സ്വർണം വാങ്ങാന്‍ അവസരമോ, രണ്ട് ദിവസമായി വിലയിൽ മാറ്റമില്ല
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. രണ്ട് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,520 രൂപയിലും പവന് 44,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. അഞ്ച് ദിവസം കൊണ്ട് പവന് 560 രൂപ വർധിച്ചു. പവന് 80 രൂപയ്ക്ക് മുകളിൽ വരും ദിവസങ്ങളിൽ വർധന ഉണ്ടായാൽ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഉയർന്ന വിലയെക്കാൾ മുകളിൽ സ്വർണവിലയെത്തും. പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില. രാജ്യാന്തര വിപണിയിൽ സ്വർണ വില രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ ഫ്യൂച്ചറുകൾ ട്രോയ് ഔൺസിന് 0.11% കുറഞ്ഞ് 1,949 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
2022 ഓഗസ്റ്റിലെ 28,314 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഓഗസ്റ്റിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 44.39% വർധിച്ച് 40,883 കോടി രൂപയായതായി വാണിജ്യ വ്യവസായ മന്ത്രാലയം കണക്കുകൾ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം 2023 ഓഗസ്റ്റിലെ രത്ന, ആഭരണ കയറ്റുമതിയിൽ 21.94% ഇടിവും രേഖപ്പെടുത്തി.
English Summary : Gold Price Today in Kerala