തന്റെ അഭാവത്തിലും കുടുംബം പണത്തിനു ബുദ്ധിമുട്ടരുത് എന്നു കരുതുന്നവരെല്ലാം ഇൻഷുറൻസ് വാങ്ങേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വരുമാനമുണ്ടാക്കാൻ തുടങ്ങിയാൽ അധികം വൈകാതെ നല്ലൊരു പോളിസി എടുക്കുക. 18 വയസ്സു പൂർത്തിയാക്കിയവർക്കും എടുക്കാമെങ്കിലും വരുമാനം ഉണ്ടാക്കിത്തുടങ്ങും മുന്‍പ് പരിരക്ഷയാവശ്യമില്ല.
പോളിസി എടുത്താൽ കൃത്യമായി പ്രീമിയം അടച്ച് അത് തുടർന്നുകൊണ്ടു പോകാൻ ശ്രദ്ധിക്കണം. കൃത്യസമയത്തു പുതുക്കിയില്ലെങ്കിൽ ലാപ്സാകും. പിന്നെ പുതിയ പോളിസി വാങ്ങണ്ടി വരും. ഈ ഘട്ടത്തില്‍ പ്രായം കൂടുമെന്നതിനാൽ പ്രീമിയവും കൂടും. പലരും പോളിസി എടുത്ത കാര്യം രഹസ്യമാക്കി വെക്കുന്ന ശീലമുള്ളവരാണ്. പോളിസി ഉൾപ്പടെയുള്ള ഏതു തരം നിക്ഷേപങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ പങ്കാളിയേയോ അല്ലെങ്കിൽ ഏറ്റവും അടുപ്പമുള്ള മറ്റാരെയെങ്കിലുമോ അറിയിക്കണം. അല്ലെങ്കിൽ അപ്രതീക്ഷിതമായെന്തെങ്കിലും സംഭവിച്ചാൽ ഇങ്ങനൊരു പോളിസി ഉള്ള കാര്യം പോലും അവർക്കറിവുണ്ടാകില്ല.
ക്ലെയിമുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അനായാസമാക്കുന്നതിനും ഇതാവശ്യമാണ്. ക്ലെയിം ഉണ്ടായാൽ വിവരം രേഖാമൂലം കമ്പനിയെ അറിയിക്കണം. ക്ലെയിം ഫോം പൂരിപ്പിച്ചു കൊടുക്കണം. മരിച്ചയാളിന്റെ 'ഡെത്ത് സർട്ടിഫിക്കറ്റ്' നൽകണം. അപകട മരണമെങ്കിൽ പോസ്‌റ്റ് മോർട്ടം റിപ്പോർട്ടും നൽകണം. രേഖകളെല്ലാം പരിശോധിച്ചുറപ്പാക്കിയ ശേഷം കമ്പനി അവകാശിക്ക് തുക നൽകും. പോളിസി എടുക്കുന്ന വേളയിൽ വിവരങ്ങളെല്ലാം സത്യസന്ധമായി പൂരിപ്പിച്ചു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രീമിയത്തിൽ അൽപം കുറവ് പ്രതീക്ഷിച്ച് വിവരങ്ങൾ തെറ്റായി നൽകിയാൽ ക്ലെയിം ഉണ്ടാകുന്ന വേളയിൽ അത് നിരസിക്കാനിടയാകും.