നികുതി ഇളവ് നൽകും ഈ പദ്ധതികൾ ആദായത്തിലും മുന്നിൽ തന്നെ

Mail This Article
പോസ്റ്റ് ഓഫീസില്‍ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഓരോ സാമ്പത്തിക വര്‍ഷവും ആദായ നികുതിയില്‍ ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ നമ്മളെ സഹായിക്കും.
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ഒത്തുചേര്‍ത്ത് നിക്ഷേപം മടക്കിനല്‍കുന്ന സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). മൂന്ന് മടങ്ങ് നികുതി നേട്ടമാണ് പിപിഎഫിലൂടെ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 7.1 ശതമാനമാണ് പലിശ നല്‍കുന്നത്. ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം പരമാവധി 1.5 ലക്ഷം രൂപയുടെ വാര്‍ഷിക നിക്ഷേപം, നിക്ഷേപത്തിന്മേലുള്ള പലിശ, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയിന്മേലും നികുതി ഇളവ് ലഭ്യമാണ്.
ഇൻകം ടാക്സ് റിട്ടേൺ ഫയലിങിന് ഇനി മൂന്നാഴ്ച കൂടി മാത്രം Read more
2. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം
60 വയസ് മുതൽ പ്രായമുള്ളവര്‍ക്കായി പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം(SCSS). എന്നാല്‍ 55ന് മുകളില്‍ പ്രായമുള്ള വിരമിച്ചവര്‍, സര്‍വീസ് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം ഒരു മാസത്തിനകം നിക്ഷേപിക്കുകയാണെങ്കില്‍ SCSS അക്കൗണ്ട് ആരംഭിക്കാനാകും. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരിക്കല്‍ നിക്ഷേപിച്ചാല്‍ ആ കാലാവധിയിലെ പലിശ സ്ഥിരമായിരിക്കും. നിലവില്‍ 8.2 ശതമാനമാണ് പലിശ ലഭിക്കുന്നത്. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായാല്‍ 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ ഒരോ പാദത്തിലും പലിശ കണക്കാക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവിന് അപേക്ഷിക്കാം.
3. സുകന്യ സമൃദ്ധി യോജന

10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. 8 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
വീണ്ടും ജനിക്കുന്നത് പെണ്‍കുട്ടിയായാലോ ഇരട്ട പെണ്‍കുട്ടികളായാലോ അധികമായി എസ്.എസ്.വൈ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ അനുവദിക്കും. പെണ്‍കുട്ടിക്ക് 18 വയസ് ആയാല്‍ ഈ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശവും അവള്‍ക്ക് കൈമാറും. 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും.
4. ടൈം ഡിപ്പോസിറ്റ്
ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായി വിവിധ കാലയളവിലേക്കുള്ള പോസ്റ്റ് ഓഫീസിന് കീഴിലുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് നാഷണല്‍ സേവിങ്‌സ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട് അഥവാ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും പലിശ നിരക്ക് പുനഃപരിശോധിക്കും. അക്കൗണ്ടിലേക്ക് വാര്‍ഷികമായി പലിശ വരവുവെയ്ക്കും. 5 വര്‍ഷത്തേക്കുള്ള ടേം ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 7.5 ശതമാനമാണ്. ചുരുങ്ങിയത് 1,000 രൂപ വേണമെന്ന നിബന്ധനയേ ഉള്ളൂ. ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരമുള്ള നികുതി ആനുകൂല്യം ടൈം ഡിപ്പോസിറ്റിനും ലഭ്യമാണ്.
5. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
ചുരുങ്ങിയത് 1,000 രൂപ മുതല്‍ 100ന്റെ ഗുണിതങ്ങളായി നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്ക (എന്‍.എസ്.സി)റ്റില്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. നിക്ഷേപ കാലാവധി ഉപഭോക്താവിന് തിരഞ്ഞെടുക്കാം. നിലവില്‍ അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.7 ശതമാനമാണ് പലിശ നിരക്ക്. ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും.
English Summary : These Post Office Saving Schemes will give Income Tax Benefit and Attractive Return