ബജറ്റിൽ കണ്ണു നട്ടിരുന്ന സാധാരണക്കാരുടെ വഴി മുട്ടുമോ?

HIGHLIGHTS
  • ദൈനംദിന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ചെറിയ ചെറിയ തുകകൾ വകയിരിത്തിയിരിക്കുന്നുഎന്നു മാത്രം
senior (4)
SHARE

2640 കോടി രൂപ അധികച്ചെലവും 2955 കോടി രൂപ അധിക വരുമാനവും നിർദേശിച്ചുകൊണ്ടുള്ള ബജറ്റാണ് ഇന്ന് കേരള നിയമസഭയിൽ ധനമന്ത്രി അവതരിപ്പിച്ചുട്ടുള്ളത്. വിരലിലെണ്ണാവുന്ന ചില പുതിയ പദ്ധതികൾ ഒഴിവാക്കിയാൽ ആകർഷകമായ പുതിയ പദ്ധതികളൊന്നും ഈ ബജറ്റിലില്ല.  കഴിഞ്ഞ വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ കേരള ബജറ്റ് കാര്യമായ ആവേശമൊന്നും നൽകുന്നില്ല.

വിലക്കയറ്റം നിയന്ത്രിക്കുവാനും നിത്യോപയോഗ സാധനങ്ങളുടെ വിപണനത്തിലും വിലയിലും ആവശ്യമായ ഇടപെടലുകൾ നടത്തുവാനും സർക്കാർ ഉദ്ദേശിക്കുന്നു.  2000 കോടി രൂപ ഈ ഇനത്തിൽ വിലയിരുത്തിയത് ശ്രദ്ധേയമാണ്.  ഉന്നത വിദ്യാഭ്യാസരംഗമടക്കമുള്ള വിദ്യാഭ്യാസ രംഗത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള നിർദേശങ്ങൾ ബജറ്റിലുണ്ട്. രാജ്യാന്തര സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുകയും അധ്യാപകർക്കും  വിദ്യാർത്ഥികൾക്കും ഈ സർവകലാശാലകളിൽ സന്ദർശിക്കാനും പഠിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുമെന്നും ഇതിന്റെ ഭാഗമായി പറയുന്നു.  കേന്ദ്ര സർക്കാർ നിർത്തലാക്കിയ പ്രീ മെട്രിക് സ്കോളർഷിപ് കേരളത്തിൽ തുടരും. വിവര സാങ്കേതിക രംഗത്ത് സംസ്ഥാനം തുടർന്നും കൂടുതൽ വളർച്ചയാണ് ലക്ഷ്യമിടുന്നത്.  ഡിജിറ്റൽ സയൻസ് പാർക്കുകൾ പ്രവർത്തനമാരംഭിക്കുമെന്നു ധനമന്ത്രി പറയുന്നു. 

എം എസ് എം ഇ യൂണിറ്റുകൾക്കും മറ്റും അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുവാനും വിൽക്കാനുമുള്ള ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കും എന്നതാണ് മറ്റൊരു നിർദേശം. ടൂറിസം മേഖലയ്ക്കും ബജറ്റിൽ കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്.  നേഴ്സിങ് കോളേജുകൾക്കും ആശുപത്രികൾക്കും ഉള്ള സഹായങ്ങൾ, പേവിഷത്തിനുള്ള വാക്സിൻ നിർമാണത്തിനുള്ള പ്രൊജെക്ടുകൾ, നേത്രക്കാഴ്ച  എന്നിവയെല്ലാം ആരോഗ്യ രംഗത്തിനു നൽകിയിരിക്കുന്നു.  അലോപ്പതിയോടൊപ്പം ആയുർവേദവും ഹോമിയോയും നിർദേശങ്ങളിൽ ഉണ്ട്. 

അത്രയൊന്നും മികച്ചതല്ലാത്ത ബജറ്റ്   

പ്രവാസി മലയാളികളുടെ യാത്ര ചെലവിലും തിരിച്ചു വരുന്ന പ്രവാസികളുടെ പുനഃരധിവാസത്തിലും നിർദേശങ്ങളുണ്ട്.  മനുഷ്യ വന്യജീവി സംഘർഷം, വന്യജീവി സംരക്ഷണം, മത്സ്യബന്ധനം, ശുചിത്വം, നീർത്തട സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീര വികസനം, തീരദേശ വികസനം, കുടുംബശ്രീ, ലൈഫ് മിഷൻ, തൊഴിലുറപ്പ് പദ്ധതികൾ, അതിഥി തൊഴിലാളികളുടെ ക്ഷേമം, സഹകരണമേഖല, പട്ടിക വർഗക്ഷേമം, ജലസേചനം, വെള്ളപ്പൊക്കം, പെൻഷൻ മുതലായ സാമൂഹിക ക്ഷേമ പദ്ധതികൾ  എന്നിവയെല്ലാം ബജറ്റ് നിർദേശങ്ങളിൽ കാണാം.  വയോജനങ്ങൾക്കുള്ള ക്രഷ് ആണ് പുതിയ ഒരു നിർദേശം. കലാ സാംസ്കാരിക വിഷയങ്ങളും ബഡ്ജറ്റിൽ ഉണ്ട്. ഒറ്റനോട്ടത്തിൽ സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നടന്നു പോരുന്നതും നടത്തി പോരേണ്ടതുമായ ദൈനംദിന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ചെറിയ ചെറിയ തുകകൾ വകയിരിത്തിയിരിക്കുന്നു എന്നല്ലാതെ ഈ ബജറ്റ് അത്രയൊന്നും മികച്ചതല്ല എന്ന് പറയാം.

ഗ്രീൻ ഹൈഡ്രജൻ പ്രൊജക്ടുകൾ

വികസന രംഗത്ത് പ്രധാനപ്പെട്ട ഒരു നിർദേശം കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി ആണ്.  വിഴിഞ്ഞം ഇടനാഴിക്കും ബജറ്റിൽ തുക നീക്കി വെച്ചിട്ടുണ്ട്.  കെ ഫോൺ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, വിവര സാങ്കേതിക വിദ്യ, സ്റ്റാർട്ട് അപ്പ് മിഷൻ  എന്നീ രംഗങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.  

2050 ൽ കാർബൺ ന്യൂട്രൽ സ്ഥിതി കേരളം കൈവരിക്കുമെന്ന കഴിഞ്ഞ വർഷത്തെ ബജറ്റ് നിർദേശം ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്.  അതിലേക്കുള്ള യാത്രയിൽ ഗ്രീൻ ഹൈഡ്രജൻ പ്രൊജക്ടുകൾ കൊച്ചിയിലും തിരുവനന്തപുരത്തും തുടങ്ങും. 

കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ് ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിക്കുമായി പോകുന്നു എന്നത്.  ഈ ഒഴുക്കിനെ തടയിടാനും നമ്മുടെ ചെറുപ്പക്കാരെ ഇവിടെ തന്നെ പിടിച്ചു നിർത്താനുമുള്ള ആശയങ്ങളോ നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല. 

മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിക്കും

വിഭവ സമാഹരണത്തിനു സർക്കാർ കാണുന്ന വഴികൾ മുഴുവൻ ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ളതാണ്.  ഭൂ നികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചും വൈദ്യുതി ചാർജ് കൂട്ടിയും വിവിധ ആവശ്യങ്ങൾക്കുള്ള മുദ്ര പത്രത്തിന്റെ വില ഉയർത്തിയും ഇരു ചക്ര വാഹനങ്ങൾ അടക്കമുള്ള വാഹനങ്ങളുടെ വിവിധ തരം സെസ്സുകളും നികുതികളും വർദ്ധിപ്പിച്ചും പെട്രോൾ ഡീസൽ വിലകൾ ഇനിയും ഉയരാൻ ഇടയാക്കുന്ന തരത്തിലുള്ള പുതിയ സെസ്സുകൾ ഏർപ്പെടുത്തിയും മറ്റുമാണ് അധിക വിഭവ സമാഹരണം നടത്തുന്നത്.  അതിനാൽ തന്നെ ഈ ബജറ്റ് കേരളത്തിലെ ജനങ്ങൾക്ക്‌ ആശ്വാസമല്ല ആശങ്കയാണ് ഉണ്ടാക്കുക.

ലേഖകൻ ബാങ്കിങ് വിദഗ്ധനാണ്

English Summary : Common Man and Kerala Budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS