23 ലക്ഷം കേന്ദ്ര സര്ക്കാർ ജീവനക്കാർക്ക് യു പി എസ് പ്രയോജനമാകും
Mail This Article
കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് യുപിഎസിന്റെ പ്രധാന സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കു വേണ്ടിയും യുപിഎസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) നിന്നുള്ള കുറഞ്ഞ കോർപ്പസ്, കുറഞ്ഞ വരുമാനം, പഴയ പെൻഷൻ പദ്ധതി ( ഒപിഎസ് ) പിൻവലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പ്രതികരണത്തെ തുടർന്നാണ് സർക്കാർ യുപിഎസ് പ്രഖ്യാപിച്ചത്. സർക്കാർ പ്രഖ്യാപിച്ച യുപിഎസിന് ഒപിഎസിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളുണ്ട്.
∙25 വർഷത്തെ സർക്കാർ സേവനമുള്ളവർക്ക് വിരമിക്കലിന് മുൻപത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം യു പി എസിൽ പെൻഷനായി ലഭിക്കും.
∙കുറഞ്ഞത് 10 വർഷത്തെ സേവനം വേണമെന്ന നിബന്ധനയുണ്ട്.
∙പെൻഷൻ ലഭിക്കുന്നയാളുടെ മരണ ശേഷം കുടുംബത്തിന്, ലഭിച്ചുകൊണ്ടിരുന്ന പെൻഷന്റെ 60 ശതമാനം ലഭിക്കും.
∙ 10 വർഷത്തെ സേവനത്തിന് ശേഷം കുറഞ്ഞ പ്രതിമാസ പെൻഷൻ 10,000 രൂപയായിരിക്കും.
∙പണപ്പെരുപ്പ സൂചികക്കനുസരിച്ച് ഡിയർനസ് റിലീഫ് നല്കികൊണ്ടിരിക്കും.
∙വിരമിക്കലിനോട് അനുബന്ധിച്ച് ഗ്രാറ്റുവിറ്റി നൽകും.
യു പി എസിനു മെച്ചങ്ങൾ ഉണ്ടെങ്കിലും ഇതുവരെ അടച്ച എൻ പി എസ് തുക തന്നെയാണോ യു പി എസിലേക്ക് മാറ്റുക എന്ന കാര്യത്തിൽ വ്യക്തതയില്ല. അതുപോലെ കൂടുതൽ വർഷങ്ങൾ വിരമിക്കാൻ ഉള്ളവർ എൻ പി എസ്സിൽ തുടരുന്നതായിരിക്കും നല്ലത് എന്ന് വിദഗ്ധർ പറയുന്നു.കൂടാതെ ഇന്ത്യയുടെ ' ഗ്രോത്ത് സ്റ്റോറിയിൽ' വിശ്വാസമുള്ളവർക്ക് എൻ പി എസിൽ തുടരുന്നതാണ് നല്ലതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ട്.