എക്കാലത്തെയും ഉയർന്ന വില എന്ന റെക്കോർഡിലേക്ക് സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു ഗ്രാമിന് 5,315 രൂപയിലും പവന് 42,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഇതിനു മുൻപ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ജനുവരി 26ന് ആയിരുന്നു. ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നതും ജനുവരിയിലെ ഉയർന്ന വിലയ്ക്ക് കാരണമായിരുന്നു. ഫെബ്രുവരിയിലും മാർച്ച് മാസത്തിന്റെ തുടക്കത്തിലും പൊതുവെ ഇടിഞ്ഞു നിന്ന സ്വർണവില മാസത്തിന്റെ പകുതിയോടെ വീണ്ടും റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിലും സ്വർണം ഉയർന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര ബോണ്ട് യീൽഡുകൾ വൻ തകർച്ച നേരിട്ട ഇന്നലെ രാജ്യാന്തര സ്വർണ വില കുതിപ്പ് നേടി. സ്വർണം ഇന്നലെ 1919 വരെ മുന്നേറി. അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ബോണ്ട് യീൽഡും സ്വർണത്തിന് നിർണായകമാണ്.
English Summary : Gold Price in Record High Today