വരുന്നു, സ്വർണാഭരണങ്ങളിലെ ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ഏപ്രിൽ ഒന്നു മുതൽ

HIGHLIGHTS
  • രാജ്യത്തു വിൽക്കുന്ന ഓരോ സ്വർണത്തിനും കൃത്യമായ കണക്കുണ്ടാക്കുകയാണ് ലക്ഷ്യം
gold-ornament
SHARE

സ്വർണവില റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ സ്വർണത്തിന്റെ തിരിച്ചറിയൽ രേഖയായ എച്ച്‌യുഐഡി (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ) കർശനമാക്കുകയാണ് കേന്ദ്രസർക്കാർ. ഏപ്രിൽ ഒന്നു മുതൽ ആഭരണങ്ങളിൽ മാത്രമല്ല, രണ്ടു ഗ്രാമിനു മുകളിലുള്ള ഏതു സ്വർണ ഉരുപ്പടിയിലും ആറ് അക്ക എച്ച്‌യുഐഡി നിർബന്ധമാകുമ്പോൾ ഹാൾമാർക്കിങ് കേന്ദ്രങ്ങൾക്കും പ്രാധാന്യമേറുകയാണ്. ഇത്തരത്തിലുള്ള അഞ്ചു കേന്ദ്രങ്ങളാണ് കൊച്ചിയിലുള്ളത്. ഏറ്റവും കൂടുതൽ ഹാൾമാർക്കിങ് കേന്ദ്രങ്ങളുള്ളത് തൃശൂരാണ്, 45. കനത്ത സുരക്ഷയിൽ പ്രവൃത്തിക്കുന്ന ഹാൾമാർക്കിങ് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

റജിസ്റ്ററിൽ ഒപ്പുവച്ച്, ബയോമെട്രിക് സംവിധാനത്തിലൂടെ വാതിൽ തുറന്നു വേണം അകത്തേക്കു പ്രവേശിക്കാൻ. ജ്വല്ലറികളിൽ നിന്ന് എത്തിക്കുന്ന സ്വർണം വാങ്ങുന്നതിനായി പ്രത്യേകം സ്ഥലമുണ്ട്. വെബ്സൈറ്റിൽ രേഖപ്പെടുത്തിയ ശേഷമാണ് സ്വർണം ജ്വല്ലറികൾ ഈ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. അതിനാൽ എല്ലാത്തിനും കൃത്യം കണക്കുണ്ട്. സ്വർണം എത്തിയാൽ വിവരങ്ങൾ പരിശോധിച്ച്  പ്രത്യേക പെട്ടികളിലാക്കി സൂക്ഷിക്കും. ബയോമെട്രിക് സുരക്ഷാസംവിധാനങ്ങൾ കടന്നു വേണം ഹാൾമാർക്കിങ് നടത്തുന്ന സ്ഥലത്തെത്താൻ. സ്വർണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന സ്കാനർ മെഷീനും ലേസർ സംവിധാനവുമാണ് ഇവിടെ പ്രധാനമായും ഉള്ളത്. ലേസർ വിദ്യ ഉപയോഗിച്ചാണ് സ്വർണത്തിൽ മുദ്രപതിപ്പിക്കുന്നത്. ഉൽപന്നത്തിന്റെ വലുപ്പം അനുസരിച്ച് പതിപ്പിക്കുന്ന മുദ്രയ്ക്ക് 0.5– 2 മില്ലീമീറ്റർ വലിപ്പം ആകാം.

ഹാൾമാർക്കിങ് എങ്ങനെ

ജ്വല്ലറികൾ ആഭരണം കൊണ്ടുവരുമ്പോൾ തന്നെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) വെബ്സൈറ്റിൽ  അളവും വിവരങ്ങളും രേഖപ്പെടുത്തണം. ഹാൾമാർക്കിങ് കേന്ദ്രത്തിൽ എത്തിയാൽ ഇതു തരം തിരിച്ചു ബിഐഎസ് വെബ്സൈറ്റിൽ രേഖപ്പെടുത്തും. ഇതിൽ നിന്നു ബിഐഎസ് പറയുന്നവയുടെ സാംപിളുകൾ പരിശോധനയ്ക്കായി കേന്ദ്രത്തിന്റെ തന്നെ ലാബിലേക്ക് അയക്കണം. ലാബ് ഫലം സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൃത്യമാണെങ്കിൽ ആഭരണങ്ങൾക്ക് ഓരോന്നിനും പതിപ്പിക്കേണ്ട നമ്പർ ബിഐഎസ് നൽകും. ഇതാണ് ആഭരണത്തിന്റെ എച്ച്‌യുഐഡി. പരിശോധനയിൽ പരിശുദ്ധിയിൽ ഒരു ശതമാനം കുറവു വന്നാൽ പോലും അതിന് നമ്പർ ലഭിക്കില്ല. ടെസ്റ്റ് ചെയ്ത സാംപിളിന് ആനുപാതികമായി ആഭരണങ്ങൾക്ക് ബിഐഎസ് നമ്പർ നിഷേധിക്കുകയും ചെയ്യും.

INDIA-ECONOMY-GOLDSMITH-WORKSHOP
(Photo by SAM PANTHAKY / AFP)

ഉപകരണ ശേഷി അനുസരിച്ച് ഒരു ദിവസം പതിനായിരക്കണക്കിന് ആഭരണങ്ങളിൽ വരെ മുദ്രപതിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്. 

എച്ച്‌യുഐഡി

രാജ്യത്തു വിൽക്കുന്ന ഓരോ സ്വർണത്തിനും കൃത്യമായ കണക്കുണ്ടാക്കുക എന്ന ലക്ഷ്യം തന്നെയാണ് ആറക്ക മുദ്രയിലേക്കു മാറുന്നതു വഴി സർക്കാർ ലക്ഷ്യമിടുന്നത്. നമ്മൾ വാങ്ങുന്ന ഓരോ സ്വർണത്തിന്റെ പരിശുദ്ധിയും അളവും വിലയും എല്ലാം കൃത്യമായി ടാഗ് ചെയ്യുന്നതാണ് എച്ച്‌യുഐഡി. വാങ്ങുന്ന ആഭരണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഹാൾമാർക്ക് നമ്പർ ബിഐഎസ് കെയർ ആപ്പിൽ അടിച്ചു കൊടുത്താൽ എല്ലാ വിവരവും ലഭിക്കും. ഇതു ഭാവിയിൽ സ്വർണം വിൽക്കുമ്പോഴും ഉപയോക്താവിനു ഗുണകരമാകും.

സ്വർണത്തിന് സർക്കാർ ഹാൾമാർക്കിങ് നിർബന്ധമാക്കിയത് രണ്ടായിരത്തിലാണ്. അന്ന് ആഭരണത്തിന്റെ പരിശുദ്ധി, ജ്വല്ലറി കോഡ്, ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ കോഡ് എന്ന 4 അക്ക നമ്പർ രീതിയായിരുന്നു. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം എന്നതുമാത്രമായിരുന്നു ഇതിന്റെ ഗുണം. വർഷങ്ങൾക്കു ശേഷം 2021 ജൂലൈ ഒന്നിനാണ് ആറക്ക നമ്പർ ഉൾപ്പെടുന്ന ഹാൾമാർക്കിങ് നമ്പർ പതിപ്പിക്കണമെന്നു സർക്കാർ നിർദേശം വരുന്നത്. എങ്കിലും പഴയ 4അക്ക മുദ്രപതിപ്പിച്ചവ വിൽക്കുന്നതിന് തടസ്സമില്ലായിരുന്നു. എന്നാൽ ഏപ്രിൽ ഒന്നു മുതൽ 6 അക്ക പുതിയ മുദ്ര പതിപ്പിച്ച ആഭരണങ്ങൾ മാത്രമാണ് ജ്വല്ലറികളിൽ വിൽക്കാൻ കഴിയുക. ഉപയോക്താവിന് പഴയ സ്വർണം വിൽക്കുന്നതിന് യാതൊരു തടസ്സവും ഇതുകൊണ്ടുണ്ടാകില്ല.

പഴയതും പുതിയതും തമ്മിലെ വ്യത്യാസം

ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി (22K916), ആൽഫാന്യൂമറിക് നമ്പർ എന്ന രീതിയിലാണ് ഇനി മുതൽ എച്ച്‌യുഐഡി. ഈ ആൽഫാന്യൂമറിക് നമ്പർ നൽകുന്നത് ബിഐഎസ് ആണ്. ഓരോ ആഭരണത്തിനും വ്യത്യസ്ത നമ്പർ ആയിരിക്കും. സ്വർണം നിർമിച്ചത് എവിടെ, ഏതുതരം ഉൽപന്നം, ഹാൾമാർക്കിങ് കേന്ദ്രം തുടങ്ങിയ വിവരങ്ങളെല്ലാം അടങ്ങുന്നതാണ് ആൽഫാന്യൂമറിക് നമ്പർ. നേരത്തെ ജ്വല്ലറിയുടെ പേരിന്റെ അടിസ്ഥാനത്തിലുള്ള കോഡാണ് ആഭരണങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് എജെ എന്ന കോഡ് ആണെങ്കിൽ ആ കോഡിൽ തന്നെ ഒന്നിൽ കൂടുതൽ സ്വർണക്കടകളുണ്ടാകാം. അതുകൊണ്ടു തന്നെ കൃത്യമായ കണക്കെടുപ്പ് സാധ്യമായിരുന്നില്ല, മാത്രമല്ല, വ്യാജ ഹാൾമാർക്കിങ്ങും നിർബാധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

പുതിയ ഹാൾമാർക്കിങ് മുദ്ര പതിപ്പിക്കാനായി ഏകദേശം 20 മാസത്തോളം സമയമാണ് ജ്വല്ലറികൾക്കു ലഭിച്ചത്. അതുകൊണ്ടു തന്നെ സമയപരിധിയിലേക്ക് അടുക്കുമ്പോഴും കേന്ദ്രങ്ങളിൽ വലിയ തിരക്കില്ലെന്ന് ഹാൾമാർക്കിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ജയിംസ് ജോസ് പറഞ്ഞു. ചില സമയങ്ങളിൽ ബിഐഎസ് വെബ്സൈറ്റ്മന്ദഗതിയിലാകുന്നതു മാത്രമാണ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത്. എങ്കിലും നിയമം പ്രാബല്യത്തിലാകുന്നതോടെ ഹാൾമാർക്കിങ് കേന്ദ്രങ്ങൾക്കു പ്രാധാന്യം ഏറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary : Know More About Hallmark Unique Identification Number in Gold Ornamnets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS