ഭാര്യ, രണ്ട് പെൺകുട്ടികൾ (10th class, 3rd class) മാതാപിതാക്കൾ എന്നിവരടങ്ങുന്നതാണ് നാൽപത്തേഴുകാരനായ എന്റെ കുടുംബം. നിലവിൽ നിക്ഷേപമോ സമ്പാദ്യമോ ഇല്ല. 8 ലക്ഷം രൂപയോളം കടമുണ്ട്. മാസം 3000 രൂപ മാറ്റി വയ്ക്കാനാകും. അനുയോജ്യമായ നല്ലൊരു എസ്ഐപി നിർദേശിക്കാമോ? കൂടാതെ, കുറച്ചു പണം ഓഹരിയിലും നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല ഓഹരി പ്ലാൻ ഏതാണ്? ഇതിനു ഞാൻ ആരെ സമീപിക്കണം? കൊച്ചിയിൽ നിന്ന് ജോബി ജോസഫ് എന്നാ?ാളുടേതാണ് ചോദ്യം.
ഉത്തരം:
താങ്കൾക്ക് ഇതുവരെ സമ്പാദ്യമോ നിക്ഷേപമോ ഇല്ല. കടബാധ്യതയും ഉണ്ട്. ഇത്തരം ഘട്ടത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയാണ് ആദ്യം ഉറപ്പിക്കേണ്ടത്. ഒരസുഖം വന്ന് ആശുപത്രിയിലായാൽ വീണ്ടും കടം വാങ്ങേണ്ടി വരില്ലേ? അതുകൊണ്ട്, പ്രധാനമന്ത്രി ജനാരോഗ്യ പദ്ധതിയിൽ ചേർന്നിട്ടില്ലെങ്കിൽ അതിൽ ഉടനെ ചേരാൻ ശ്രമിക്കണം. അഞ്ചു ലക്ഷം രൂപയുടെ ചികിത്സാചെലവ് സൗജന്യമായി ലഭിക്കും. അടുത്തതായി താങ്കളുടെ അഭാവത്തിൽ കുടുംബത്തിനു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഇൻഷുറൻസ് എടുക്കുകയെന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ ചേർന്നാൽ താങ്കളുടെ അഭാവത്തിൽ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കും. വാർഷിക പ്രീമിയം 436 രൂപയാണ്. എൽഐസി, പോസ്റ്റ് ഓഫിസ്, ബാങ്ക് എന്നിവ വഴി ഇതിൽ ചേരാൻ കഴിയും.
കരുതൽ ധനം
അത്യാവശ്യ ഘട്ടങ്ങളിൽ എടുക്കാനായി കരുതൽ ധനം സ്വരൂപിക്കുന്നതാണ് ഇനി ചെയ്യേണ്ടത്. അതിനുവേണ്ടി ബാങ്കിൽ ഒരു റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങണം. പ്രതിമാസം 2000 രൂപ വീതം പന്ത്രണ്ടു മാസത്തേക്ക് ഇതിൽ നിക്ഷേപിക്കുക. എപ്പോൾ അത്യാവശ്യം വന്നാലും ഈ പണം എടുക്കാൻ കഴിയും. എന്നാൽ, വീണ്ടും ആ ധനം പൂർവസ്ഥിതിയിലാക്കാൻ ശ്രദ്ധിക്കണം. മകളുടെ ഉന്നത വിദ്യാഭ്യാസ –വിവാഹ ചെലവുകളും വാർധക്യത്തിൽ വരുമാനവും ഉറപ്പാക്കണം. എടുത്തു ചാടി എന്തെങ്കിലും ചെയ്തു കുറച്ചു പണം ഉണ്ടാക്കാം എന്നു വിചാരിച്ചാൽ അതു നഷ്ടത്തിലേക്ക് എത്തിക്കും. പറ്റിക്കപ്പെടാനും സാധ്യത കൂടുതലാണ്. ഓഹരിയിൽ നിക്ഷേപിക്കാൻ ചെല്ലുന്ന താങ്കളെ ഓഹരി ദല്ലാളന്മാർ കൂടുതൽ കമ്മിഷൻ ലഭിക്കാൻ വേണ്ടി ട്രേഡിങ്ങിലേക്ക് ആകർഷിക്കും. ആദ്യമൊക്കെ കുറച്ചു ലാഭം കിട്ടിയാലും പിന്നെ വൻ നഷ്ടം ഉണ്ടാവാം. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ ഒരുപാടു പഠിക്കുകയും ഗവേഷണം ചെയ്യുകയും വേണം.
മ്യൂച്വൽ ഫണ്ട് മാർഗം
ഓഹരിയിൽ നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ട് മാർഗം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. ഒരു മിശ്രിത ഫണ്ടിൽ 500 രൂപ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുക. ഇത്തരം ഫണ്ടുകളിൽ ഓഹരിയും കടപ്പത്രവും സമാസമം ഉള്ളതിനാൽ നഷ്ടസാധ്യത കുറവായിരിക്കും. മൂത്ത കുട്ടിക്കു കോളജ് വിദ്യാഭ്യാസത്തിനുള്ള സമയമാകുമ്പോൾ അതു വളർന്ന് അൻപതിനായിരം രൂപയാകാൻ സാധ്യതയുണ്ട്. ഇതിനു പുറമേ 500 രൂപ ഇളയ മകളുടെ പേരിൽ സുകന്യ സമൃദ്ധി പദ്ധതിയിൽ എല്ലാ മാസവും നിക്ഷേപിക്കുക. ഇളയ കുട്ടി കോളേജിൽ പോകാൻ സമയമാകുമ്പോൾ അതിൽ എഴുപതിനായിരം രൂപയോളമുണ്ടാകും.
പന്ത്രണ്ടു മാസം കഴിയുമ്പോൾ കരുതൽ ധനത്തിനുള്ള ആർഡി അവസാനിപ്പിച്ച് ആ തുകയെടുത്തു ബാങ്കിൽ സ്ഥിര നിക്ഷേപമിടുക. എന്നിട്ട് ആർഡിയിലേക്ക് അടയ്ക്കുന്ന 2,000 രൂപ ആയിരം വീതം 2 ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുക. ഈ എസ്ഐപികൾ ഓരോ കുട്ടിയുടെയും വിവാഹം വരെ തുടരുക.
കൂടുതൽ തുക നീക്കിവയ്ക്കാനാകുമ്പോൾ വാർധക്യകാലത്തേക്കായി പുതിയ എസ്ഐപികൾ തുടങ്ങുക. കുട്ടികളെ നല്ല രീതിയിൽ പഠിക്കാൻ പ്രോത്സാഹിപ്പിക്കുക. നല്ല മാർക്കുണ്ടെങ്കിൽ ഉന്നതവിദ്യാഭാസം സർക്കാർ സ്ഥാപനങ്ങളിൽ നിന്നു തുച്ഛമായ ഫീസിൽ നേടാൻ കഴിയും. അതുപോലെ തന്നെ പഠനം തീരുന്ന മുറയ്ക്കു ജോലി കിട്ടാൻ സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുക.
ലേഖകൻ PrognoAdvisor.com ന്റെ സ്ഥാപകനാണ്
English Summary : Financial Planning for a Common Man