ADVERTISEMENT

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം, വിമുക്ത ഭടന്മാർക്ക് എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം, സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവർക്ക് എംപ്ലോയ്‌മെന്റ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം എന്നിങ്ങനെയുള്ള ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവർക്കും ആർഎസ്ബിവൈ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാഷ്‌ട്രീയ സ്വസ്ത്യ ബീമായോജന പ്രകാരമാണ്  പരിരക്ഷ ലഭിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വർഷം പരമാവധി 30,000 രൂപയുടെ പരിരക്ഷ ലഭിക്കുന്ന രീതിയിലാണ് കേന്ദ്ര–കേരള സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആർഎസ്ബിവൈ പ്രവർത്തിക്കുന്നത്.

കേരളത്തിൽ ചിസ് 

കേരളത്തിൽ ചിയാക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോംപ്രഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള ആണ്  ആർഎസ്ബിവൈയുടെ കേരള പതിപ്പായ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അഥവാ ചിസ് നടപ്പാക്കുന്നത്. ആർഎസ്ബിവൈയിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ദാരിദ്ര്യരേഖയ്‌ക്കു താഴെ താമസിക്കുന്ന കുടുംബങ്ങൾക്കും മാത്രം സേവനം ലഭിക്കുമ്പോൾ ചിസ് പദ്ധതി പ്രകാരം ക്ഷേമനിധി അംഗങ്ങൾ, 1,000 രൂപയോ അതിൽ കുറവോ എംപ്ലോയീസ് പെൻഷൻ ലഭിക്കുന്നവർ, മഞ്ഞ, പിങ്ക്, വെള്ള, നീല റേഷൻ കാർഡുള്ളവർ എന്നിങ്ങനെ കൂടുതൽ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കും. 

ആർഎസ്ബിവൈ പ്രകാരം പ്രീമിയത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കുന്നു. മറ്റ് അർഹരായവരുടെ പ്രീമിയം 100 ശതമാനവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. 

പ്രത്യേകതകൾ

∙ അംഗീകൃത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കിടത്തി ചികിത്സയ്‌ക്ക് പരിരക്ഷ

∙ അഞ്ച് അംഗ കുടുംബത്തിനു വർഷത്തിൽ 30,000 രൂപ വരെ സൗജന്യ ചികിത്സ.

∙ മരുന്നുകളും സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന ചെലവുകൾക്കും അർഹത. 

∙ നിലവിലുള്ള രോഗങ്ങൾ ഒഴിവാക്കില്ല. 

∙ പ്രസവസംബന്ധ ചികിത്സകൾക്കും സഹായം .

ചിസ് പ്ലസ്

ചിസ് പദ്ധതിയിലെ അംഗങ്ങൾക്കു കാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, കരൾ, തലച്ചോറ് എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ, അപകടം മൂലം വേണ്ടിവരുന്ന തീവ്ര പരിചരണം എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ 70,000 രൂപയുടെ അധിക ചികിത്സ സഹായം നൽകുന്ന പദ്ധതിയാണ് ചിസ് പ്ലസ്. റീജനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കു പുറമേ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാക്കും. 

കൂടാതെ ചിസ് അംഗങ്ങളായ 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കു 30,000 രൂപയുടെ അധിക സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയാണ് എസ് ചിസ്. ചിസ് സ്‌മാർട് കാർഡുള്ള ഒരു കുടുംബത്തിൽ 30,000 രൂപ വരെയുള്ള സൗജന്യ ചികിത്സ ഏതൊരു അംഗത്തിനും ഉപയോഗിക്കാം. കൂടാതെ കുടുംബത്തിലെ മുതിർന്ന പൗരന്മാർക്ക് എല്ലാവർക്കും 30,000 രൂപയുടെ അധിക ചികിത്സാ സൗകര്യവും ഉണ്ട്. ഇതിനു പുറമേയാണ് ഗുരുതര രോഗങ്ങൾക്ക് 70,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com