sections
MORE

വാഹന ഇൻഷുറൻസ് വാങ്ങുമ്പോൾ വിലപേശി വാങ്ങാം 

674453362
SHARE

അധികമാരും ചെയ്യാറില്ലെങ്കിലും വിലപേശി വാങ്ങാവുന്ന വിപണിയാണ് വാഹന ഇൻഷുറൻസിന്റേത്. കാര്യങ്ങൾ മനസിലാക്കി പോളിസി വാങ്ങിയാൽ പണം ലാഭിക്കുകയും ഭാവിയിലെ നഷ്ടങ്ങൾ ഒഴിവാക്കുകയും ചെയ്യാം. പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാനുള്ള തിരക്കിനിടയിൽ അധികമാരും വാഹനത്തിന് അനുയോജ്യമായ ഇൻഷുറൻസ് ആണോ എന്ന്  ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. ഡീലർ നിർദേശിച്ച ഒരു പോളിസി വാങ്ങി , അത്ര തന്നെ.

വസ്തുതകൾ അറിഞ്ഞു വാങ്ങുക

 വാഹന ഉടമയെന്ന കസ്റ്റമർ പരിശോധിക്കേണ്ട ചില വസ്തുതകളുണ്ട്. ആരുടെ  പക്കൽ നിന്നു പോളിസി എടുത്താലാണ് ക്ലെയിം വന്നാൽ അനായാസം ലഭ്യമാകുക എന്നതാണ്  പ്രധാന വിഷയം. രണ്ടാമതായി ഇതിന് എത്ര തുക മുടക്കണം എന്നതാണ്. പോളിസിയിൽ കവർ ചെയ്തിരിക്കുന്ന റിസ്‌ക്കുകൾ, കവർ ചെയ്യാത്ത റിസ്‌കുകൾ എന്നിവ ഏതാണെന്നും അറിയണം.  ഇതിലൊക്കെ പ്രധാനമാണ് പോളിസിയിൽ ഒളിഞ്ഞിരിക്കുന്ന വസ്തുതകൾ.

ഈ കാര്യങ്ങളെല്ലാം അവഗണിക്കുകയും   കുറഞ്ഞ പ്രീമിയം മാത്രം നോക്കി പോളിസി   വാങ്ങുകയും ചെയ്യുന്നവരാണ് കൂടുതലും. ഇത്തരക്കാർക്ക്  ക്ലെയിം ഉണ്ടായാലും ചെലവായ തുക കിട്ടാതെ  വരാം. അതോടെ അവർ ഇൻഷുറൻസിനെയും കമ്പനിയെയും തള്ളി പറയുകയും ചെയ്യും.  

ചെലവായ തുക കിട്ടാത്തതിനു കാരണം

ഒരു വാഹനം ഇൻഷുർ ചെയ്യുമ്പോൾ അതിന്റെ വില (ഐ.ഡി.വി)ആണ് ആദ്യം പരിശോധിക്കേണ്ടത്.നിശ്‌ചയിക്കേണ്ട മാനദ്ദണ്ഡങ്ങൾ മറികടന്ന് ചുരുങ്ങിയ വില നിശ്‌ചയിച്ച് വാഹനം ഇൻഷുർ ചെയ്യുമ്പോൾ സ്വാഭാവികമായും പ്രീമിയവും കുറവുമതി. 

വിവിധങ്ങളായ പോളിസികൾ നിലവിലുണ്ട്. സാധാരണ പാക്കേജ് പോളിസികൾ, ‘നിൽ ഡിപ്രിസിയേഷൻ’ പോളിസികൾ, അനുബന്ധ റിസ്‌ക്കുകൾ  കവർ ചെയ്യുന്ന പോളിസികൾ എന്നിവയെല്ലാം വിപണിയിൽ ലഭ്യമാണ്. 

കൂടുതൽ റിസ്‌ക്കുകൾ/ആനുകൂല്യങ്ങൾ കവർ ചെയ്യുമ്പോൾ സ്വാഭാവികമായും പ്രീമിയവും കൂടുതലായിരിക്കും. ക്ലെയിമുകൾ ഉണ്ടായാൽ പിന്നെ നോക്ലെയിം ബോണസും ബാധകമല്ല. ഇക്കാര്യം മറച്ച് വച്ച് നോക്ലെയിം ബോണസ് വാങ്ങി ഇൻഷുർ ചെയ്യുന്നവരും ഉണ്ട്. 

വാഹനത്തിന്റെ വിലയെ അടിസ്‌ഥാനമാക്കിയുളള പ്രീമിയത്തിൽ വിവിധ കമ്പനികൾ ഇപ്പോൾ 60 മുതൽ 70 ശതമാനം വരെ ഇളവുകൾ നൽകുന്നു. ഇക്കാര്യം അറിയാത്തവർ കൂടുതൽ തുക പ്രീമിയമായി നൽകുന്നു. അതിനാൽ ഇന്ന് വിപണിയിൽ നിലവിലുളള ഏറ്റവും കൂടിയ ഡിസ്‌കൗണ്ട് നമ്മുടെ വാഹനത്തിന് കിട്ടി എന്ന് ഉറപ്പുവരുത്തി വേണം ഇൻഷുറൻസ് വാങ്ങാൻ.

ആനുകൂല്യങ്ങൾ മനസിലാക്കി വാങ്ങുക

കൂടുതൽ ആനുകൂല്യങ്ങൾ ഉളള പോളിസി ആണ് എടുക്കുന്നതെങ്കിൽ അതിൽ ഏതെല്ലാം ആനുകൂല്യങ്ങൾ ഉണ്ട് എന്ന് എഴുതി വാങ്ങണം. അതായത് വിവരങ്ങൾ മുഴുവൻ കൃത്യമായി തയാറാക്കിയ ഒരു രേഖ വാങ്ങുന്നത് നന്നായിരിക്കും. പോളിസിയിൽ എത്ര തുകയാണ് ക്ലെയിം ചെയ്യാൻ സാധിക്കാതിരിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ‘കംപൽസറി എക്‌സസ്സ്’ എന്ന് പറയുന്ന ഈ തുക കൂട്ടിയാൽ പ്രീമിയത്തിൽ ഇളവുകൾ നൽകാനാവുമെന്നത് ഭൂരിഭാഗം വാഹന ഉടമകൾക്കും അറിയില്ല.

പോളിസികൾ ആരിൽ നിന്ന് വാങ്ങണമെന്ന് നിശ്‌ചയിക്കാനുളള പൂർണ്ണമായ അവകാശം പോളിസി ഉടമയ്‌ക്കാണ്. അതിനാൽ മേൽ പറഞ്ഞ കാര്യങ്ങൾ  ശരിയായി പഠിക്കുകയും പ്രീമിയം മാത്രം മാനദണ്ഡമാക്കാതെ മറ്റു കാര്യങ്ങൾ കൂടി പരിഗണിച്ച് പോളിസി വാങ്ങുകയും ചെയ്യുന്നതാണ്  നല്ലത്. 

ചുരുക്കി പറഞ്ഞാൽ വിവിധ കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്ത് വാങ്ങുന്നതാണ് നല്ലത്  മാത്രമല്ല ഒരു ക്ലെയിം ഉണ്ടായാൽ അത് തീർപ്പാക്കി തരാൻ കഴിവുളളവരെ മാത്രം തിരഞ്ഞെടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INSURANCE
SHOW MORE
FROM ONMANORAMA