ബജറ്റില്‍ ശമ്പളക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം?
Mail This Article
ജൂലൈ 23നു പുതിയ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകളുണ്ടാകും? അങ്ങനെ പ്രഖ്യാപിച്ചാല്‍ ശമ്പളക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കും?
പുതിയ രീതിയിലെ നികുതി നിര്‍ണയം സ്വീകരിക്കുന്നവര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ പുതിയ രീതിയിലെ നികുതി നിര്‍ണയം തെരഞ്ഞെടുത്ത് ഇതിനകം തന്നെ മുന്‍കൂര്‍ നികുതി നല്‍കി തുടങ്ങിയവര്‍ക്കും ശമ്പളത്തില്‍ നിന്നു ടിഡിഎസ് പിടിക്കപ്പെട്ടു തുടങ്ങുകയും ചെയ്തവര്‍ക്കാകും കൂടുതല്‍ നേട്ടം.
നിലവിലുള്ള നിരക്കുകള്‍ പ്രകാരം 2024 ഏപ്രില്‍ മുതല്‍ തന്നെ ഇവരുടെ ശമ്പളത്തില്‍ നിന്നു ടിഡിഎസ് പിടിച്ചു തുടങ്ങിയിട്ടുണ്ടാകുമല്ലോ. നിരക്കുകളില്‍ എന്തെങ്കിലും കുറവുകള്‍ പ്രഖ്യാപിക്കുകയോ ഇളവുകള്‍ നല്‍കുകയോ ചെയ്താല്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള വരുമാനത്തിനു മുഴുവന്‍ ഇതു ബാധകമാകുകയും ആകെ നല്‍കേണ്ട ആദായ നികുതിയില്‍ കുറവുണ്ടാകുകയും ചെയ്യും. ഇതിനകം ടിഡിഎസ് പിടിച്ചവര്‍ക്ക് അടുത്ത മാസം മുതല്‍ നല്‍കേണ്ട ടിഡിഎസ് കുറയുകയും നെറ്റ് സാലറി വര്‍ധിക്കുന്ന ഫലം ലഭിക്കുകയും ചെയ്യും.
ചെറിയ ആശയക്കുഴപ്പം
പഴയ രീതിയില്‍ നികുതി നിര്‍ണയം നടത്താന്‍ തീരുമാനിക്കുകയും അതനുസരിച്ച് ഓഫിസുകളില്‍ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ടിഡിഎസ് പിടിക്കപ്പെടുകയും ചെയ്തവരുടെ കാര്യത്തില്‍ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായേക്കാം. അവര്‍ക്കു പഴയ രീതിയിലെ നികുതി നിര്‍ണയം ഒഴിവാക്കി പുതിയ രീതി സ്വീകരിക്കാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ സാധിക്കുമോ? ഇക്കാര്യത്തില്‍ ചെറിയൊരു ആശയക്കുഴപ്പമുണ്ട്.
ആദായ നികുതിയില്‍ എന്തെങ്കിലും ഇളവുകള്‍ പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് പുതിയ രീതിയിലെ നികുതി നിര്‍ണയം കൂടുതല്‍ മെച്ചപ്പെട്ടതായി വരുകയും ചെയ്താലാണ് ഈ ആശയക്കുഴപ്പം പ്രശ്‌നമാകുക. പക്ഷേ, സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ നികുതി നിര്‍ണയ രീതിയുടെ കാര്യത്തില്‍ മാറ്റം വരുത്താന്‍ അനുവാദം ലഭിച്ചില്ലെങ്കില്‍ ടിഡിഎസ് പിടിക്കുന്നത് അതേ പോലെ തുടരും എന്നേയുള്ളു. സാമ്പത്തിക വര്‍ഷാവസാനത്തിനു ശേഷം നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ പുതിയ രീതി തിരഞ്ഞെടുക്കുകയും ആനുകൂല്യങ്ങള്‍ നേടി റീഫണ്ട് കരസ്ഥമാക്കുകയും ചെയ്യാം.
പുതിയ ബജറ്റില്‍ എന്തെല്ലാം നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഈ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്.