾ വർധിക്കും. അടുത്ത മാസം മുതൽ വരുമാനത്തിൽ നിന്നും കൂടുതൽ തുക വായ്പാ തിരിച്ചടവിനായി മാറ്റി വെക്കേണ്ടി വരും. 

∙സാമ്പത്തിക വളർച്ച കുറഞ്ഞാൽ തൊഴിലില്ലായ്മ കൂടും 

∙സാധനങ്ങൾക്കും, സേവനങ്ങൾക്കും മറ്റുമുള്ള ഡിമാൻഡ് കുറയും

∙ഉൽപ്പാദനം കൂടാതെ പണപ്പെരുപ്പം കൂടുന്ന അവസ്ഥയായ സ്റ്റാഗ്ഫ്‌ളേഷൻ ഉണ്ടാകാനും  സാധ്യതയുണ്ട്

തുടർച്ചയായി 10 മാസമായി റിസർവ്  ബാങ്കിന്റെ ലക്ഷ്യത്തേക്കാൾ ഉയർന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധിപ്പിക്കാനുള്ള എംപിസി തീരുമാനം.

തുടരുന്ന അനിശ്ചിതത്വം

ഇന്ത്യയുടെ മുഖ്യ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് മുൻ മാസങ്ങളിലെ 7.41 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിരക്കുകൾ ഉടൻ താഴ്ത്തില്ലെന്ന സൂചന ഉണ്ടായിരുന്നു.

നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്താൻ എംപിസിക്കുള്ളിൽ സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്കുകൾ ഉയർത്തുന്നത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്ന വാദഗതികളുണ്ട്.

ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി ഏപ്രിൽ-ജൂൺ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 13.5 ശതമാനത്തിൽ നിന്ന് പകുതിയിലേറെയായി 6.3 ശതമാനമായി കുറഞ്ഞിരുന്നു.യുദ്ധം തുടങ്ങിയതില്‍ പിന്നെ ഉണ്ടായ പ്രതികൂല സാഹചര്യങ്ങൾ കാരണം  ഇന്ത്യൻ  സമ്പദ് വ്യവസ്ഥക്ക് ഈ വര്‍ഷം പ്രതീക്ഷിച്ച വളർച്ച ഉണ്ടായിട്ടില്ല.

പെരുകുന്ന തൊഴിലില്ലായ്മ

ഒരു വശത്ത് തൊഴിലില്ലായ്മ പെരുകുകയാണ്. തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 7.77 ശതമാനവും സെപ്റ്റംബറിൽ 6.43 ശതമാനവുമായിരുന്നു. ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട് . ഇതിന്റെയൊപ്പം റിസർവ് ബാങ്ക് നിരക്കുകൾ വർധിപ്പിക്കുമ്പോൾ അത് വായ്പ തിരിച്ചടയ്ക്കുമ്പോഴുള്ള കമ്പനികളുടെ ചെലവ് കൂട്ടുകയും, വായ്പ എടുക്കാനുള്ള താല്പര്യം കുറയ്ക്കുകയും ചെയ്യും. ഇത് പരോക്ഷമായി സമ്പദ് വ്യവസ്ഥയുടെ വളർച്ചയെയും ബാധിക്കും. അതുകൊണ്ടാണ് ജപ്പാൻ പോലുള്ള സമ്പദ് വ്യവസ്ഥകളിൽ പണപ്പെരുപ്പം ഉയരുമ്പോഴും, ബാങ്ക് നിരക്കുകൾ ഉയർത്താതെ നിർത്തുന്നത്. എന്നാൽ ഇന്ത്യയെ  മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മാന്ദ്യം അത്ര കണ്ടു ബാധിച്ചിട്ടില്ലാത്തതിനാൽ നിരക്ക് കൂട്ടിയാലും സമ്പദ് വ്യവസ്ഥ അതിനെ മറികടക്കുമെന്ന റിസർവ് ബാങ്കിന്റെ ആത്മവിശ്വാസമാണ് ഇന്ന് റീപ്പോ നിരക്കുകൾ വീണ്ടും കൂട്ടാൻ കാരണം. ഇന്നത്തെ നിരക്ക് വർദ്ധനവോടെ, കഴിഞ്ഞ ആറു മാസത്തിനിടെ റിപ്പോ നിരക്കുകൾ രണ്ടു ശതമാനത്തോളമാണ് ഉയർത്തിയിരിക്കുന്നത്‌. 

English Summary : How the Repo Rate Hike Will Affect Us?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com