ADVERTISEMENT

വയോജനങ്ങൾക്ക് ആശ്വാസവും അതേ സമയം ആശങ്കയും ജനിപ്പിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. വയോജനങ്ങൾക്ക് ഡേ കെയർ, സായംപ്രഭ തുടങ്ങിയ പദ്ധതികൾക്ക് ഇടം നൽകിയെങ്കിലും പെൻഷൻ കുടിശികയുടെ കാര്യത്തിലും സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധനവിന്റെ കാര്യത്തിലും വയോജനങ്ങളെ പാടെ തഴയുന്ന സമീപനമാണ് ബജറ്റിൽ കണ്ടത്.

വയോധികർക്ക് ഡേകെയർ

സംസ്ഥാനത്തെ പുതിയ തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് വയോജനങ്ങൾക്കായി കൂടുതൽ ഡേകെയർ സെന്ററുകൾ / ക്രഷുകൾ ആരംഭിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഐ.ടി വ്യവസായ രംഗത്തുള്ളവരുമായുള്ള ചർച്ചയിലാണ് ഈ ആശയം ഉയർന്നുവന്നത്. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡേകെയർ സെന്ററുകൾ / ക്രഷുകൾ ആരംഭിക്കാൻ 10 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പല തദ്ദേശസ്ഥാപനങ്ങളും വയോധികർക്കായി  പകൽവീടുപോലുള്ള സംവിധാനങ്ങൾ നേരത്തെ ഒരുക്കിയിട്ടുണ്ട്.

വയോധിക ക്ഷേമം ലക്ഷ്യമിട്ടു കൊണ്ടുള്ള സായംപ്രഭ പദ്ധതിക്കായി 6.8 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട് എന്നതും വയോധികർക്ക് ആശ്വാസം പകരുന്നു. വയോമിത്രം പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 27.50 കോടി രൂപയും വക കൊള്ളിച്ചിട്ടുണ്ട്. രക്താതിമർദ്ദം, പ്രമേഹം, അർബുദം എന്നിവ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിയായ ശൈലിക്ക് 10 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

നേർക്കാഴ്ച 

എല്ലാവർക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നേർക്കാഴ്ച പദ്ധതി കൂടുതൽ പ്രയോജനം ചെയ്യുന്നത് വയോജനങ്ങൾക്കായിരിക്കും. എല്ലാ കുടുംബാംഗങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് ജനകീയമായി പദ്ധതി നടപ്പാക്കും. നേത്രവൈകല്യം കണ്ടെത്തുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ കണ്ണടകളും മരുന്നും ലഭ്യമാക്കാനും പരിപാടിയുണ്ട്. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പെൻഷൻകാർക്ക് കുടിശികയില്ല

സംസ്ഥാന സർവീസ് പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട കുടിശികയുടെ രണ്ടു ഗഡു ഇനിയും ലഭിക്കാനുണ്ട്. 2022-23 , 2023 - 24 വർഷങ്ങളിൽ നൽകാമെന്ന് അറിയിച്ചിരുന്ന കുടിശിക സംഖ്യയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ല. ഇതിനായി തുക അനുവദിച്ചിട്ടുമില്ല. ജീവിത സായാഹ്നത്തിൽ എത്തി നിൽക്കുന്ന പെൻഷൻകാരിൽ പലരും കുടിശിക കൈപ്പറ്റാനാകാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ കുടിശികയുടെ ശേഷിക്കുന്ന രണ്ടു ഗഡുക്കൾ ഒരുമിച്ചു നൽകണമെന്ന് പെൻഷൻ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അനുഭാവപൂർവമായ തീരുമാനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. പുതിയ ബജറ്റ് നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ദുസ്സഹമായ വിലക്കയറ്റം വരാനിരിക്കേ സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ വർദ്ധനവു വരുത്താത്തത് ഈ വിഭാഗത്തിനു മേലുള്ള മറ്റൊരു പ്രഹരമായി. സംസ്ഥാനത്ത് ഏകദേശം 62 ലക്ഷം വയോധികരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായുള്ളത്.

English Summary : Kerala Budget Announcements for Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com