കമ്പനിയുടെ പ്രവർത്തനപാരമ്പര്യം, ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ, ശരാശരി ക്ലെയിം തുക,പ്രീമിയം, പോളിസിയുടെ സവിശേഷതകൾ എന്നിവ ടേം പോളിസിയുടെ തിരഞ്ഞെടുപ്പിൽ പ്രധാനമാണ്.
1 പ്രവർത്തനപാരമ്പര്യം
ടേം പ്ലാൻ ദീർഘകാല ഉൽപന്നമാണ്, 10 മുതൽ 80 വർഷം വരെ കാലാവധിയുള്ളവ. കൂടുതൽ കാലം പ്രവർത്തിച്ചിട്ടുള്ള, മികച്ച കമ്പനിയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നതാകും യുക്തി.നിലവിലുള്ള ഒരു കമ്പനി പ്രവർത്തനം അവസാനിപ്പിച്ചാലും അതിന്റെ ഉപഭോക്താക്കൾക്കു സേവനം തുടർന്നു ലഭിക്കാനുള്ള സംവിധാനം ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎ ഒരുക്കും.
2 ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ
നിർബന്ധമായും വിലയിരുത്തേണ്ട ഒന്നാണ് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ. ഒരു കമ്പനിക്ക് ഒരു വർഷം മൊത്തം കിട്ടിയ ക്ലെയിമുകളുടെ എണ്ണത്തെ ആ വർഷം അനുവദിച്ച ക്ലെയിമുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന അനുപാതമാണ് ഇത്.
ക്ലെയിം വന്നാൽ കമ്പനി അതു നൽകുമോ എന്നതാണ് പോളിസി വാങ്ങുന്നവന് അറിയേണ്ടത്. അക്കാര്യത്തിൽ കമ്പനി കാണിക്കുന്ന ശുഷ്കാന്തി ഈ റേഷ്യോയിലറിയാം. ഐആർഡിഎ ഓരോ വർഷവും ഈ കണക്കു പ്രസിദ്ധീകരിക്കും. പോളിസിയെടുക്കും മുന്‍പ് ഇതു വിലയിരുത്തണം. അഞ്ചു വർഷത്തെ റേഷ്യോ വിലയിരുത്തി തീരുമാനം എടുത്താൽ കൂടുതൽ നന്ന്.
3 ഉയർന്ന ക്ലെയിം തുക
ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ മാത്രം പരിഗണിച്ചാൽ ഒരു പ്രശ്നമുണ്ട്. ഈ കണക്കു എല്ലാത്തരം പോളിസികളും ഉൾപ്പെടുത്തിയുള്ളതാണ്. ടേം പ്ലാനിലെ മാത്രം റേഷ്യോ അറിയാൻ വഴിയില്ല. അതിനാൽ ക്ലെയിം സെറ്റിൽമെന്റിൽ നൽകിയ ശരാശരി തുക കൂടി പരിഗണിച്ചാലേ ടേം പ്ലാനിലെ പ്രകടനത്തെക്കുറിച്ച് കൂടുതൽ വ്യക്തത കിട്ടൂ.
4 പ്രീമിയം
കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച പ്ലാൻ വേണം എടുക്കാൻ. അതുകൊണ്ടു ടേം പ്ലാനിൽ നിർണായകമാണ് പ്രീമിയം. പക്ഷേ, പ്രീമിയം കുറവായതുകൊണ്ട് മാത്രം വാങ്ങുകയുമരുത്.
5 പോളിസി സവിശേഷതകൾ
ഓരോ കമ്പനിയുടെയും പോളിസികൾ വ്യത്യസ്തമായിരിക്കും. പല സൈസിൽ, പല തരത്തിൽ ടേം പ്ലാനുകൾ ലഭ്യമാണ്.100 വയസ്സു വരെ കവറേജ് നൽകുന്നവ, റൈഡേഴ്സ് ഉള്ളവയും ഇല്ലാത്തവയും, സം അഷ്വേഡ് ഒന്നിച്ചു നൽകുന്നവ, ഘട്ടം ഘട്ടമായി തരുന്നവ, രോഗം വന്നാൽ തുക കിട്ടുന്നവ, അംഗവൈകല്യം വന്നാൽ പ്രീമിയം അടയക്കേണ്ടാത്തവ എന്നിങ്ങനെ പല തരത്തിലുണ്ട്.
ഒരേ പോളിസിയിൽ തന്നെ വ്യത്യസ്ത ഓപ്ഷനുകളുണ്ട്. അതിനാൽ നിങ്ങളുടെ ആവശ്യം, ലക്ഷ്യം തയാറാക്കുക. അതനുസരിച്ചുള്ള പോളിസികൾ കണ്ടെത്തി ഷോർട്ട് ലിസ്റ്റ് ചെയ്യുക. എന്നിട്ട് ഓരോന്നിന്റെയും സവിശേഷതകൾ പഠിക്കുക, അനുയോജ്യമായതു തിരഞ്ഞെടുക്കുക.