ഇന്നലെ 'ലോക സന്തോഷ ദിനം' ആയിരുന്നു. ഇതനുസരിച്ച് യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ഒരു വാർഷിക റിപ്പോർട്ട് പുറത്തിറക്കിയതിൽ ഇന്ത്യ സന്തോഷമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ് പെട്ടിരിക്കുന്നത്.
ദേശീയ, രാജ്യാന്തര മാനദണ്ഡങ്ങളിൽ ആഗോള സന്തോഷത്തെ 'അളന്നാണ് ' റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇന്ത്യയുടെ സ്ഥിതി മോശമാണ് എന്നുള്ളത് മാത്രമല്ല ഇന്ത്യയുടെ അയൽ രാജ്യങ്ങളെല്ലാം സന്തോഷ കാര്യത്തിൽ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലുമാണ്.
ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഏതാണ്?
7.8 സ്‌കോറോടെ ഫിൻലാൻഡ് തുടർച്ചയായ ആറാം വർഷവും റാങ്കിങിൽ ഒന്നാമതെത്തിയപ്പോൾ ഡെന്മാർക്ക്, ഐസ്‌ലാൻഡ് തുടങ്ങിയ നോർവീജിയൻ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആദ്യ 10 പട്ടികയിൽ, മറ്റ് രാജ്യങ്ങൾ ഇസ്രായേൽ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, ന്യൂസിലാൻഡ് എന്നിവയാണ്. ആരോഗ്യകരമായ ആയുർദൈർഘ്യം, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, കുറഞ്ഞ അഴിമതി, സമൂഹത്തിലെ ഔദാര്യം, പ്രധാന ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്.137 രാജ്യങ്ങളിൽ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ് ഏറ്റവും അവസാന സ്ഥാനത്തുള്ളത്, റിപ്പോർട്ട് അനുസരിച്ച് ഏറ്റവും അസന്തുഷ്ടമാണ്. ലെബനൻ, സിംബാബ്‌വെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയവയാണ് പട്ടികയുടെ ഏറ്റവും താഴെയുള്ള മറ്റ് പ്രദേശങ്ങൾ. ഈ രാജ്യങ്ങളിൽ ഉയർന്ന അഴിമതിയും കുറഞ്ഞ ആയുർദൈർഘ്യവും ഉണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം?
ഇന്ത്യയുടെ റാങ്ക് 136 ൽ നിന്ന് 125 ആയി മെച്ചപ്പെട്ടു, പക്ഷേ രാജ്യം ഇപ്പോഴും അതിന്റെ അയൽരാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ് മുതലായവയ്ക്ക് താഴെയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെങ്കിലും, ഇന്ത്യ സൂചികയിൽ സ്ഥിരമായി താഴ്ന്ന നിലയിലാണ്. ഇപ്പോൾ ഒരു വർഷത്തിലേറെയായി യുദ്ധം ചെയ്യുന്ന റഷ്യയും യുക്രെയ്നും സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് മുകളിലാണ്. 70-ാം സ്ഥാനത്താണ് റഷ്യ. 92-ാം സ്ഥാനത്താണ് യുക്രെയ്ൻ.
English Summary : Where is India in World Happiness Report