5,000 രൂപ മിച്ചംപിടിച്ച് വീടെന്ന സ്വപ്നം സഫലമാക്കാനാകുമോ?
Mail This Article
ചോദ്യം: 32 വയസ്സുള്ള ഞാൻ അമ്പലത്തിൽ പൂജാരിയാണ്. മാസം ശമ്പളമായി 18,000 രൂപ ലഭിക്കും. വാടകവീട്ടിലാണു താമസം. വിവാഹം കഴിഞ്ഞിട്ടില്ല. ചെലവുകൾ കഴിഞ്ഞ് 5000 രൂപ മാറ്റിവയ്ക്കാനാകും. അതിൽ 3000 രൂപ ജൂലൈ മുതൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തുടങ്ങി. 1,000 രൂപ വീതം മൂന്നു ഫണ്ടുകളിലാണു നിക്ഷേപിക്കുന്നത്. കോട്ടക് എമർജിങ് ഇക്വിറ്റി ഫണ്ട്, എസ്ബിഐ മാഗ്നം മിഡ് ക്യാപ് ഫണ്ട്, നിപ്പോൺ ഇന്ത്യ മൾട്ടി ക്യാപ് എന്നിവയാണ് ഈ ഫണ്ടുകൾ. ദക്ഷിണയായും മറ്റും 3000 രൂപയോളം കിട്ടാറുണ്ട്. അത് സ്ഥിരമല്ല. 40 വയസ്സിനുള്ളിൽ സെറ്റിൽ ആവാനാണ് ആഗ്രഹിക്കുന്നത്. സ്ഥലം വാങ്ങി വീടു വയ്ക്കണം. വിവാഹം, കാർ എന്നിവയെല്ലാം ആഗ്രഹങ്ങളാണ്. നല്ല ഒരു ഫിനാൻഷ്യൽ പ്ലാൻ പറഞ്ഞു തരാമോ? ഓഹരി നിക്ഷേപങ്ങളെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഒരു തുടക്കക്കാരൻ ആയതുകൊണ്ടുള്ള ബുദ്ധിമുട്ടുണ്ട്.
ഉത്തരം–ഇപ്പോൾ 32 വയസ്സുള്ള താങ്കൾക്ക് 8 വർഷത്തിനുള്ളിൽ സ്ഥലം വാങ്ങി വീട് വയ്ക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം മുന്നിൽ കണ്ട് ഇപ്പോൾ നിക്ഷേപം തുടങ്ങിയിട്ടുണ്ട് എന്നാണു മനസ്സിലാകുന്നത്. ചെറിയ വരുമാനമാണെങ്കിലും അതിൽനിന്നു മിച്ചം പിടിച്ച് ജീവിതലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കാനുള്ള താൽപര്യം ഭാവിയിൽ കൂടുതൽ ലക്ഷ്യങ്ങളും ആസ്തിയും നേടിയെടുക്കാൻ ഗുണകരമാകും. ഇവിടെ താങ്കളുടെ വരുമാനം 18,000 രൂപയാണ്. ജീവിതച്ചെലവുകൾക്കും വാടകയ്ക്കുമുള്ള തുക മാറ്റിയശേഷം ബാക്കി 5,000 രൂപയാണ് മിച്ചം പിടിക്കാൻ സാധിക്കുന്നത്. ഇതിൽനിന്നു കഴിഞ്ഞ മാസം മുതൽ 3,000 രൂപ വീതം എസ്ഐപിയിൽ നിക്ഷേപിച്ചു തുടങ്ങിയെങ്കിലും 2,000 രൂപ ഒന്നും ചെയ്യുന്നില്ല എന്നാണു മനസ്സിലാക്കുന്നത്. ഈ തുക കൂടി നിക്ഷേപിക്കുന്നതിനൊപ്പം ഇപ്പോൾ കിട്ടുന്ന സ്ഥിരവരുമാനത്തിൽനിന്നു കൂടുതൽ തുക മിച്ചം പിടിക്കാനാകുമോ എന്നുകൂടി പരിശോധിക്കേണ്ടതാണ്.
നിലവിൽ താങ്കൾക്കു ബാധ്യതകളോ മറ്റു പ്രാരബ്ധങ്ങളോ ഉള്ളതായി കത്തിൽ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിൽനിന്നു ശ്രമിച്ചാൽ 5,000 രൂപ കൂടി മിച്ചം പിടിക്കാൻ സാധിക്കുമോ എന്നു നോക്കണം. ഇതിനായി ജീവിതച്ചെലവുകളിൽ മാറ്റം വരുത്താം. ഇപ്പോൾ താമസിക്കുന്നിടത്തുനിന്ന് കുറച്ചുകൂടി വാടക കുറവുള്ള സ്ഥലത്തേക്കു മാറിയാൽ ചെലവ് നിയന്ത്രിക്കാനാകും. സ്ഥലം വാങ്ങി വീടു വയ്ക്കുക, കാർ വാങ്ങുക, വിവാഹം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾക്ക് എത്ര തുക വേണ്ടിവരുമെന്നോ ഓരോ ലക്ഷ്യങ്ങളും എത്ര സമയത്തിനുള്ളിൽ നേടിയെടുക്കണമെന്നോ കൃത്യമായി സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം എട്ടു വർഷംകൊണ്ടാണ് നേടിയെടുക്കാൻ ആഗ്രഹിക്കുന്നത് എന്ന അനുമാനത്തിൽ ചില നിർദേശങ്ങൾ നൽകാം.
ഇപ്പോൾ മിച്ചം പിടിക്കുന്ന 5,000 രൂപ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുകയും ഈ നിക്ഷേപം 10% വളർച്ച നൽകുകയും ചെയ്താൽ എട്ടു വർഷം കൊണ്ട് (96 മാസം) 7,22,000 രൂപ സമാഹരിക്കാനാകും. മുകളിൽ പറഞ്ഞതുപോലെ മാസ നിക്ഷേപം ഇരട്ടിയാക്കിയാൽ സമാഹരിക്കുന്ന തുകയും അതനുസരിച്ച് വർധിക്കും. അതായത്, 14.50 ലക്ഷം രൂപയോളം ഇക്കാലയളവുകൊണ്ട് സമാഹരിക്കാനാകും. ഈ തുക കൊണ്ട് വീട് എന്ന ലക്ഷ്യത്തിലേക്ക് എത്തുക ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും 11 ലക്ഷം രൂപ ഭവനവായ്പ കൂടി എടുത്താൽ 25 ലക്ഷം രൂപയുടെ വീടും സ്ഥലവും 8 വർഷംകൊണ്ട് കരസ്ഥമാക്കാൻ പറ്റും. വായ്പ 10 വർഷംകൊണ്ട് അടച്ചുതീർക്കാൻ 14,000 രൂപ മാസ അടവ് വരും. 9% പലിശനിരക്കാണ് ഈ വായ്പയ്ക്ക് അനുമാനിച്ചിരിക്കുന്നത്.
അധികമായി കിട്ടാനിടയുള്ള 3,000 രൂപ കാർ എന്ന ലക്ഷ്യത്തിലേക്കു നിക്ഷേപിക്കാം. തുടർച്ചയായി നിക്ഷേപിച്ചാൽ 4.30 ലക്ഷം രൂപ ഇക്വിറ്റി ഫണ്ടിൽനിന്നു സമാഹാരിക്കാനാകും. മറ്റു ബാധ്യതകൾ ഇല്ലാത്തതുകൊണ്ടാണ് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ നിർദേശിക്കുന്നത്. ഓഹരി നിക്ഷേപങ്ങളെപ്പറ്റി കാര്യമായ അറിവില്ലാത്തവർക്കു വിപണിയിൽനിന്നു നേട്ടമുണ്ടാക്കാൻ സാധിക്കുന്ന മികച്ച നിക്ഷേപപദ്ധതിയാണു മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. താങ്കളുടെ വരുമാനത്തെ മറ്റാരും അശ്രയിക്കുന്നില്ല. അതുകൊണ്ട്, ലൈഫ് ഇൻഷുറൻസ് എടുക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. എന്നാൽ, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണ് ഉചിതം.
മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതം ആക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഫോൺ നമ്പറും വിലാസവും എഴുതാൻ മറക്കരുത്. ഹാപ്പിലൈഫ്, മനോരമ സമ്പാദ്യം, കോട്ടയം - 686001, ഇ–മെയിൽ : sampadyam@mm.co.in വാട്സാപ്–9207749142
English Summary: How To Buy A Home By Investing Rupees 5000 A Month