ബജറ്റ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നേർച്ചിത്രമോ?

HIGHLIGHTS
  • വിലക്കയറ്റം നേരിടാൻ എന്ന പേരിൽ വകയിരുത്തിയത് 2000 കോടി രൂപ
Kerala Budget 2023 / KN Balagopal | Photo: MANOJ CHEMANCHERI
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. (Photo: MANOJ CHEMANCHERI)
SHARE

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സഞ്ചരിക്കുകയാണ് എന്നത് രഹസ്യമല്ല. കേന്ദ്രം കടമെടുപ്പ് കുറച്ചതും ജി എസ് ടി നഷ്ടപരിഹാരം നിലച്ചതുമെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയായി എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തോത് നിലവിൽ രൂക്ഷമായതിന്റെ മുഖ്യ കാരണം പ്രതിസന്ധി കാലഘട്ടത്തിലെ (2021ലെ) ശമ്പള പരിഷ്കരണമാണ്.

അതു കൊണ്ട് തന്നെ ബജറ്റിൽ വിവിധ തരം നികുതി നിർദ്ദേശങ്ങൾ ഉണ്ടാകും എന്നതും തീർച്ചയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പുറത്തു വന്ന സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടാണ് ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചത്. പ്രസ്തുത റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരു ദശകത്തെ മികച്ച വളർച്ചാ നിരക്കാണ് (121%) കേരളം 2021 - 22 വർഷത്തിൽ കൈവരിച്ചിരിക്കുന്നത്. എന്നാൽ ഈ അവകാശ വാദം കണക്കിലെ കളി മാത്രമാകുന്നു. തൊട്ടു മുൻ വർഷം –8.4% ആയതിനാലാണ് ഈ വർഷത്തെ വളർച്ച മികച്ചതായി നമുക്ക് തോന്നുന്നത്. പണപ്പെരുപ്പം ഉൾപ്പെടെ കണക്കിലെടുത്താൽ കഷ്ടിച്ച് 2-3 % വരെ വളർച്ച മാത്രമേ സംസ്ഥാനം കൈവരിച്ചിട്ടുള്ളൂ.

ജീവിതം ദുസഹമാകും

ചുരുക്കി പറഞ്ഞാൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ നേർച്ചിത്രമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. പുതിയ വിഭവ സമാഹരണ മേഖലകൾ തേടാതെ പെട്രോൾ - ഡീസൽ മുതൽ സമസ്ത മേഖലകളിലേയും നികുതി ചുമത്തൽ വിലക്കയറ്റം വർദ്ധിക്കാനും സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കാനും ഇടയാക്കും. ഭൂമിയുടെ ന്യായവില 20% കൂട്ടിയതും ഫ്ലാറ്റുകളുടെ റജിസ്ട്രേഷൻ ചിലവ് വർദ്ധിപ്പിച്ചതും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. വിലക്കയറ്റം നേരിടാൻ എന്ന പേരിൽ വകയിരുത്തിയ 2000 കോടി രൂപ എന്നതു കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.

നടപ്പ് സാമ്പത്തിക വർഷം വരുമാന വർദ്ധന 85000 കോടിയായി ഉയരും എന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ ചിലവ് കുറയ്ക്കാനോ പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചോ ഒന്നും ബജറ്റിൽ പരാമർശിച്ചു കണ്ടില്ല. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ശമ്പളവും പെൻഷനും കൊടുക്കാനായി മാറ്റി വയ്ക്കുമ്പോൾ ഈ മേഖലയിലെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിക്കാനും, കെ.എസ്. ആർ. ടി.സി. ഉൾപ്പെടെ ശമ്പളം വാങ്ങുന്നവരുടെ പ്രവർത്തന മികവോ സേവനമോ മാതൃകാപരമായി വിലയിരുത്താൻ സർക്കാർ ഇനിയും തയ്യാറാവുന്നില്ല എന്നത് ഖേദകരമാണ്. 

ഈ പ്രതിസന്ധികൾക്കിടയിലും ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്കുള്ള നീക്കിയിരിപ്പും മെയ്ക്ക് ഇൻ കേരളാ പദ്ധതിയും മാതൃകാപരമാണ്.

ലേഖകൻ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസി (കുഫോസ്)ന്റെ ബിസിനസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറാണ്

English Summary : Budget Reflects Kerala Government's Economic Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS