ADVERTISEMENT

ആദായ നികുതി നിര്‍ണയത്തിനുള്ള പുതിയ രീതി കൂടുതല്‍ ആകര്‍ഷകമാക്കിയതോടെ ശമ്പളക്കാരായ കൂടുതല്‍ പേര്‍ അതു സ്വീകരിക്കുന്നതു സ്വാഭാവികം. ഇങ്ങനെ പുതിയ നികുതി ഘടനയിലേക്കു മാറുമ്പോള്‍ ഇതുവരെ ലഭിച്ചു കൊണ്ടിരുന്ന 80 സി അടക്കമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കില്ലെങ്കിലും പലര്‍ക്കും മൊത്തത്തില്‍ കണക്കാക്കുമ്പോള്‍ പുതിയ രീതിയാവും ലാഭകരം. ആദായ നികുതി ആനുകൂല്യത്തിനായി വര്‍ഷങ്ങളായി എസ്‌ഐപി രീതിയില്‍ നടത്തി വരുന്ന ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ ഇനിയെന്തിന് എന്ന ചോദ്യം ഇവരില്‍ പലരിലും ഉയര്‍ന്നേക്കാം. 

നിക്ഷേപത്തിന്റെ അടിസ്ഥാന പാഠങ്ങള്‍

ഇഎല്‍എസ്എസ് വഴി ലഭിക്കുന്ന ഒന്നര ലക്ഷം രൂപ വരെയുള്ള ആദായ നികുതി ആനുകൂല്യം ഇല്ലെങ്കില്‍ ആ നിക്ഷേപം തുടരണോ എന്ന ചോദ്യം ഉയര്‍ത്തുന്നവരില്‍ ബഹുഭൂരിപക്ഷവും  നിക്ഷേപത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസിലാക്കാത്തവരായിരിക്കും. ഏതു നിക്ഷേപമായാലും അതിന് സാമ്പത്തികമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. എത്ര കാലത്തേക്ക് എന്ത് ആവശ്യത്തിനായി നിക്ഷേപം നടത്തുന്നു എന്നതാണ് ആ ലക്ഷ്യം എന്നു ലളിതമായി പറയാം.  ഇത്തരത്തില്‍ ഒരു സാമ്പത്തിക ലക്ഷ്യവുമായാണ് ഈ പറയുന്ന ഇഎല്‍എസ്എസ് നിക്ഷേപം ആരംഭിച്ചത് എങ്കില്‍ അതു കൈവരിക്കുന്നതാണല്ലോ പ്രധാനം.

ഇങ്ങനെയൊരു സാമ്പത്തിക ലക്ഷ്യവുമായി നിക്ഷേപം ആരംഭിച്ചപ്പോള്‍ അധിക നേട്ടമായോ അതോടൊപ്പമുള്ള നേട്ടമായോ നികുതി ആനുകൂല്യവും ലഭിച്ചിരുന്നു എന്ന രീതിയിലാണു കാര്യങ്ങളെ കാണേണ്ടത്. അല്ലാതെ ഏതെങ്കിലും മ്യൂചല്‍ ഫണ്ട് അഡ്വൈസറോ മറ്റു സുഹൃത്തുക്കളോ പറഞ്ഞതു കൊണ്ടു മാത്രമാണ് നിക്ഷേപം ആരംഭിച്ചതെങ്കില്‍ അതു ശരിയായ രീതിയല്ല. അതുപോലെ നികുതി ആനുകൂല്യം ലഭിക്കുന്നു എന്നതു കൊണ്ടു മാത്രം നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതിയില്‍ നിക്ഷേപം നടത്തിയിരുന്നു എങ്കില്‍ അതും തെറ്റായിരുന്നു. പുതിയ നികുതി ഘടനയിലേക്കു മാറിയാലും നിലവിലെ നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന രീതിയില്‍ തുടരുക തന്നെ വേണം. അവയില്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് മറ്റൊരു കാര്യം. 

ആരോഗ്യ ഇന്‍ഷുറന്‍സിനും ബാധകം

സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യ പടികളിലൊന്നാണ് ആവശ്യമായ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ. 80 ഡി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതു കൊണ്ടു മാത്രമായിരിക്കരുത് നിങ്ങള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നത്. പഴയ നികുതി ഘടനയില്‍ തുടരുകയാണെങ്കിലും പുതിയ രീതി സ്വീകരിക്കുകയാണെങ്കിലും നിലവിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സുമായി മുന്നോട്ടു പോകണം. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി പരിരക്ഷാ തുക വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള നടപടികളും സ്വീകരിക്കണം.

നികുതി ഘടന ഏതായാലും സാമ്പത്തിക ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള നിക്ഷേപങ്ങള്‍ നടത്തുക എന്നതാണ് പ്രധാനം. ശമ്പളക്കാര്‍ പലരും ഇഎല്‍എസ്എസ് അടക്കമുള്ള നിക്ഷേപങ്ങള്‍ നടത്തുന്നത് മാര്‍ച്ച് മാസത്തിലായതിനാല്‍ ഇപ്പോള്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും വേണം.

English Summary : New Tax Regime and Your SIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com