ADVERTISEMENT

ലെബനനിലെ ആഭ്യന്തര യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ജനം ഇപ്പോൾ ഡോളറിൽ സാധനങ്ങളും, സേവനങ്ങളും വാങ്ങാൻ നിർബന്ധിതരാകുന്നു. 145  ശതമാനം പണപ്പെരുപ്പ നിരക്ക് എത്തിയതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം ലബനനിലെ കറൻസിക്ക് പകരം ഡോളർ മാത്രമാണ് ഇടപാടുകൾക്ക് എടുക്കുന്നത്. പണക്കാരായ ഒരു വിഭാഗത്തിന് ഡോളറിൽ കൊടുക്കാൻ സാധിക്കുമെങ്കിലും പാവപെട്ടവരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. "ഡോളറൈസേഷൻ" വഴി സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനും, പണപ്പെരുപ്പം കുറക്കാനും ലക്ഷ്യമിടുന്നുണ്ടെങ്കിലും, ദീർഘകാലത്തിൽ ഇത് ലബനനെ മോശമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 

സാമ്പത്തിക അസമത്വം രൂക്ഷം 

രാജ്യാന്തര കമ്പനികളിലോ, ഏജൻസികളിലോ ജോലി ചെയ്യുന്നവർക്കും, ഡോളറിൽ ശമ്പളം ലഭിക്കുന്നവർക്കും മാത്രമാണ് ലബനനിലെ ജീവിതം സുരക്ഷിതത്വം നൽകുന്നത്. ആ ഒരു കൂട്ടം ആളുകൾക്ക് എന്തും വാങ്ങുവാനുള്ള സൗകര്യവും, സ്വാതന്ത്ര്യവും, കഴിവുമുണ്ട്. വിദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളിൽ നിന്നും പണം ലഭിക്കുന്നവർക്കും സുഖമായി ജീവിക്കാനുള്ള സാഹചര്യം ലെബനനിലുണ്ട്. എന്നാൽ വരുമാനമില്ലാത്തതിനാൽ ഇടത്തരക്കാർ അപ്രത്യക്ഷരാകുന്ന ഒരവസ്ഥയിവിടുണ്ട് . ലെബനീസ് പൗണ്ടിൽ വേതനം ലഭിക്കുന്നവരുടെ കാര്യമാണ് ഏറ്റവും കഷ്ടം.  കുത്തഴിഞ്ഞ നികുതി സമ്പ്രദായവും കാര്യങ്ങൾ വഷളാക്കുന്നു. 

പണപ്പെരുപ്പത്തിന് കാരണം 

ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതാണ് ലെബനനിൽ പണപ്പെരുപ്പത്തിന് കാരണം. ആഭ്യന്തര യുദ്ധവും, മാറിമാറി വന്നിരുന്ന സർക്കാർ നയങ്ങളും പ്രശ്നങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. യുദ്ധാനന്തരമുണ്ടായ അനിയന്ത്രിതമായ ചെലവുകൾ മൂലം കാര്യങ്ങൾ കൈവിട്ടുപോകുന്ന ഒരു അവസ്ഥയുണ്ടായി. വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കറൻസിയുടെ മൂല്യ തകർച്ച, ഇന്ധനത്തിനും, മരുന്നുകൾക്കുമുള്ള സബ്‌സിഡികൾ നിർത്തൽ എന്നിവ മൂലം അടിസ്ഥാന കാര്യങ്ങൾ വരെ നടത്താൻ ജനം ബുദ്ധിമുട്ടുകയാണ്. 90 ശതമാനം കുടുംബങ്ങളും കുറഞ്ഞ വരുമാനത്തിലാണ് ജീവിക്കുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാത്തതും കാര്യങ്ങൾ അവതാളത്തിലാക്കി. 80 ശതമാനം ആളുകൾക്കും അത്യാവശ്യത്തിനു വേണ്ട ഭക്ഷണവും ലഭിക്കുന്നില്ല എന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. 

lebanon

ബാങ്ക് പ്രതിസന്ധി 

ബാങ്ക് അക്കൗണ്ടുകളിലുള്ള സ്വന്തം പണം പോലും പിൻവലിക്കാൻ ലെബനനിലുള്ളവർക്ക് ആകുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തിൽ ബാങ്കുകൾ താത്കാലിക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത് എങ്കിൽ പിന്നീട് അത് കർശന നിയന്ത്രണങ്ങളിലേക്ക് പോയി. നിക്ഷേപകർക്ക് കൃത്രിമമായി ചുമത്തിയ നിരക്കിൽ ഡോളറുകൾ പിൻവലിക്കാൻ മാത്രം കഴിയുന്ന ഒരവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ലെബനനിലെ വാണിജ്യ ബാങ്കുകൾക്ക് മതിയായ പണലഭ്യത ഇല്ലെന്ന് രാജ്യത്തെ ബാങ്കിങ് അസോസിയേഷൻ മേധാവി തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന് സമ്മതിച്ചു. 

ലെബനനിൽ ഒരു മണിക്കൂർ തൊട്ട് 3 മണിക്കൂർ വരെ മാത്രമാണ് വൈദ്യതി വിതരണം ഇപ്പോഴുള്ളത്.സമ്പന്നർ ബാക്കി സമയം ജനറേറ്ററുകളെ ആശ്രയിക്കുമ്പോൾ പാവപ്പെട്ടവർക്ക് മറ്റൊരു രീതിയിൽ കൂടി അസമത്വം അനുഭവിക്കേണ്ടി വരികയാണ്. 2019 മുതൽ ലബനീസ് പൗണ്ടിന്റെ വില ഇടിയാൻ തുടങ്ങിയതാണ്. ലബനനിലെ കറൻസി പ്രശ്നങ്ങൾ കാരണം അമേരിക്കൻ ഡോളറിനെ  കൂടുതലായി ആശ്രയിക്കുമ്പോൾ പരോക്ഷമായി അമേരിക്കൻ ഡോളർ കൂടുതൽ ശക്തിയാര്ജിക്കുകയാണ്. സുസ്ഥിരമായ ഒരു കറൻസി എന്ന നേട്ടം നിലനിർത്താൻ അമേരിക്കൻ ഡോളറിനെ കൂട്ടുപിടിക്കുന്ന രാജ്യങ്ങൾ അവരുടെ കറൻസിയെയും, സമ്പദ് വ്യവസ്ഥയെയും കൂടുതൽ സമർദ്ദത്തിലേക്ക് ആഴ്ത്തുകയാണ് എന്നത് ബോധപൂർവം മറക്കുകയാണ്. വെനിസ്വെലയും, സുഡാനും കഴിഞ്ഞാൽ ഏറ്റവുമധികം പണപ്പെരുപ്പമുള്ള രാജ്യമായ ലെബനന് സ്വന്തം കറൻസിയെ മാറ്റി നിർത്തി ഡോളറിന്റെ ഇടപാടുകൾക്കായി സ്വീകരിക്കുക അല്ലാതെ മറ്റ് മാർഗങ്ങൾ ആലോചിച്ചു  നടപ്പിലാക്കാൻ പോലുമുള്ള ശേഷിയില്ലാതെയായി. 

English Summary : Crisis is Increasing in Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com