ടേം പ്ലാൻ ഓൺലൈനായും ഓഫ് ലൈനായും ലഭ്യമാണ്. ഓൺലൈനിൽ 30–40 ശതമാനം വരെ പ്രീമിയം കുറയും. ഡിജിറ്റൽ ഇടപാടുകളെ പ്രോൽസാഹിപ്പിക്കുന്നതിന് സർക്കാരിൻെറ ഭാഗത്തുനിന്ന് എട്ടു ശതമാനം ഇളവ് ആദ്യപ്രീമിയത്തിനുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ കമ്മിഷനും ഓഫിസ് ചാർജുകളും ഇല്ല. അതാണ് പ്രീമിയം കുറയാൻ കാരണം. അല്ലാതെ ഓഫ് ലൈൻ പോളിസിയിൽനിന്ന് ഇവയ്ക്ക് വ്യത്യാസമൊന്നുമില്ല.
എന്നാൽ മികവുകൾ പലതാണ്.ഏതാനും ക്ലിക്കു കൊണ്ട് വാങ്ങാം. ഏജന്റിന്റെ താൽപര്യം അല്ല, സ്വന്തം താൽപര്യം സംരക്ഷിക്കപ്പെടും. പ്രപ്പോസൽ ഫോം സ്വയം പൂരിപ്പിക്കുന്നതിനാൽ തെറ്റിനു സാധ്യത കുറവ്. തെറ്റായ വിവരം നൽകിയെന്ന പേരിൽ ക്ലെയിം നിഷേധിക്കപ്പെടില്ല.
എങ്ങനെ വാങ്ങാം ?
അനുയോജ്യമായ പോളിസി സ്വയം തിരഞ്ഞെടുത്ത ശേഷം ആ കമ്പനിയുടെ സൈറ്റിൽ നിന്നും അപേക്ഷ എടുക്കുക. കൃത്യമായി പൂരിപ്പിക്കുക. ആധാറും കെവൈസി രേഖകളും ഫോട്ടോയും മറ്റും സ്കാൻ ചെയ്തു നൽകണം. എന്നിട്ട് ഓൺലൈനായി പണം അടയ്ക്കാം.
തുടർന്ന് കമ്പനി നിർദേശിക്കുന്നതനുസരിച്ച് മെഡിക്കൽ ചെക്കപ്പ് നടത്തുക. ചെലവു കമ്പനി നൽകും. ഈ മെഡിക്കൽ റിപ്പോർട്ടിൽ എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ അധിക പ്രീമിയം അടക്കാനോ പിന്നീട് അപേക്ഷിക്കാനോ ആവശ്യപ്പെടാം. ഇല്ലെങ്കിൽ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനകം പോളിസി കയ്യിൽ കിട്ടും. ഓൺലൈനായി കോപ്പി ലഭിക്കും
പോളിസി ബസാർ പോലുള്ള പോർട്ടലുകൾ വഴിയും വാങ്ങാം. വിവരങ്ങൾ നൽകിയാൽ അവർ നിങ്ങൾക്ക് അനുയോജ്യമായ പോളിസി കണ്ടെത്തുകയും വാങ്ങാൻ സഹായിക്കുകയും ചെയ്യും.