പ്രവാസികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി ഇന്ത്യയിൽ നിന്ന് വാങ്ങാമോ?

HIGHLIGHTS
  • സ്ഥിരതയുള്ള സർക്കാരുള്ള രാജ്യത്താണെങ്കിൽ പോളിസി പെട്ടെന്നു കിട്ടും
child-plan
SHARE

അന്യരാജ്യത്ത് കിടന്ന് കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളുടെയും മനസിൽ നാട്ടിലുള്ള കുടുംബത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ചിന്തയായിരിക്കും എപ്പോഴും. തന്റെ അഭാവത്തിലും നാട്ടിലുള്ളവർ മാന്യമായി ജീവിക്കണം എന്നതായിരിക്കും സ്വപ്നം. നാട്ടിലായാലും വിദേശത്തായാലും കുടുംബത്തെ സ്നേഹിക്കുന്ന ഒരൊരുത്തരും ചിന്തിക്കുന്നത് ഇതു തന്നെയാകും. പക്ഷെ വിദേശത്തായതിനാൽ ഇന്ത്യയിൽ നിന്നും പോളിസി എടുക്കാനാകുമോ എന്നതിൽ പ്രവാസികൾക്ക് സംശയമുണ്ട്. ഇതിന് അടിസ്ഥാനമില്ല. പ്രവാസികൾക്ക് ഇന്ത്യയില്‍ നിന്ന് പോളിസി  എടുക്കുന്നതിൽ തടസമില്ല. അതിനു ചില പ്രത്യേക നടപടിക്രമങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. 

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) അനുസരിച്ച്  പ്രവാസികൾക്ക് ആവശ്യമനുസരിച്ച് സംരക്ഷണമുറപ്പാക്കുന്ന പദ്ധതികളിൽ ചേരാനാകും. കുടുംബത്തിന് പരിരക്ഷ നൽകുന്നതിന് ഇന്ത്യക്ക് പുറത്താണെങ്കിലും പരിമിതിയില്ല. എന്നാൽ ഓൺലൈനിലൂടെ പോളിസി എടുക്കുന്നതായിരിക്കും നല്ലത്, മികച്ച പ്ലാൻ താരതമ്യം ചെയ്ത് സ്വയം തെരഞ്ഞെടുക്കുന്നതിന് ഇത് സഹായിക്കും, 

പക്ഷെ പോളിസി എടുക്കുന്ന വേളയിൽ ഇന്ത്യയിലാണെങ്കിൽ മെഡിക്കൽ ചെക്കപ്പിനും മറ്റുമുള്ള ചെലവുകൾ കമ്പനി വഹിച്ചുകൊള്ളും. അന്യരാജ്യത്തായിരിക്കുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തി അതിന്റെ റിപ്പോർട്ടും മറ്റും സ്വന്തം ചെലവിൽ ഇന്ത്യയിലേക്ക് അയക്കേണ്ടി വരും. എന്നാൽ ചില കമ്പനികൾക്ക് മെഡിക്കൽ ചെക്കപ്പ് നിർബന്ധമില്ല. ചിലർക്കൊക്കെ വിദേശരാജ്യങ്ങളിൽ ഓഫീസുകളുള്ളതിനാൽ ഡോക്യുമെന്റെഷൻ, മെഡിക്കൽ പരിശോധന എന്നിവയെല്ലാം എളുപ്പമാകും. 

ആഭ്യന്തര കലാപങ്ങളും സൈനിക നടപടികളും അസ്ഥിരതയുള്ള സർക്കാരുമുള്ള രാജ്യത്താണ് നിങ്ങളെങ്കിൽ പോളിസിക്കുള്ള അപേക്ഷ നിരസിക്കപ്പെടുകയോ ഉയർന്ന പ്രീമിയം ഈടാക്കുകയോ ചെയ്തേക്കാം. അതേസമയം സമാധാനപരമായ സാഹചര്യങ്ങളും സ്ഥിരതയുള്ള സർക്കാരുമുള്ള രാജ്യത്താണ് നിങ്ങളെങ്കിൽ പോളിസി എളുപ്പം ലഭ്യമാകും. 

പ്രീമിയം വിദേശ നാണയത്തിലോ രൂപയിലോ അടയ്ക്കാം. പോളിസി നൽകിയിട്ടുള്ളത് ഏതു കറൻസിയെ അടിസ്ഥാനമാക്കിയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. വിദേശ കറൻസിയിലാണ് പോളിസി ലഭ്യമാക്കിയിട്ടുള്ളതെങ്കിൽ പ്രീമിയം അദ്ദേഹത്തിന്റെ എൻ ആർ ഇ അല്ലെങ്കിൽ എഫ്സിഎൻആർ അക്കൗണ്ടിലൂടെ വിദേശ കറൻസിയായി നൽകണം. അതേ സമയം ഇന്ത്യൻ രൂപയിലാണെങ്കിൽ പ്രീമിയം എൻ ആർ ഓ അക്കൗണ്ട് വഴിയാകും. 

ക്ലെയിം നൽകുന്നതിന് പോളിസി ഡോക്യുമെന്റിൽ പറയുന്ന രേഖകളെല്ലാം ഹാജരാക്കണം. മരണാനന്തര ആനുകൂല്യമാണെങ്കിൽ ഒറിജിനൽ പോളിസി ഡോക്യുമെന്റ്, നോമിനിയുടെ ഐഡന്റിറ്റി പ്രൂഫ്, മരണ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.മരണം സംഭവിച്ചത് വിദേശത്താണെങ്കിൽ ഇന്ത്യൻ എംബസിയോ ആ രാജ്യത്തെ ഹൈകമിഷണറോ അറ്റസ്റ്റ് ചെയ്യണം. ഇന്ത്യയിൽ വെച്ചാണ് മരണമെങ്കിൽ ഇതിന്റെ ആവശ്യമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA