ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മുന്നേറിയത് എങ്ങനെ?

Mail This Article
സ്‌പോര്‍ട്‌സ് പലപ്പോഴും ലോക രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയുടെ ഒരു അളവുകോലായി മാറാറുണ്ട്. ലോകത്തെ പ്രധാന കായിക വേദികളില്‍ സാമ്പത്തിക ശേഷിയുടെ മാറ്റുരയ്ക്കല്‍ പ്രകടമാണ്.
ശീതയുദ്ധ കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയായ ഒളിമ്പിക്‌സില്‍ കടുത്ത മത്സരമാണ് നടന്നിരുന്നത്. ആരാണ് കൂടുതല്‍ വലിയ സാമ്പത്തിക ശക്തി എന്ന് കാണിക്കുന്നതിനുള്ള ഒരു കായികയുദ്ധം തന്നെയായിരുന്നു അത്. സോവിയറ്റ് യൂണിയന്‍ ഇല്ലാതായതോടെ അമേരിക്ക ഒളിമ്പിക്‌സില്‍ ചോദ്യം ചെയ്യപ്പെടാത്ത ജേതാക്കളായി മാറുകയും ചെയ്‌തു. ഇന്ന് അമേരിക്കയെ മറികടന്ന് ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ ശ്രമിക്കുന്ന ചൈന ആ ശ്രമങ്ങള്‍ ഒളിമ്പിക്‌സിലും നടത്തുന്നുണ്ടെങ്കിലും 2008ല്‍ ചൈനയില്‍ നടന്ന ലോക കായിക മാമാങ്കത്തില്‍ മാത്രമാണ് അവര്‍ക്ക് ഒന്നാമതെത്താന്‍ സാധിച്ചത്.
മെഡൽ വേട്ടയിലെ വളർച്ച
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പ്രകടനത്തിലും ഒരു ഏഷ്യന്‍ സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള നമ്മുടെ വളര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ കാണാം. 1951ലെ ഡല്‍ഹിയില്‍ നടന്ന ആദ്യത്തെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 15 സ്വര്‍ണമെഡലുകള്‍ നേടിയ ഇന്ത്യക്ക് അതിനേക്കാള്‍ വലിയ സ്വര്‍ണവേട്ട നടത്താന്‍ സാധിച്ചത് 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മാത്രമാണ്.
1951ല്‍ ആദ്യ ഏഷ്യാഡ് നടക്കുമ്പോള്‍ ഇന്ത്യ നമ്മുടെ ഭൂഖണ്‌ഡത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായിരുന്നു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി നാല് വര്‍ഷത്തിനുള്ളില്‍ ആദ്യ ഏഷ്യാഡ് നടക്കുന്ന സമയത്ത് ഇന്ത്യ ഏഷ്യയിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഏഷ്യയില്‍ പുതിയ സാമ്പത്തിക ശക്തികള്‍ ഉദയം കൊള്ളുകയും നമ്മുടെ സാമ്പത്തിക നില പിന്നോട്ടുപോവുകയും ചെയ്‌തപ്പോള്‍ അതിന്റെ പ്രതിഫലനം ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിലും കണ്ടു. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ 1990ലാണ് ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്‌ച വെച്ചത്. ആ വര്‍ഷം ഇന്ത്യ മെഡല്‍ വേട്ടയില്‍ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ആഭ്യന്തരമായ ദൗര്‍ബല്യവും ഇന്ത്യയെ ശക്തമായി ഗ്രസിച്ച സമയമായിരുന്നു അത്.
കായിക പ്രകടനത്തിലെ ഉത്തേജനം
അതിനു ശേഷം ഇന്ത്യ പടിപടിയായി ഏഷ്യന്‍ ഗെയിംസിലെ പ്രകടനം മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഇന്ത്യ കൈകൊണ്ട ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ നമ്മുടെ സാമ്പത്തിക നിലയ്‌ക്ക് നല്‍കിയ ഉത്തേജനം നമ്മുടെ കായിക പ്രകടനത്തിലും പ്രതിഫലിച്ചു. ഇപ്പോള്‍ ചൈനയില്‍ നടന്നുവരുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെയുള്ള എക്കാലത്തെയും വലിയ സ്വര്‍ണ വേട്ടയാണ് നടത്തിയത്. 1962ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യാഡിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് 2023ല്‍ ചൈനയില്‍ കാണുന്നത്. 1962നു ശേഷം ഇന്ത്യ ആദ്യമായാണ് മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തുന്നത്.
1990നു ശേഷം ഇന്ത്യ കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനമാണ് ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തില്‍ ദൃശ്യമാകുന്നത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്ന് 2023ലെ ഏഷ്യന്‍ ഗെയിംസിലെത്തുമ്പോള്‍ മെഡല്‍ നിലയില്‍ നാല് സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും പരിശീലനത്തിന്റെയും മേന്മ വര്‍ധിച്ചതാണ് ഈ നേട്ടത്തിന് നമ്മെ പ്രാപ്‌തരാക്കിയത്.
English Summary : India's Growth in Asian Games