sections
MORE

വ്യാപാര സ്ഥാപനങ്ങൾക്ക് വേണം ഷോപ്പ് കീപ്പേഴ്സ് ഇൻഷുറൻസ്

FP
SHARE

വ്യാപാരമേലയിൽ ഒട്ടനവധി റിസ്കുകളുണ്ട്. അതോടൊപ്പം പ്രളയം ഉൾപ്പടയുള്ള പ്രകൃതി ദുരന്തങ്ങൾ, തീപിടുത്തം, കളവ് തുടങ്ങിയ വിപത്തുകൾ കൂടി  സംഭവിച്ചാൽ നഷ്ടം കുറയ്ക്കാനായി മികച്ച ഇൻഷുറൻസ് സംരക്ഷണം വേണം. അതിനുള്ള വഴികൾ.

ലോകം എത്ര പുരോഗമിച്ചാലും, ശാസ്‌ത്രം എത്ര കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങൾ കണ്ടെത്തിയാലും അവയ്‌ക്കൊന്നും പൂർണ്ണമായ സംരക്ഷണം ഉറപ്പ് നൽകാനാവില്ല. പ്രകൃതിക്ഷോഭങ്ങളും സാമൂഹിക വിപത്തുകളും മനുഷ്യസഹജമായ മറ്റപകടങ്ങളും നമ്മുടെ ജീവിതത്തെയും വ്യാപാരത്തെയും സാരമായി ബാധിക്കാറുണ്ട്. ‘ഷോപ്പ് കീപ്പേഴ്‌സ് ഇൻഷുറൻസ്’ പ്രസക്തിയിവിടെയാണ്.

രണ്ട് കോടിയിൽ കവിയാത്ത ആസ്തിയുള്ള ചെറുകിട കടയുടമകളെ ഉദ്ദേശിച്ച് രൂപകൽപ്പന ചെയ്‌തിട്ടുള്ള സമഗ്ര ഇൻഷുറൻസ് പോളിസിയാണിത്. തീപിടുത്തം മുതൽ വ്യാപാരതടസ്സം വരെയുള്ള വൈവിധ്യമാർന്ന 11 റിസ്കുകൾക്ക് ഇതിലൂടെ സംരക്ഷണം ഉറപ്പാക്കാം.

ആർക്കൊക്കെയാണ് അർഹത?

താഴെ പറയുന്ന മൂന്ന് നിബന്ധകളും പാലിക്കുന്ന കടയുടമകൾക്ക് ഈ ഇൻഷുറൻസിൽ ചേരാം.

1. കടയുടെ മൊത്തം ആസ്തി (കെട്ടിടമടക്കം) രണ്ട് കോടി രൂപയിൽ കവിയാൻ പാടില്ല.

2. അപകടസാധ്യത കുറഞ്ഞ (നോൺ ഹസാർഡസ്) ഉൽപന്നങ്ങളായിരിക്കണം വിപണനം ചെയ്യുന്നത്.

3. കട ഒരു ‘എ’ ക്ലാസ് കെട്ടിടത്തിലായിരിക്കണം പ്രവർത്തിക്കുന്നത്.

ഒരു ലക്ഷം രൂപയ്ക്ക് 65 രൂപ 

വാർഷിക പ്രീമിയം

ഈ പാക്കേജ് പോളിസിയിൽ 11 വിഭാഗങ്ങളുണ്ടെ ങ്കിലും മുന്തിയ പരിഗണന ആറ് വിഭാഗങ്ങൾക്കാണ്. ബിൽഡിങ്ങ്, സാധനസാമഗ്രികൾ എന്നിവയ്ക്ക് തീപിടുത്തം, പ്രകൃതിദുരന്തങ്ങൾ മുതലായ ഒരു ഡസനോളം റിസ്‌കുകൾ കവർ ചെയ്യാൻ ഒരു ലക്ഷം രൂപയ്ക്ക് വാർഷിക പ്രീമിയം 65 രൂപ അടച്ചാൽ മതി. 

സാധനസാമഗ്രികൾ കളവ് പോയാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപയ്ക്ക് 75 രൂപയും, പണം സേഫിൽ സൂക്ഷിക്കുക, കൗണ്ടറിൽ കരുതുക, ബാങ്കിലേക്കും തിരിച്ചും കൊണ്ടുവരിക തുടങ്ങിയ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്ക് 150 രൂപയും വാർഷിക പ്രീമിയം അടച്ചാൽ മതി. എന്നാൽ ഫിക്സഡ് ഗ്ലാസുകൾ, നിയോൺ ബോർഡ് മുതലായവയുടെ സംരക്ഷണത്തിനായി ഒരു ലക്ഷം രൂപയ്ക്ക് വാർഷിക പ്രീമിയം 850 രൂപ അടയ്ക്കണം. ജീവനക്കാർ പണം തിരിമറി നടത്തുക, ചെക്കുകൾ ഡ്രാഫ്‌റ്റുകൾ എന്നിവയിൽ കൃത്രിമം കാണിക്കുക എന്നീ സാഹചര്യങ്ങളിൽ റിസ്ക് കവർ ചെയ്യാനായി ഒരു ലക്ഷം രൂപക്ക് 900 രൂപയാണ് പ്രീമിയം നിരക്ക്.

ജീവനക്കാർക്കും സംരക്ഷണം കിട്ടും

സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപകട മരണം, അംഗവൈകല്യം, അപകടം മൂലമുള്ള ചികിൽസാ ചെലവുകൾ എന്നിവ നിയമാനുസൃതം കവർ ചെയ്യാനായി വർക്ക്മെൻ കോംപൻസേഷൻ പോളിസിയാണ് നൽകേണ്ടത്. ഇതിന് 12,000 രൂപ ശമ്പളം നൽകുന്ന തൊഴിലാളിക്ക് വർഷത്തിൽ 504 രൂപ പ്രീമിയം അടച്ചാൽ മതി.

രണ്ട് കോടിയിൽ അധികം സ്റ്റോക്ക് ഉള്ള വ്യാപാര സ്ഥാപനങ്ങൾ, ഡിസ്‌ട്രിബ്യൂട്ടർമാർ, ഹോൾ സെയിൽ വ്യാപാരികൾ എന്നിവർക്ക് അവരവരുടെ സ്റ്റോക്കിന്റെ വിലയ്ക്കനുസൃതമായുള്ള തുകയ്ക്ക് ഇൻഷുർ ചെയ്യാം. ഒരു കോടി രൂപയ്ക്ക് 13,000 രൂപയോളം പ്രീമിയം അടച്ചാൽ മതി. സ്റ്റോക്ക് കൂടുതലുള്ളവർക്ക് ബർഗ്‌ളറി ഇൻഷുറൻസ് ‘ഫസ്റ്റ് ലോസ് ബേസിസ്’ ആയി കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുർ ചെയ്യാൻ സാധിക്കുന്നതാണ്. 

വ്യക്തിപരമായ വിവരങ്ങൾ വേണ്ട

തൊഴിലാളികൾക്ക് വർക്ക് കോംപൻസേഷൻ ആക്‌ട് പ്രകാരമുള്ള പോളിസി എടുക്കുന്നതിന് ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ ആവശ്യമില്ല. പകരം, ജീവനക്കാരുടെ എണ്ണം, ജോലി, പ്രതിമാസ വേതനം എന്നിവ നൽകിയാൽ മതി. അതുകൊണ്ട് തന്നെ ജീവനക്കാർ ഇടയ്ക്കിടെ മാറിയാലും സ്ഥാപന ഉടമയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ല.

അപകടങ്ങൾ വഴി വസ്തുനാശം സംഭവിച്ചാൽ   കടയുടമയ്‌ക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന ലാഭത്തിൽ വരുന്ന കുറവും നിബന്ധനകൾക്ക് വിധേയമായി പോളിസി വഴി സംരക്ഷിക്കപ്പെടും. പാക്കേജിലെ മൂന്നു വിഭാഗങ്ങൾ (ചില കമ്പനികളിൽ നാല് വിഭാഗങ്ങൾ) നിർബന്ധമായും ഇൻഷുർ ചെയ്‌തിരിക്കണം. അതിൽ കൂടുതൽ വിഭാഗങ്ങൾ ഇൻഷുർ ചെയ്യുമ്പോൾ കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാണ്. പ്രകൃതിക്ഷോഭങ്ങൾ കൊണ്ടുള്ള നാശനഷ്‌ടങ്ങൾക്കു ക്ലെയിമുകളിൽ അഞ്ച് ശതമാനം (കുറഞ്ഞത് 10,000 രൂപയും പരമാവധി 25,000 രൂപയും) നിർബന്ധകിഴിവ് ബാധകമായിരിക്കും. 

കുറഞ്ഞ പ്രീമിയത്തിനു പുറമെ വിശ്വാസ്യത, ക്ലെയിം നൽകുന്നതിനുള്ള വൈദഗ്‌ധ്യം എന്നിവ കൂടി കണക്കിലെടുത്തുവേണം പോളിസി എടുക്കാൻ

                  ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

1. വസ്തുവകകൾ ഇൻഷുർ ചെയ്യുന്നത് യഥാർഥ വിലയ്‌ക്കായിരിക്കണം. 

2. സ്വന്തം കെട്ടിടമാണെങ്കിൽ തീർച്ചയായും കെട്ടിടവും ഇൻഷുർ ചെയ്‌തിരിക്കണം. 

3. കടയുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്‌പയെടുത്തിട്ടുണ്ടെങ്കിൽ ആ സ്ഥാപനത്തിന്റെ പേരുകൂടി പോളിസിയിൽ ഉൾപ്പെടുത്താൻ മറക്കരുത്. 

4. തീപിടുത്തം ഉണ്ടായാൽ അഗ്നിശമനസേനയേയും കളവ് മുതലായ നാശനഷ്‌ടങ്ങൾ സംഭവിച്ചാൽ പോലീസിനെയും വിവരം അറിയിക്കണം. 

5. സ്ഥാപനത്തിന്റെ/സേഫിന്റെ താക്കോൽ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. • 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INSURANCE
SHOW MORE
FROM ONMANORAMA