ADVERTISEMENT

പൊതു തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന പൂര്‍ണ ബജറ്റാണെന്നതും ഒന്‍പതു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു വരുന്നു എന്നതും ജനപ്രിയ ബജറ്റിനു വഴി തെളിക്കും. അതോടൊപ്പം ജി 20 അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ബജറ്റെന്നത് സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ധനമന്ത്രിയെ നിര്‍ബന്ധിതനാക്കുകയും ചെയ്യും. എന്തായാലും ജനപ്രിയ നടപടികളും സമ്പദ്ഘടന ശക്തിപ്പെടുത്തുന്ന നീക്കങ്ങളും സന്തുലിതമാക്കിയുള്ള ഒരു ഞാണിന്‍മേല്‍ കളിയായിരിക്കും ധനമന്ത്രിക്കു നടത്തേണ്ടി വരിക.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ തിരിച്ചടികളില്‍ നിന്നു സമ്പദ്ഘടന കരകയറി

കോവിഡും യുക്രെയ്ന്‍ പ്രശ്‌നങ്ങളും അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പണനയങ്ങളുമടക്കമുള്ള കാര്യങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷമായി സൃഷ്ടിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു കരകയറിയത് സുപ്രധാന ഘടകങ്ങളിലൊന്നാണ്. പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ പ്രതീക്ഷിക്കുന്ന ഏഴു ശതമാനം വര്‍ധനവിനു പുറമെ അടുത്ത വര്‍ഷത്തിലും ഇന്ത്യ ആറു ശതമാനം വര്‍ധനവോടെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി തുടരുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന ഡിജിപി വളര്‍ച്ചയെന്നത് പ്രതീക്ഷിച്ചതിലുമേറെ നികുതി ശേഖരണത്തിലേക്കും നയിക്കും.  

ധനകമ്മി 2024 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമെന്ന ലക്ഷ്യത്തില്‍ പിടിച്ചു നിര്‍ത്തുക എന്നതിലായിരിക്കും ധനമന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തുക. സാമ്പത്തിക സ്ഥിരതയ്ക്ക് അച്ചടക്കം ഏറ്റവും ആവശ്യമാണല്ലോ. 

അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള പ്രാധാന്യം തുടരും

സാഗര്‍മാല, ഗതിശക്തി, ഭാരത് മാല പദ്ധതികള്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിഗണിച്ചുള്ള നീക്കങ്ങളാവും ഉണ്ടാകുക. അതു കൊണ്ടു തന്നെ അടിസ്ഥാന സൗകര്യ മേഖലയ്ക്കു നല്‍കുന്ന പരിഗണന ഇത്തവണത്തെ ബജറ്റിലും തുടരും. 

ആദായ നികുതി ഇളവുകള്‍ ഉണ്ടാകുമോ?

അടിസ്ഥാന ആദായ നികുതി ഇളവ് 2014ല്‍  പ്രഖ്യാപിച്ച 2.5 ലക്ഷം എന്നതില്‍ നിന്ന് ഉയര്‍ത്തുന്ന പ്രഖ്യാപനം ഇത്തവണ പ്രതീക്ഷിക്കാവുന്നതാണ്.  ഇളവുകള്‍ ഇല്ലാത്ത പുതിയ ആദായ നികുതി കണക്കാക്കല്‍ രീതിയുടെ കാര്യത്തിലും ചില പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മൂലധന നേട്ട നികുതിയുടെ കാര്യത്തിലാണ് ചില പരിഷ്‌ക്കാരങ്ങള്‍ ആവശ്യമുള്ളത്. ഓഹരി, കടപത്രം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയുടെ കാര്യത്തില്‍ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത നികുതി നിരക്കുകള്‍ ഉള്ളത് ലളിതമാക്കേണ്ടതും ആവശ്യമാണ്. 

ഗ്രാമീണ സമ്പദ്ഘടനയെ ശക്തമാക്കും

കോവിഡിന്റെ ആഘാതം വലിയ തോതിലുണ്ടായ ഗ്രാമീണ സമ്പദ്ഘടനയെ സഹായിക്കുന്ന നടപടികളുടെ ഭാഗമായി എന്‍ആര്‍ഇജിഎസ്, പിഎം കിസാന്‍ തുടങ്ങിയ പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ വകയിരുത്തല്‍ ഉണ്ടായേക്കാം. 

മികച്ച രാഷ്ട്രീയവും മികച്ച സാമ്പത്തിക നീക്കങ്ങളും ഒരുമിച്ചു കൊണ്ടു പോകുക സാധാരണ നിലയില്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ലക്ഷ്യമിട്ടതിലും മികച്ച നികുതി പിരിവ് ഉണ്ടായതിനാല്‍ ജനങ്ങള്‍ക്ക്് ആശ്വാസം നല്‍കുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം സാധ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 

ലേഖകൻ ധനകാര്യ വിദഗ്ധനും ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റുമാണ്

English Summary : Union Budget Expectations Today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com