കാനഡയുമായുള്ള പിണക്കം: ഇന്ത്യയിലെ അടുപ്പിൽ പരിപ്പ് വേകില്ലേ?

Mail This Article
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞയാഴ്ച കാനഡയിൽ നടന്ന സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞതിന് ശേഷം ഇന്ത്യയിലേക്കുള്ള കനേഡിയൻ പരിപ്പിന്റെ ഇറക്കുമതി മന്ദഗതിയിലായതായി ഇരു രാജ്യങ്ങളിലെയും വ്യവസായ വൃത്തങ്ങൾ പറയുന്നു.
കാനഡയിൽ നിന്നാണ് ഇന്ത്യയുടെ ദാൽ കറി ഉണ്ടാക്കാനുള്ള പരിപ്പ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പരിപ്പ് ഇറക്കുമതി നിയന്ത്രിച്ചാൽ അത് കാനഡയിലെ കർഷകരെ പ്രതികൂലമായി ബാധിക്കും. അത്തരമൊരു നീക്കം ഇന്ത്യയിലെ ആഭ്യന്തര ഭക്ഷ്യവില വർദ്ധിപ്പിക്കുകയും, അത് അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനെ പരോക്ഷമായി ബാധിക്കുകയും ചെയ്യും.
പരിപ്പ് കിട്ടിയില്ലെങ്കിൽ പണിയാകും
ഉൽപ്പാദനത്തിലെ ഇടിവിനുശേഷം, കഴിഞ്ഞ വർഷം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചു, തുടർന്ന് ഈ വർഷം ബസുമതി ഇതര വെള്ള അരിക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യങ്ങൾ തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ കാരണം സർക്കാരുകളുടെ വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകുന്നതിനാൽ ഈ വർഷം പല ഭക്ഷ്യ വിഭവങ്ങൾക്കും ആഗോളതലത്തിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ട്രൂഡോയുടെ അഭിപ്രായ പ്രകടനത്തെ തുടർന്ന് കനേഡിയൻ സാധനങ്ങൾക്കുള്ള ഡിമാൻഡ് 6 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
ഇന്ത്യയുടെ വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷം 370 മില്യൺ ഡോളറിന് 485,492 മെട്രിക് ടൺ പരിപ്പാണ് കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം പരിപ്പ് ഇറക്കുമതിയുടെ പകുതിയിലധികം വരും.ഇന്ത്യ ഇപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് കൂടുതൽ പരിപ്പ് ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പരിപ്പ് വർഗങ്ങളുടെ വില വർധിച്ചാൽ അത് ഇന്ത്യയിൽ പണപ്പെരുപ്പത്തിന് കാരണമാകും എന്നതിനാൽ കേന്ദ്ര സർക്കാർ എവിടെനിന്നും, എങ്ങനെയും പരിപ്പ് ലഭ്യത ഇന്ത്യൻ വിപണിയിൽ ഉറപ്പു വരുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.
English Summary : India-canada Tensions and Dal Import