ADVERTISEMENT

നിക്ഷേപകൻ എന്നനിലയിൽ നിങ്ങൾക്ക് എത്രത്തോളം റിസ്കെടുക്കാം? ഓഹരിവിപണിയിലെത്തുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. പലരും ഈ ചോദ്യത്തിന് അലസമായി അല്ലെങ്കിൽ കൂടു‌തൽ ആലോചിക്കാതെ‌യായിരിക്കും ഉത്തരം നൽകുന്നത്. രണ്ടാമതൊന്നു ചിന്തിക്കാതെ റിസ്കെ‌ടുക്കാൻ തയാറാണെന്നു പറയുന്നവരുമുണ്ട്. 

ഓഹരി‌വിപണിയിൽ, പ്രത്യേകിച്ച് മ്യൂച്വൽ‌ഫണ്ടിൽ നിക്ഷേപിക്കുന്നവരിൽ ഭൂരിപക്ഷവും സ്വന്തം റിസ്ക് അനാലിസിസ് നടത്താതെ ഫണ്ട് തിരഞ്ഞെടുക്കുന്നവരാണ്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്നല്ല. കാരണം, ദീർഘകാലയളവിൽ ഓഹരി‌വിപണി നേട്ടം മാത്രമേ നൽകൂ എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ല. എന്നാൽ പണം നമുക്ക് ആവശ്യമുള്ള സമയത്ത് നിക്ഷേപങ്ങളെല്ലാം നേട്ടത്തിലാണോ എന്നതിലാണ് കാര്യം. റിസ്ക് കണക്കാക്കി നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരുപരിധിവരെ മറികടക്കാം. 

എങ്ങനെ റിസ്ക് കണക്കാക്കാം?
ഇന്നത്തെക്കാലത്ത് റിസ്ക് കണക്കാക്കാൻ മിനിറ്റുകൾ മാത്രം മതി. ഗൂഗിൾ തുറന്ന് റിസ്ക് കാൽക്കുലേറ്റർ എന്ന് ടൈപ് ചെയ്താൽ‌തന്നെ നിരവധി വെബ്സൈറ്റുകള്‍ കാണാം. ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്ത് അവയിലെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാൽ മതി. നിങ്ങൾക്ക് എത്രമാത്രം റിസ്കെടുക്കാം എന്നതിനൊപ്പം ഇക്വിറ്റി, സ്വർണം, ഡെറ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിക്ഷേപത്തിന്‍റെ എത്ര ശതമാനം വീതം നീക്കിവയ്ക്കണം എന്നൊക്കെ കൃത്യമായി പറഞ്ഞുതരുന്ന വെബ്സൈറ്റുകളുണ്ട്. വലിയ തുക ഒന്നിച്ചു നിക്ഷേപിക്കുന്ന, ദീർഘകാല നിക്ഷേപകര്‍ എന്തുകൊണ്ടും സാമ്പത്തികവിദഗ്ധരുടെ സേവനം തേടുന്നതാണ് നല്ലത്. 

ഉത്തരങ്ങൾ മനസ്സിൽ വേണം
റിസ്ക് കണക്കാക്കാൻ വെബ്സൈറ്റുകൾ തുറക്കും മുൻപ് ചില തയാറെടുപ്പുകൾ വേണം. ഓരോ വെബ്സൈറ്റുകളിലും വ്യത്യസ്ത ചോദ്യങ്ങളിലൂടെയാവും റിസ്ക് കണക്കാക്കുന്നത്. ഈ ചോദ്യങ്ങൾക്ക് അങ്ങേയറ്റം യാഥാർഥ്യബോധത്തോടെ ഉത്തരം നൽകണം. പൊതുവായി കാണുന്ന ചോദ്യങ്ങൾ ഇവയാണ്:

1. എത്ര രൂപ നിക്ഷേപിക്കാം?
നിങ്ങളുടെ ആകെ വരുമാനത്തിൽ‌നിന്ന് എത്ര രൂപ (ശതമാനം) നിക്ഷേപങ്ങൾക്കായി നീക്കിവയ്ക്കാം എന്ന കാര്യത്തിൽ വ്യക്തമായ ധാരണ വേണം. ചെലവുകളും വായ്പകളും മറ്റും നോക്കി നിക്ഷേപത്തുക കണക്കാക്കണം. ഇഎംഐ, വാർഷിക‌വരുമാനം, ജോലി സ്ഥിരത ഒക്കെ ചോദ്യങ്ങളായി‌വരുന്ന റിസ്ക് കാൽക്കുലേറ്ററുകളുണ്ട്. 

2. വിഹിതം എത്ര?
ആകെ നിക്ഷേപത്തിൽ എത്ര ശതമാനം റിസ്ക് കൂടിയ, ഉയർന്ന റിട്ടേൺ പ്രതീക്ഷിക്കുന്ന മേഖലയിൽ നിക്ഷേപിക്കാന്‍ തയാറാണ്? ഈ ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉണ്ടാകണം. ഉദാ: 10,000 രൂപ മ്യൂച്വൽ‌ഫണ്ടിൽ നിക്ഷേപിക്കാൻ തയാറുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ റിസ്ക് കൂടിയ വിഭാഗമെന്നു വിലയിരുത്തുന്ന സ്മോൾ‌ക്യാപിൽ എത്ര രൂപ നിക്ഷേപിക്കണം എന്ന ധാരണ വേണം. നിക്ഷേപ കാലയളവ്, ലക്ഷ്യം നിറവേറ്റാൻ ആവശ്യമായ തുക തുടങ്ങിയവയൊക്കെ ഇവിടെ പരിഗണിക്കാം. 

3. നഷ്ടം നേരിടാനുള്ള കഴിവ്
എല്ലാവരും തങ്ങളുടെ നിക്ഷേപം വളരുന്നതിനെക്കുറിച്ചു മാത്രമാണു ചിന്തിക്കുക. കോവിഡിനൊക്കെ സമാനമായ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണംകൊണ്ട് ഓഹരി‌വിപണി കുത്തനെ ഇടിഞ്ഞാൽ നിങ്ങൾ എന്തുചെയ്യും? ഒരു വർഷം നിക്ഷേപം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നഷ്ടം കണ്ടുനിൽക്കാനാവാതെ വിറ്റൊഴിയുമോ? അതോ വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നിക്ഷേപം തുടരുമോ? കൂടുതൽ നിക്ഷേപം നടത്തുമോ? ഒരു വർഷം എത്ര ശതമാനം നഷ്ടംവരെ നിങ്ങൾക്കു താങ്ങാനാവും? ഈ ചോദ്യങ്ങൾക്കു നന്നായി ആലോചിച്ച് ഉത്തരം നൽകണം.

ഓഹരിവിപണിയിലെ കഴിഞ്ഞകാല റിട്ടേണുകളായിരിക്കുമല്ലോ നിക്ഷേപത്തിലേക്കു നിങ്ങളെ ആകർഷിച്ച ഘടകം. മനസ്സിൽ ഒരു റിട്ടേൺ കണ്ടിട്ടുതന്നെയാവും നിക്ഷേപിക്കാനൊരുങ്ങുന്നതും. പ്രതീക്ഷിച്ച വളർച്ച നേടാൻ നിക്ഷേപത്തിനു സാധിച്ചില്ലെങ്കില്‍ എന്തായിരിക്കും തീരുമാനമെന്നും ആലോചിക്കണം. 

ഇവയും പ്രധാന ഘടകങ്ങൾ
റിസ്ക് കാൽക്കുലേറ്ററുകളിൽ പൊതുവായി കാണപ്പെടുന്ന മൂന്നു ചോദ്യങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഇവ കൂടാതെ പ്രായം, നിക്ഷേപമേഖലയിലുള്ള പരിചയം, നിക്ഷേപ കാലയളവ്, നിക്ഷേപകനെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഇവയ്ക്കെല്ലാം ആത്മാർഥമായി ഉത്തരം നൽകിയാൽ സൗജന്യമായി സ്വയം റിസ്ക് കണക്കാക്കാം.

റിസ്കുകൾ പലതരം
പൊതുവേ ലോ റിസ്ക്–ഹൈ റിസ്ക് എന്നിവയ്ക്കിടയിൽ മോഡറേറ്റ്, ആവറേജ്, അഗ്രസീവ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളും ഉപ വിഭാഗങ്ങളുമായാണ് റിസ്കുകളെ തിരിച്ചിരിക്കുന്നത്. റിസ്ക് കാൽക്കുലേറ്ററുകളുടെ സേവനത്തിലൂടെ ഈ റിസ്ക് വിഭാഗങ്ങളിൽ നിങ്ങൾ എവിടെയാണ് വരുന്നതെന്നു കൃത്യമായി അറിയാൻ സാധിക്കും. ഏതുതരം  മ്യൂച്വൽ‌ഫണ്ട് തിരഞ്ഞെടുക്കണം? ഇക്വിറ്റിയിലുള്ള നിക്ഷേപം പര്യാപ്തമാണോ? തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ റിസ്ക് കണക്കാക്കുന്നത് നിങ്ങളെ സഹായിക്കും.

English Summary:

How to Calculate Your Investment Risk?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com