ADVERTISEMENT

സ്വർണ വില സംസ്ഥാനത്ത് കനത്ത തകർച്ച നേരിടുകയാണ്. ഇപ്പോൾ സ്വർണം വാങ്ങണോ, വാങ്ങിയാൽ ഇനിയും വില കുറഞ്ഞാൽ അതൊരു അബദ്ധമാകില്ലേ? വില കൂടുമെന്ന് കരുതി ഇപ്പോൾ തന്നെ വാങ്ങണോ. ഒരു തീരുമാനവുമെടുക്കാനാകാതെ കട്ട കൺഫ്യൂഷനിലാണ് ആഭരണ പ്രേമികളും കല്യാണത്തിന് ആഭരണം വാങ്ങാനിരിക്കുന്നവരുമൊക്കെ. 

ജ്വല്ലറികളിലെ വില എങ്ങനെ?

ഈ അടുത്ത കാലത്തെങ്ങും സ്വർണം 45000, കടന്നു താഴോട്ട് ഇല്ലെന്നു വിചാരിച്ച് ഇരുന്നവർക്ക് ആശ്വാസമേകുന്ന തരത്തിൽ പവന് 42,680 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ വില രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ വില തന്നെ നിങ്ങൾ ജൂവലറിയിൽ പോയി വാങ്ങുമ്പോൾ കൊടുത്താൽ മതിയോ. ജുവലറികളിൽ പോയി ഒരു ഗ്രാം മുതൽ സ്വർണം വാങ്ങുന്നവരും ഇന്നത്തെ വിലയ്ക്ക് അനുസരിച്ച് എത്ര സ്വർണം ലഭിക്കും എന്ന് ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിൽ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്. അതേസമയം ജ്വല്ലറികളിൽ ആഭരണങ്ങൾക്ക് വില കണക്കാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 

വാങ്ങാൻ ഉദ്ദേശിക്കുന്ന ജ്വല്ലറിയുടെ തരം അനുസരിച്ചു സ്വർണ വില വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് തന്നെ മറ്റൊരാൾ ഒരു ജുവലറിയിൽ നിന്നും വാങ്ങിയ അതേ നിരക്കിൽ വേറെ സ്വർണക്കടയിൽ നിന്ന് വാങ്ങാൻ പറ്റില്ല. സാധാരണഗതിയിൽ ജ്വല്ലറിയിൽ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വർണ വില, പരിശുദ്ധി, പണിക്കൂലി, സ്വർണത്തിന്റെ തൂക്കം, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈൻ, കൊത്തുപണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. എന്നാൽ ചില ജ്വല്ലറികളെങ്കിലും നൂല്, അരക്ക്, കല്ല് തുടങ്ങിയവയുടെ ഭാരത്തിന്റെ ഒരു വിഹിതമെങ്കിലും യഥാർത്ഥ ഭാരമായി നിശ്ചയിച്ച് അതിനനുസരിച്ച് വില കണക്കാക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ തെറ്റായ കണക്കാക്കൽ കാരണം നിങ്ങൾക്ക് നഷ്ടമുണ്ടാകാം. അതിനാൽ തൂക്കത്തിലും പരിശുദ്ധിയിലുമൊക്ക നിങ്ങൾക്ക് വിശ്വാസമുള്ള ജ്വല്ലറികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Gold-bangle

ജ്വല്ലറികളിൽ പ്രധാനമായും പരിഗണിക്കുന്ന പ്രൈസ് കാൽക്കുലേഷൻ ചാർട്ട് ഇപ്രകാരമാണ്

ഏകദേശ പണിക്കൂലി( Approximate making charge) സാധാരണയായി അതാത് ദിവസത്തെ ആഭരണ വിലയുടെ 8 ശതമാനം മുതൽ 35 ശതമാനം വരെയെങ്കിലും ഈടാക്കുന്നുണ്ട്. രൂപകല്പന, അധികമായുള്ള കൊത്തു പണികൾ, ഫിനിഷിങ് എന്നിവയെ ആശ്രയിച്ചുള്ള ചാർജുകൾ ആഭരണങ്ങളുടെ തരം അനുസരിച്ചാണിത്. ഇതോടൊപ്പം 3% ജിഎസ്ടിയും, 45 രൂപ എച്ച്. ഐ. ഐ. യു. ഡി. നിരക്ക് എന്നിവ കൂടി കണക്കാക്കിയാണ് കേരളത്തിൽ ആഭരണ വില നിശ്ചയിക്കുന്നത്.

1 പവൻ വാങ്ങാൻ ഇന്ന് എത്ര രൂപ കൊടുക്കണം

1 പവൻ എന്നത് 8 ഗ്രാം (22 കാരറ്റ്) സ്വർണമാണ്. ഇന്നത്തെ ഔദ്യോഗിക സ്വർണ വില ഒരു പവന് 42,680 രൂപയാണ്. ഏകദേശ നിർമ്മാണ ചാർജ് 10% ആണെങ്കിൽ 4,268 രൂപയാണ് നിർമ്മാണ ചാർജ് ആയി ഈടാക്കുന്നത്. ഇതോടൊപ്പം ജിഎസ്ടി ( 3% ) ഇനത്തിൽ 1,408.44 രൂപയാണ് ഈടാക്കുന്നത്. 

മൊത്തം 1 പവൻ സ്വർണത്തിന് ഇന്ന് ഏകദേശ ജ്വല്ലറി ഷോപ്പ് വില  48,356.44 രൂപയാണ്. പണിക്കൂലി അനുസരിച്ച് വിലയിൽ വ്യത്യാസം വരും. ഡിസൈൻ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉയർന്ന പണിക്കൂലി നൽകേണ്ടി വരും . ഇവിടെ കൊടുത്തിരിക്കുന്നത് ഏകദേശ കണക്കാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. യഥാർത്ഥ മേക്കിങ് ചാർജുകൾ, കിഴിവുകൾ, ഓഫറുകൾ എന്നിവ നിങ്ങൾ സന്ദർശിക്കുന്ന ജ്വല്ലറി ഷോപ്പുകൾക്ക് അനുസരിച്ച്  വ്യത്യാസപ്പെടാം.

BIS ഹാൾ മാർക്ഡ് സ്വർണം

ആഭരണങ്ങൾക്കും നിക്ഷേപ ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങുമ്പോൾ, സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മുദയോ, 22 കാരറ്റ് മുദ്രയോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. രാജ്യത്ത് BIS ഹാൾ മാർക്ക്ഡ് സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് കേന്ദ്ര സർക്കാർ നിയമം പാസാക്കിയിട്ടുണ്ട്.അല്ലാതെ നടത്തുന്ന എല്ലാ വില്പനയും നിയമ പ്രകാരം കുറ്റകരമാണ്.

KOZHIKODE 3rd July 2010 :Mangalyasutra , Wedding Gold Taali ( Thali Thaali Taali ) / Photo: James Arpookkara , CLT #
KOZHIKODE 3rd July 2010 :Mangalyasutra , Wedding Gold Taali ( Thali Thaali Taali ) / Photo: James Arpookkara , CLT #

വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ

വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.

English Summary : How To Calculate Gold Ornament Price in Jewelleries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT