ആദായ നികുതി സമർപ്പിച്ചതിൽ പൊരുത്തക്കേട്, 22000 പേർക്ക് നോട്ടീസ് അയച്ചു

Mail This Article
ആദായ നികുതി അടക്കുന്ന സമയത്ത് പരമാവധി നികുതിയിളവ് നേടാൻ നികുതിദായകർ ശ്രദ്ധിക്കാറുണ്ട്. അതിനായി നൽകിയിരിക്കുന്ന ഇളവുകൾ എല്ലാം നികുതിദായകർ പ്രയോജനപ്പെടുത്താറുമുണ്ട്. എന്നാൽ നിയമ വിധേയമല്ലാത്ത രീതിയിൽ ആദായ നികുതി കുറച്ച് അടച്ചവർക്ക് ആദായ നികുതി വകുപ്പ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരത്തിൽ ആദായനികുതി വകുപ്പ് 22,000 നികുതിദായകർക്ക് അറിയിപ്പ് നോട്ടീസ് അയച്ചു.
പൊരുത്തക്കേട്
ശമ്പളം വാങ്ങുന്നവർക്കും, അതി സമ്പന്നർക്കും, ട്രസ്റ്റുകൾക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അവരുടെ ഫോം 16-ലോ വാർഷിക വിവര പ്രസ്താവനയിലോ (AIS) ഉള്ള വിവരങ്ങൾ ആദായനികുതി വകുപ്പിൽ ലഭ്യമായ ഡാറ്റയുമായി പൊരുത്തപ്പെടാത്തതിനാലാണ് നോട്ടീസുകൾ അയച്ചിരിക്കുന്നത്. 50,000 രൂപ വരെ പലരുടെയും നികുതിയിൽ വ്യത്യാസമുണ്ടന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ അറിയിപ്പ് 2023-24 അസസ്‌മെന്റ് വർഷത്തേക്ക് സമർപ്പിച്ച നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ ഏകദേശം 12,000 നോട്ടീസുകൾ ശമ്പളക്കാരായ നികുതിദായകർക്കാണ് അയച്ചിരിക്കുന്നത്. ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF) നികുതി റിട്ടേൺ സമർപ്പിച്ച 8,000 നികുതിദായകർക്ക് അറിയിപ്പ് നോട്ടീസ് അയച്ചു, അവരുടെ റിട്ടേണുകളും ഐടി വകുപ്പിന്റെ കൈവശമുള്ള ഡാറ്റയും തമ്മിലുള്ള വരുമാന അസമത്വം 50 ലക്ഷം രൂപയിലധികമാണ്.
ഏകദേശം 2 ലക്ഷം നികുതിദായകരുടെ നികുതി റിട്ടേണിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും പ്രാഥമിക ഡാറ്റ അനലിറ്റിക്സ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പൊരുത്തക്കേടുകൾ പ്രാഥമികമായി അവരുടെ നികുതി റിട്ടേണുകളിൽ നൽകിയിരിക്കുന്ന വരുമാന പ്രഖ്യാപനങ്ങൾ, ചെലവുകൾ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അവരുടെ ബാങ്ക് അല്ലെങ്കിൽ യുപിഐ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇടപാടുകളെ അടിസ്ഥാനമാക്കി ഐടി വകുപ്പ് ശേഖരിക്കുന്ന ഡാറ്റയും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
English Summary: Intimation Notice for Mismatch of ITR