ADVERTISEMENT

സാധാരണക്കാരനെ സംബന്ധിച്ച് ഒരുപാടു സംശയങ്ങളും താരതമ്യേന അറിവുകുറവുള്ളതമായ മേഖലയാണ് ആദായനികുതി. നമ്മുടെ വരുമാനത്തിനുമേൽ ഈടാക്കപ്പെടുന്നതും നികുതിദായകർ നേരിട്ട് അടയ്ക്കുന്നതും ആയിട്ടുള്ള ആദായനികുതിയെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ ചേർക്കുന്നത്. താഴെ പറയുന്ന കാര്യങ്ങൾ 60 വയസിൽ താഴെ പ്രായമുള്ള റസിഡന്റ് വ്യക്തികൾക്ക് ബാധകമാകുന്ന ആദായനികുതി വകുപ്പുകളെ ആധാരമാക്കിയുള്ളതാണ്. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 80 വയസിനുമുകളിൽ പ്രായമുള്ളവർക്കും ചെറിയ മാറ്റങ്ങളുണ്ട്. എന്നിരുന്നാലും അടിസ്ഥാന ആശയങ്ങളിൽ മാറ്റങ്ങളില്ല.

ആരൊക്കെയാണ് ആദായനികുതിയുടെ റിട്ടേൺ സമർപ്പിക്കേണ്ടത് ?

ആദായനികുതി വകുപ്പ് പ്രകാരം നികുതിയടയ്ക്കേണ്ട വരുമാനം അടിസ്ഥാന ഇളവ് പരിധിയിൽ കൂടുതൽ ആവുകയോ, വിദേശ നിക്ഷേപങ്ങളും ആസ്‌തികളും ഉള്ളവരും, 1 കോടിരൂപയിൽ കൂടുതൽ കറൻറ് അക്കൗണ്ടിൽ  നിക്ഷേപിച്ചിട്ടുള്ളവരും, വിദേശയാത്രക്ക് 2 ലക്ഷം രൂപയിൽ കൂടുതൽ ചിലവാക്കിയിട്ടുള്ളവരും, വൈദ്യുതിബിൽ 1 ലക്ഷം രൂപയിൽ കൂടുതൽ അടച്ചിട്ടുള്ളവരും, 60 ലക്ഷം രൂപയിൽകൂടുതൽ വിറ്റുവരവുള്ള ബിസിനസുകാരും, 10 ലക്ഷം രൂപയിൽ കൂടുതൽ വരവുള്ള പ്രൊഫെഷണൽസും, 25,000 രൂപയിൽ കൂടുതൽ ടി.ഡി.എസ്. പിടിക്കപ്പെട്ടവരും, ടി.ഡി.എസ്.-ടി.സി.എസ്  50000  രൂപയിൽ കൂടുതൽ പിടിക്കപ്പെട്ടിട്ടുള്ളവരും, സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 50 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളവരും, ആദായനികുതിവകുപ്പ് പ്രകാരം റിട്ടേൺ സമർപ്പിക്കേണ്ട മറ്റ് ആൾക്കാരും നിർബന്ധമായി ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതാണ്.

കൂടാതെ ടി.ഡി.എസ് പിടിക്കപ്പെട്ടത് തിരികെ ലഭിക്കാനും, വിവിധ ഹെഡുകളിലെ നഷ്ടങ്ങൾ വരും വര്‍ഷങ്ങളിലേക്കു കൊണ്ടുപോകേണ്ടവർക്കും ആദായനികുതി റിട്ടേൺ സമർപ്പിക്കാവുന്നതാണ്. ഇൻകം ടാക്സ് വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ അനുമാന വർഷത്തിൽ 140 കോടി ആൾക്കാരുള്ള ഇന്ത്യയിൽ റിട്ടേൺ സമർപ്പിച്ചിട്ടുള്ളത് 6,45,92,800 പേര് മാത്രമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇത് വലിയ അന്തരം തന്നെയാണ്.

ഏത് വർഷത്തെ നികുതിയാണ് ഇപ്പോൾ സമർപ്പിക്കാൻ പറ്റുക?

ആദായനികുതിയിൽ വരുമാനം കിട്ടുന്ന വർഷത്തെ  പ്രീവിയസ് ഇയർ എന്നും ആ വർഷത്തിലെ വരുമാനം എത്രയുണ്ട് എന്ന് കണക്കാക്കി റിട്ടേൺ സമർപ്പിക്കുന്ന വർഷത്തെ അസ്സസ്സ്മെന്റ് ഇയർ എന്നും പറയുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ പ്രീവിയസ് ഇയർ 2022-23ൽ നേടിയ വരുമാനം കണക്കാക്കുന്ന അസ്സസ്സ്മെന്റ് ഇയർ 2023-24 ആണ് നടപ്പിലുള്ളത്. ഈ കാലയളവിലെ ആദായനികുതിയാണ് ഇപ്പോൾ സമർപ്പിക്കാൻ പറ്റുക. കൂടാതെ ആദായനികുതി വകുപ്പിലെ 139(8A) വകുപ്പ് പ്രകാരം അസ്സസ്സ്മെന്റ് ഇയർ 2021-22,2022-23 വര്ഷങ്ങളിലെ റിട്ടേണും  സമർപ്പിക്കാവുന്നതാണ്.

എന്റെ വരുമാനം ശമ്പളവും ബാങ്ക്‌പലിശയും മാത്രമാണ് . അതിന്മേൽ കൃത്യമായി ടാക്സ് പിടിക്കപ്പെടുന്നുമുണ്ട് (ടി,ഡി,എസ്.). ഞാൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട കാര്യം ഉണ്ടോ ?

ഒരുപാടുപേരിൽ കണ്ടുവരുന്ന ഒരു സംശയമാണിത്. ആദായനികുതി എന്നത് നിങ്ങൾ വ്യക്തിപരമായി സമർപ്പിക്കേണ്ട ഒന്നാണ്. നിങ്ങൾ റിട്ടേൺ സമർപ്പിക്കുമ്പോൾ മാത്രമേ പിടിക്കപ്പെട്ട ടി.ഡി.എസ് സർക്കാരിനു വരുമാനം ആയിമാറുകയുള്ളു. അപ്പോൾ മാത്രമേ നിങ്ങളുടെ നികുതിബാധ്യത ഇല്ലാതാവുകയൊള്ളു. കൂടാതെ ശമ്പളമൊഴികെയുള്ള വരുമാനസ്രോതസുകൾക്ക് നിശ്ചിത ശതമാനമാണ് ടി.ഡി.എസ്. റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് വ്യത്യാസം വരുന്ന നികുതി അടക്കുകയോ തിരികെ വാങ്ങാവുന്നതും ആയി വരും. ഉദാഹരണത്തിന് എന്റെ വരുമാനം സ്ഥിരനിക്ഷേപത്തിനുമേൽ ഉള്ള ബാങ്ക് പലിശ മാത്രമാണ് എന്ന് വിചാരിക്കുക. ഒരു വര്‍ഷം എനിക്ക് 10 ലക്ഷം രൂപ ഈ ഇനത്തിൽ ലഭിക്കും.

ബാങ്ക് അതിൽ നിന്ന് ആദായനികുതി വകുപ്പ് നിയമപ്രകാരം 10% ടി.ഡി.എസ് പിടിക്കും. അതായത് 1 ലക്ഷം രൂപ. ഞാൻ പഴയ റെജിമെയിൽ പോകുന്ന ആളാണ് എങ്കിൽ സെസ് കൂടാതെ 112500 രൂപ നികുതിയടക്കണം. പിടിച്ച ടി.ഡി.എസ്. 1 ലക്ഷം രൂപ കിഴിച്ചു ബാക്കി 12500 രൂപാ ഞാൻ അടയ്ക്കേണ്ടതായി വരും. ഇനി ഞാൻ പുതിയ റെജിമെയിൽ പോകുന്ന ആളാണ് എങ്കിൽ സെസ് കൂടാതെ 75000 രൂപ നികുതിയടച്ചാൽ മതി. അപ്പോൾ പിടിച്ച ടി.ഡി.എസ്. 1 ലക്ഷം രൂപയിൽ നിന്ന് അടക്കേണ്ട 75000 രൂപ കുറച്ചു ബാക്കി 25000 തിരികെ ലഭിക്കും (ഈ ഉദാഹരണത്തിൽ സെസും പിഴപ്പലിശയും ഉൾപ്പെടുത്തിയിട്ടില്ല). പറഞ്ഞുവന്നതിന്റെ സാരാംശം നിങ്ങളുടെ വരുമാനസ്രോതസുകളിൽ എത്രതന്നെ നികുതി ടി.ഡി.എസ്. ആയി പിടിച്ചാലും ഇല്ലെങ്കിലും ആദായനികുതി വകുപ്പ് നിയമപ്രകാരം നിങ്ങൾ റിട്ടേൺ സമർപ്പിക്കേണ്ട ആളാണെങ്കിൽ അത്  ചെയ്യുക തന്നെ വേണം. 

അടിസ്ഥാന ഇളവ് പരിധി എത്രയാണ് ?

60 വയസിൽ താഴെ പ്രായമുള്ള റെസിഡന്റ് വ്യക്തികൾക്ക് 250,000 രൂപയും, 60 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ള റസിഡന്റ് സീനിയർ വ്യക്തികൾക്ക് 30,0000 രൂപയും, 80 വയസുമുതൽ പ്രായമുള്ള റസിഡന്റ് സീനിയർ വ്യക്തികൾക്ക് 500000 രൂപയും ആണ് അടിസ്ഥാന നികുതിയിളവ് ഉള്ളത്. അടിസ്ഥാന നികുതിയിളവിൽ പെടുന്ന വരുമാനത്തിന് നികുതിയടക്കേണ്ടതില്ല. ഈ നികുതിയിളവിനു നിങ്ങളുടെ വരുമാനം എത്രതന്നെ ആയാലും മറ്റു മാനദണ്ഡങ്ങൾ ഒന്നും ഇല്ല.

∙അപ്പോൾ 5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല എന്നാണല്ലോ പറയുന്നത്.

5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന്  നികുതിയില്ല എന്ന് പറയുന്നത് തെറ്റാണ്. യാഥാർഥ്യത്തിൽ 5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയടക്കേണ്ടത് ഇല്ല എന്നതാണ് സത്യം. 5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് 12500 രൂപയുടെ ടാക്സ് റിബേറ്റ് ലഭിക്കും. വരുമാനം 5 ലക്ഷത്തിനു മുകളിലായാൽ അത് ലഭിക്കുകയില്ല. നിലവിലെ നികുതി നിരക്കുകൾ പ്രകാരം 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർ അടക്കേണ്ട നികുതി 12500 ആണ്. അതുകൊണ്ടാണ് 5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയടക്കേണ്ടത് ഇല്ല എന്ന് പറയുന്നത്. ചുരുക്കത്തിൽ എന്റെ വരുമാനം 500005 രൂപയാണ് എങ്കിൽ ഞാൻ 12500 രൂപ നികുതിയടക്കേണ്ടതായി വരും. അപ്പോളും റിട്ടേൺ സമർപ്പിക്കാൻ ഉള്ള പരിധി 250,000 തന്നെയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അടുത്ത വർഷത്തിലേക്ക് ഇതിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.അതേക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമാക്കാം

ലേഖകൻ സി.എ. ഫൈനൽ വിദ്യാർത്ഥി

English Summary : Know More About Income Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com