എന്തൊരു കയറ്റം! കുത്തനെ ഉയര്ന്ന് സ്വർണ വില
Mail This Article
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിൽ ഒന്നിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,640 രൂപയിലും പവന് 45,120 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതിന് മുൻപ് ഏപ്രിൽ 14 നും മെയ് 5 നുമാണ് സ്വർണ വില 45,000 രൂപയ്ക്ക് മുകളിൽ വ്യാപാരം നടത്തിയത്. ഏപ്രിൽ 14 ന് 45,320 രൂപയും മെയ് 5 ന് പവന് 45,760 രൂപയുമായിരുന്നു വ്യാപാരം. ഇതിൽ മെയ് അഞ്ചിലേത് റെക്കോർഡ് നിരക്കായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്ന് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
പവന് 1160 രൂപയും ഗ്രാമിന് 145 രൂപയും മൂന്ന് ദിവസം കൊണ്ട് വർധിച്ചു. യുദ്ധം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാലാണ് സ്വർണ വില വീണ്ടും ഉയർന്നത്. ഇതോടൊപ്പം പ്രാദേശിക വിപണികളിൽ ഉത്സവങ്ങളോട് അനുബന്ധിച്ചും സ്വർണത്തിന് ഡിമാൻഡ് വർധിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നെങ്കിലും യുദ്ധ ഭീതിയിൽ രാജ്യാന്തര സ്വർണ വില വീഴാതെ നിന്നു. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 5% വരെ മുന്നേറി.