ADVERTISEMENT

ഓരോ ബജറ്റും പ്രതീക്ഷകളുടെ കാലമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുന്നുണ്ടെങ്കിലും അസമത്വവും തൊഴിലില്ലായ്മയും വർധിക്കുന്നു. ലോക ദാരിദ്ര്യത്തിന്റെ പ്രമുഖകേന്ദ്രമായി ഇന്ത്യ മാറുന്നു. വേൾഡ് ഇൻഇക്വാളിറ്റി ഡേറ്റ ബേസ് (Inequality Data Base) പ്രകാരം ഇന്ത്യയിലെ ഉയർന്ന സമ്പന്നരായ പത്തു ശതമാനം ആളുകൾ മൊത്തം സ്വത്തിന്റെ 63 % കൈവശം വയ്ക്കുന്നു. ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകളുടെ കൈവശം ആറു ശതമാനം സ്വത്തേയുള്ളൂ. 1990കൾക്കു മുൻപ് ഉയർന്ന സമ്പന്നരുടെ പങ്ക് 46 ശതമാനത്തിലും താഴെയായിരുന്നപ്പോൾ ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകൾ പത്തു ശതമാനത്തിലധികം സമ്പത്തിന്റെ ഉടമകളായിരുന്നു. അതിസമ്പന്നരായ ഒരു ശതമാനം ആളുകൾക്ക് 1990 കൾക്കു മുൻപ് പതിമൂന്നു ശതമാനത്തിൽ നിന്ന് 2011–2020 കാലത്ത് അത് 31 ശതമാനത്തിലധികമായി വർധിച്ചു. ഈ വരുന്ന ബജറ്റ് സാമ്പത്തിക വളർച്ചയെക്കാൾ അസമത്വം കുറയ്ക്കുന്ന വികസനത്തിനായി പ്രാധാന്യം നൽകുമെന്നു പ്രതീക്ഷിക്കുന്നു. 

കൂടുതൽ തൊഴിൽ നൽകുമോ?

സിഎംഐഇയുടെ (CMIE) കണക്കു പ്രകാരം 2021 ഡിസംബറിൽ 53 ദശലക്ഷം ആളുകൾ തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് (10.09%) ഗ്രാമങ്ങളെക്കാൾ (7. 44% കൂടുതലായിരുന്നു. അതായത് ശരാശരി തൊഴിലില്ലായ്മ 8.3 ശതമാനമായിരുന്നുവെങ്കിൽ ഇത് 2017 ൽ ആറു ശതമാനം മാത്രമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ട് ഈ ബജറ്റിൽ കൂടുതൽ തൊഴിൽ നൽകുന്നതിനുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നു കരുതുന്നു. 

ഇന്ത്യയിൽ ദാരിദ്ര്യത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവെന്നതു സത്യമാണ്. എന്നാൽ ലോകത്തിലെ ദാരിദ്ര്യത്തിന്റെ പ്രമുഖ കേന്ദ്രമായി ഇതു മാറുന്നു. പാചക ഊർജം, വീട്, കക്കൂസ്, പോഷകാഹാരം എന്നിവയുടെ കുറവ് ദാരിദ്ര്യത്തിന്റെ ഒരു പ്രധാന അളവുകോലായെടുത്താൽ ലോകത്തിലെ ഇത്തരം 45.50 ദശലക്ഷം ആളുകളിൽ 34.4 ദശലക്ഷം പേർ ഇന്ത്യയിലാണ് (75.6%). ഇതുപോലെ ലോകത്തിലെ 97 ദശലക്ഷം പാവപ്പെട്ട ബാലന്മാരിൽ ഏതാണ്ട് 22 % ഇന്ത്യയിലാണ്. ഈ രണ്ടു കാര്യങ്ങളിലും വേണ്ട ഊന്നൽ ഈ വരുന്ന ബജറ്റിൽ നൽകുമെന്നു കരുതാം. 

മധ്യവർഗത്തിനു പ്രതീക്ഷ

ഏതൊരു ബജറ്റും മധ്യവർഗത്തിനു പ്രതീക്ഷയുടെ നാളുകളാണ്. ആദ്യം പ്രവാസികളുടെ കാര്യമെടുക്കാം. ഇരട്ടനികുതി ഒഴിവാക്കുന്നതിന് അവർ 10 എഫ് ഫോറം സമർപ്പിക്കേണ്ടത്. ഇപ്പോൾ നിലവിലുള്ള രീതിയനുസരിച്ച് അവർക്ക് പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആവശ്യമാണ്. ഈ വരുന്ന ബജറ്റിൽ പ്രവാസികൾക്കു പാനില്ലാതെ 10 എഫ് സമർപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള മാറ്റം പ്രതീക്ഷിക്കുന്നു. ലാഭവിഹിതത്തിനു നിലവിൽ ഇന്ത്യയിൽ താമസിക്കുന്നവർ പ്രവാസികളെക്കാൾ കൂടുതൽ നികുതി കൊടുക്കേണ്ടതുണ്ട്. ഇതു രണ്ടും തുല്യമാക്കുന്നതിനുള്ള നടപടികൾ ഈ വരുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു.

മുതിർന്ന പൗരന്മാരുടെ ആനുവിറ്റിയിലുള്ള പ്രതിമാസ വരുമാനം 25,000 രൂപ വരെയുള്ളത് നികുതിപരിധിയിൽനിന്ന് ഒഴിവാക്കുന്നതും  നന്നായിരിക്കും. റിയൽ എസ്റ്റേറ്റ് മേഖല നല്ല വളർച്ച നേരിടുന്ന സാഹചര്യത്തിൽ ഗാർഹിക വായ്പയിൽ കൂടുതൽ ആനുകൂല്യങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. സമ്പാദ്യത്തിലും സാമൂഹിക സുരക്ഷിതത്വ പദ്ധതികളിലും മാറ്റിവയ്ക്കുന്ന തുകയ്ക്കു നൽകിവരുന്ന നികുതി കിഴിവ് 1.5 ലക്ഷത്തിന്റെ പരിധിയിലാണ്. ഈ പരിധി 3–4 ലക്ഷത്തിലേക്ക് ഉയർത്തുമെന്നു കരുതുന്നു. ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കിഴിവ് 50,000 രൂപയായി വർധിപ്പിക്കുമെന്നു മധ്യവർഗം പ്രതീക്ഷിക്കുന്നു. 

ഇന്ത്യൻ നിർമിത ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2019 ൽ കോർപറേറ്റ് നികുതി കുറച്ചതുപോലെ പാർട്നർഷിപ്പ്, ലിമിറ്റഡ് ലയബിലിറ്റി എന്നീ സ്ഥാപനങ്ങൾക്കും ആ സൗജന്യം നൽകുമെന്നു പ്രതീക്ഷിക്കാം. സെമി കണ്ടക്ടർ, ഡിസ്പ്ലേ മാനുഫാക്ചറിങ് എന്നീ വ്യവസായങ്ങൾക്കും കൂടുതൽ ബജറ്റ് പിന്തുണയുണ്ടാകാൻ സാധ്യതയുണ്ട്. വായ്പയിലും ഭൗതിക സ്വത്തവകാശത്തിലും സ്റ്റാർട്ടപ്പുകൾ ബജറ്റിൽനിന്നു കൂടുതൽ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, പശ്ചാത്തലമേഖല, ആരോഗ്യം എന്നീ രംഗങ്ങളിൽ കൂടുതൽ പൊതുനിക്ഷേപവും പ്രതീക്ഷിക്കാം. ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതുകൊണ്ട് ബജറ്റ് സാമ്പത്തിക വളർച്ചയെക്കാൾ വികസനത്തിനു മുൻതൂക്കം നൽകുന്നതായിരിക്കും. 

ലേഖകൻ K.W. രാജ് സ്കൂൾ ഓഫ് എക്കണോമിക്സ് എംജി യൂണിവേഴ്സിറ്റിയുടെ വിസിറ്റിങ് ഫാക്കൽറ്റിയും സാമ്പത്തിക വിദഗ്ധനുമാണ്

English Summary : Union Budget and You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com