ADVERTISEMENT

 ഒരു സിനിമ കാണാനോ എന്തെങ്കിലുമൊരു സാധനം വാങ്ങാനോ പോകുമ്പോള്‍, എന്തിന് തട്ടുകടയില്‍ കയറുമ്പോള്‍വരെ മൊബൈല്‍ എടുത്ത് എത്ര സ്റ്റാറുണ്ട് എന്നു നോക്കുന്നവരുടെ കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, സ്ഥാപനത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് എന്നിവയൊക്കെയാണ് കമ്പോളത്തില്‍ ഓരോന്നിന്റെയും വിപണിമൂല്യം നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ഒാരോ കട തുടങ്ങുന്നതിനു മുൻപും പലതരം ആലോചനകൾ സ്ഥാപനമുടമകള്‍ നടത്താറുള്ളത്. പല‌തലത്തിലുള്ള അനുഭവസ്ഥരും അല്ലാത്തവരുമായവരുടെ പ്രതികരണങ്ങള്‍ കേട്ട് അതില്‍ വേണ്ടതും വേണ്ടാത്തതും ആറ്റിക്കുറുക്കി, അരിച്ചുപെറുക്കിയൊക്കെയാണ് ഓരോ സ്ഥാപനവും ആരംഭിക്കുന്നത്. 

എന്നാല്‍ തിരിതെളിച്ചുകഴിയുന്നതോടെ പലരും ഇത്തരത്തിലുള്ള ഫീഡ്ബാക്കുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത മറക്കും. തുടങ്ങുമ്പോള്‍ കാട്ടിയ അതിജാഗ്രതയും പ്രതികരണം തേടലും പലരും പിന്നീടു കാര്യമാക്കാറില്ല. എന്നാല്‍ കച്ചവടം തുടങ്ങിക്കഴിഞ്ഞാല്‍, തുടങ്ങുമ്പോഴെടുക്കുന്ന മുന്‍കരുതല്‍ പോലെയോ അതിലധികമോ പ്രതികരണങ്ങള്‍ക്കു കാതോര്‍ക്കേണ്ടവരാണ് ഓരോ വ്യാപാരിയും. 

യുഎഇയിൽ പരിഷ്കരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. Image Credit: Drazen Zigic/istockphoto.com
Image Credit: Drazen Zigic/istockphoto.com

കച്ചവടത്തിനിറങ്ങിക്കഴിഞ്ഞാല്‍ എന്തെന്തു പ്രശ്‌നങ്ങളെയാണ് ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവരിക. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലണ്ടനിലെ ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോടു ചോദിച്ചു: ‘ഇന്ത്യയില്‍ താങ്കള്‍ പരിഹരിക്കേണ്ടതായി എത്രമാത്രം പ്രശ്‌നങ്ങളുണ്ട്?’ നെഹ്‌റുവിന്റെ മറുപടി പെട്ടെന്നായിരുന്നു: ‘40 കോടി.’ അന്ന് ഇന്ത്യയിലെ ജനസംഖ്യ നാൽപതു കോടിയായിരുന്നു.

സാമ്പത്തിക മുതല്‍മുടക്കിനെക്കാള്‍ ഇത്തരമൊരു മനോഭാവമാകണം ഓരോ കച്ചവടക്കാരന്റെയും കൈമുതല്‍. ഏതുതരം പ്രശ്‌നങ്ങളെയും നേരിടാനുള്ള കുറുക്കുവഴി ആദ്യം അതിനെ തിരിച്ചറിയുക, മനസ്സിലാക്കുക എന്നതൊക്കെയാണ്. അവിടെയാണ് ഫീഡ്ബാക്കുകള്‍ തുണയാകുന്നത്. ഫീഡ്‌ബാക്ക് എത്ര മോശമായാലും അതു തന്റെ കച്ചവടത്തെ മെച്ചപ്പെടുത്താനുള്ള മാര്‍ഗരേഖയായി കാണാന്‍ കടയുടമസ്ഥനു കഴിയണം. ഇത്തരത്തില്‍ എന്തുതരം പ്രതികരണത്തെയും സ്വാഗതം ചെയ്യാന്‍ തയാറുള്ളവരേ കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടാവൂ.

ഉപഭോക്താക്കളുമായുള്ള ഊഷ്മളബന്ധം നിരന്തരം മെച്ചപ്പെടുത്താൻ ഏറ്റവും അത്യാവശ്യമായിട്ടുള്ളത് അവരുടെ ഫീഡ്ബാക്ക് എപ്പോഴും തേടിക്കൊണ്ടിരിക്കുക എന്നതു‌തന്നെയാണ്. ചെറുതായാലും വലുതായാലും അതിനു ചെവി കൊടുക്കുകയാണ് വിജയത്തിന്റെ ഒന്നാം പടി. ഇത്തരം പ്രതികരണങ്ങള്‍ ഏതെങ്കിലും ഒരു ദിശയില്‍ നിന്നുള്ളവ മാത്രമാക്കി ചുരുക്കാനും പാടില്ല. അതു 360 ഡിഗ്രിയാക്കുക എന്ന കാര്യത്തിലും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. 

360 ഡിഗ്രി എന്നാല്‍ ഉപഭോക്താക്കള്‍ക്കു പുറമേ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍, സാധനങ്ങള്‍ വിതരണം‌ചെയ്യുന്ന കമ്പനിയിലെ ജീവനക്കാര്‍, സമാന കച്ചവടം നടത്തുന്ന കടക്കാര്‍, സ്ഥാപനത്തിലെ വാഹനം ഓടിക്കുന്നവർ എന്നിവരെല്ലാം ഇതില്‍പ്പെടും.കട എത്ര വലുതായാലും ചെറുതായാലും ഇത്തരത്തില്‍ സര്‍വതലസ്പര്‍ശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.

അതുകൊണ്ടുതന്നെ എല്ലാത്തരം ഫീഡ്ബാക്കുകളും അവലോകനം‌ചെയ്ത് കച്ചവടത്തില്‍ പുതിയ മാറ്റങ്ങളും മാതൃകകളും സൃഷ്ടിക്കുന്നവര്‍ക്കാണ് അന്തിമവിജയം. അപ്പോള്‍ മറക്കണ്ട: സ്‌മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com