ADVERTISEMENT

ചോദ്യം: ഞാൻ ഒരു വീട്ടമ്മയാണ്. ഭർത്താവിന് സർക്കാർ ജോലിയുണ്ട്. 48,000 രൂപ ശമ്പളത്തിൽ എല്ലാ ഡിഡക്‌ഷനും കഴിഞ്ഞ് 35,000 രൂപ കയ്യിൽ കിട്ടും. വേറെ വരുമാന മാർഗം ഒന്നും ഇല്ല. ഞങ്ങൾക്ക് ആറും ഒന്നും വയസ്സുള്ള രണ്ടു പെൺകുട്ടികൾ ആണ്. 17 ലക്ഷം രൂപ ഭവന വായ്പ എടുത്തിട്ടുണ്ട്. 11,400 രൂപ വച്ച് ഇനി 28 വർഷം കൂടി തിരിച്ചടവുണ്ട്. മോൾക്ക് സ്കൂൾ ഫീസും മറ്റു ചെലവുകളും കൂടി 4,500 രൂപ വരും. സ്വർണപ്പണയത്തിൽ കാർഷിക വായ്പയായും 6.5 % പലിശയിലും ഓരോ ലക്ഷം രൂപ വീതം വായ്പയുമുണ്ട്. അതുകൂടാതെ വീടിനായി സഹകരണ ബാങ്കിൽനിന്ന് 3 ലക്ഷം രൂപ എമർജൻസി ലോൺ 11% പലിശയ്ക്ക് എടുത്തിരുന്നു. അതിന്റെ തിരിച്ചടവ് 9,000 രൂപയും ഉണ്ട്. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു വരുമ്പോൾ എമർജൻസി ലോൺ പുതുക്കി വയ്ക്കുകയാണ് പതിവ്. ബാക്കി ചിലവുകൾക്കായി മാസം 6,000 രൂപ ആകുന്നു. ഉപയോഗിക്കാത്ത 10 പവൻ സ്വർണം കൂടി കയ്യിലുണ്ട് .10 സെന്റ് സ്ഥലത്ത് 2400 ചതുരശ്ര അടി വീടാണ് ഉള്ളത് (സെന്റിന് 7 -8 ലക്ഷം മതിപ്പു വിലയുണ്ട്). ഇതിനു പുറമേ സെന്റിന് 3 ലക്ഷം മതിപ്പു വിലയുള്ള 22 സെന്റ് സ്ഥലം എനിക്കുണ്ട്. ഒരു കാറും ബൈക്കും ഉണ്ട്. ഞാൻ ബിഎഡ് (ഗണിതം) പഠിച്ച 29 വയസ്സുള്ള ആളാണ്. 35 വയസ്സുള്ള ഭർത്താവ് സർവീസ് കയറിയിട്ട് 10 വർഷം കഴിഞ്ഞു. ലക്ഷ്യം മക്കളുടെ വിദ്യാഭ്യാസം, അവരുടെ ഭാവിഭദ്രം ആക്കുക എന്നുള്ളതാണ്.  വീടും പുരയിടവും വിൽക്കാതെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ പറ്റുമോ.

 

മറുപടി: ഭൂരിഭാഗം ഇടത്തരം കുടുംബത്തിലും ഉണ്ടാകുന്നതു തന്നെ ആണ് താങ്കളുടെ കാര്യത്തിലും ഏറക്കുറെ സംഭവിച്ചിരിക്കുന്നത്. ഇവിടെ കുടുംബത്തിന് മാസം 35,000 രൂപ വരുമാനം ഉണ്ട്. സർക്കാർ ജോലിയുടെ സുരക്ഷിതത്വം ഉണ്ടെന്ന ചിന്ത മൂലം  സാമ്പത്തികാസൂത്രണത്തിൽ കാട്ടിയ അൽപം അലഭാവം മൂലമാണ് സാമ്പത്തിക  പ്രശ്നങ്ങൾ വന്നു ഭവിച്ചത് എന്നു തോന്നുന്നു. എന്തായാലും അതു മനസ്സിലായതുകൊണ്ടാവും ഹാപ്പി ലൈഫിലേക്കു കത്തെഴുതാൻ കാരണം.  ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിൽ 20,400 രൂപ പ്രതിമാസ ബാധ്യത തിരിച്ചടവിനും 10,500 രൂപ. സ്കൂൾ ഫീസും ജീവിതച്ചെലവുകൾക്കും  വേണം.  ബാക്കി 4,100 രൂപയാണ്  മിച്ചം പിടിക്കാൻ സാധിക്കുന്നത്. 

 

വരുമാനത്തിന്റെ 60 ശതമാനത്തോളം വായ്പ തിരിച്ചടവിനാണ്. കൂടാതെ, പ്രതിമാസ തിരിച്ചടവ് ഇല്ലാത്ത സ്വർണവായ്പകൾ വേറെയും ഉണ്ട്. അതായത്,  വരുമാനത്തിന്റെ ഏറിയ പങ്കും വായ്പ തിരിച്ചടവിനു മാത്രമാണ്.  ഇത് സാമ്പത്തിക കാര്യത്തിൽ ആരോഗ്യകരമായ അവസ്ഥ അല്ല. ഇത്തരത്തിൽ ബാധ്യത നിലനിന്നാൽ ഭാവിയിലെ ജീവിതലക്ഷ്യങ്ങൾ ഒന്നും തന്നെ യഥാസമയം നടത്താൻ സാധിക്കില്ല.  നിലവിലെ  വായ്പയുടെ തിരിച്ചടവ് തീരുന്നതു തന്നെ 28 വർഷം കഴിഞ്ഞാണ്. അതായത്, വിരമിച്ചശേഷവും വായ്പ തുടരും. ഇതു മറ്റു ലക്ഷ്യങ്ങൾക്ക് തുക സമാഹരിക്കാൻ തടസ്സമാണ് എന്നു പറയാതെ വയ്യ. 

 

വരുമാനം വർധിപ്പിക്കുക

 

വായ്പ തിരിച്ചടവിന്  കൂടുതൽ തുക മാറ്റിവച്ചാലേ   പലിശയിനത്തിലുള്ള നഷ്ടം കുറയ്ക്കാനാവൂ. പക്ഷേ, ഇപ്പോഴത്തെ വരുമാനത്തിൽനിന്ന് അതു   പ്രായോഗികവുമല്ല. അധിക തുക കണ്ടെത്താനായി വരുമാനം വർധിപ്പിക്കണം.  ഗണിത ശാസ്ത്രത്തിൽ ബിഎഡ് വരെ പഠിച്ച താങ്കൾക്കു ജോലിയിൽ പ്രവേശിക്കാനായാൽ അതു സാധിക്കും. വീടും സ്ഥലവും കണക്കാക്കുമ്പോൾ വായ്പ തിരിച്ചടവിനുള്ള ആസ്തി ഉണ്ട് എന്നാണു മനസ്സിലാക്കുന്നത്. മറ്റു നിക്ഷേപങ്ങൾ ഇല്ലാത്തതുകൊണ്ട് സ്ഥലം വിൽപനയിലൂടെ മാത്രമേ അധിക തുക കണ്ടെത്താനാകൂ. താങ്കളുടെ സ്ഥലത്തിന് സെന്റിന് 3 ലക്ഷം  വീതം കിട്ടാനിടയുള്ളതു കൊണ്ട് വായ്പ തിരിച്ചടവിന് ആവശ്യമായ സ്ഥലം വിൽക്കാനാകുമോ എന്നു നോക്കുക. 

 

സ്വർണമോ സ്ഥലമോ വിറ്റ് ബാധ്യത തീർക്കാൻ ശ്രമിക്കുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ യുക്തിസഹം. വരുമാനം വർധിപ്പിച്ച് നിക്ഷേപിച്ചാലും അതിൽനിന്നു ലഭിക്കുന്ന വരുമാനം ബാധ്യതകളുടെ പലിശയെക്കാൾ കുറവാണെങ്കിൽ നിക്ഷേപം തുടരുന്നതുകൊണ്ടു മെച്ചം ലഭിക്കില്ല. അതുകൊണ്ടാണ് ബാധ്യത ആദ്യം തീർക്കുന്നതാവും ഉചിതം എന്നു പറയുന്നത്. ബാധ്യത  തീർന്നശേഷം പ്രതിമാസ നിക്ഷേപം തുടങ്ങിയാൽ   താങ്കൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള സാമ്പത്തികഭദ്രത കൈവരിക്കാവുന്നതേയുള്ളൂ.

 

മനോരമ സമ്പാദ്യം ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതം ആക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഫോൺ നമ്പറും വിലാസവും എഴുതാൻ മറക്കരുത്. ഹാപ്പിലൈഫ്, മനോരമ സമ്പാദ്യം, കോട്ടയം - 686001, ഇ–മെയിൽ : sampadyam@mm.co.in വാട്സാപ്–9207749142

  

English Summary: How To Close Loans And Attain Financial Stability Without Selling Property

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT