ADVERTISEMENT

നിങ്ങൾ മുടക്കുന്ന കാർ ഇൻഷുറൻസ് തുക വളരെ കൂടുതലാണോ? ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് എപ്പോഴെങ്കിലും പ്രീമിയം താരതമ്യം ചെയ്തിട്ടുണ്ടോ?

പുതിയ കാർ വാങ്ങുമ്പോൾ, ഏതു കാറാണോ വാങ്ങുന്നത് ആ നിർമാതാക്കളുമായോ ഷോറൂം ഡീലർമാരുമായോ ധാരണയുള്ള ഇൻഷുറൻസ് കമ്പനികളുടെ പോളിസികളാകും സാധാരണ മിക്കവരും തിരഞ്ഞെടുക്കുക. പലപ്പോഴും കൂടുതൽ പ്രീമിയം ഈടാക്കപ്പെടുന്നുണ്ടെന്ന് ഉപഭോക്താക്കൾ അറിയാറില്ല. 

ഉദാഹരണത്തിന്, എട്ടേകാൽ ലക്ഷം രൂപയുടെ കാർ വാങ്ങുമ്പോൾ ഷോറൂമിൽ നിന്നെടുക്കുമ്പോൾ ഏകദേശം ഇൻഷുറൻസ് ആയി 41,000 രൂപ നൽകേണ്ടിവരും. ഓൺലൈനായി എടുക്കുമ്പോൾ വിവിധ കമ്പനികളുടെ തുക പരിശോധിക്കുക. തുകയിൽ വൻ വ്യത്യാസം കാണാം. നേരിട്ട് ഇൻഷുറൻസ് കമ്പനികളിൽ നിന്നെടുക്കുമ്പോൾ വീണ്ടും ഡിസ്കൗണ്ട് ലഭിക്കും. കാരണം, മികച്ച മത്സരമുള്ള മേഖലയായതിനാൽ ഡിസ്കൗണ്ട് നൽകാൻ കമ്പനികൾ തയാറാകും. അതിനാൽത്തന്നെ കൃത്യമായ പ്രീമിയം പറയാൻ കഴിയില്ല.  

1) നേരിട്ട് പോളിസി എടുക്കുക

ഡീലർ വഴി പോളിസി എടുക്കുന്നതിനു പകരം ഇൻഷുറൻസ് കമ്പനിയിൽനിന്നു നേരിട്ട് എടുക്കുമ്പോൾ പ്രീമിയത്തിൽ വൻ വ്യത്യാസം ഉണ്ടാകും. ഓൺലൈൻ വഴിയോ നേരിട്ടോ വാങ്ങാം. നേരിട്ടു വാങ്ങുമ്പോൾ വിലപേശാൻ മടിക്കേണ്ടതില്ല. ചിലപ്പോൾ 60–70 % വരെ ഡിസ്കൗണ്ട് ലഭിക്കാം. ചില കമ്പനികൾക്കു വാഹന നിർമാതാക്കളുമായി ധാരണ ഉണ്ടെങ്കിൽ ഡിസ്കൗണ്ട് കാര്യമായി ലഭിക്കണമെന്നില്ല. അപ്പോൾ ഓൺലൈൻ എടുക്കുന്നതാണ് അഭികാമ്യം.   

2) നിരക്ക് താരതമ്യം ചെയ്യുക

ഇൻഷുറൻസ് എടുക്കുമ്പോൾ ഒരു കമ്പനിയെ മാത്രം അന്ധമായി വിശ്വസിക്കാതിക്കുക. പല കമ്പനികളുടെയും പ്രീമിയം നിരക്ക് താരതമ്യം ചെയ്യുക. അവയുടെ നിബന്ധനകൾ വ്യക്തമായി മനസ്സിലാക്കുക. ഏതൊക്കെ ഭാഗങ്ങളാണ് ഇൻഷുറൻസ് കവറേജ് പരിധിയിൽ പെടുന്നതും അല്ലാത്തതെന്നും അവരുടെ വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്. ഓരോ കമ്പനിയുടെയും ക്ലെയിം സ്റ്റാറ്റസ്, തേർഡ് പാർട്ടി ക്ലെയിം എന്നിവയും വിശകലനം ചെയ്യണം. എപ്പോഴും ഒരു ഇൻഷുറൻസ് കമ്പനിയുടെ പോളിസി തന്നെ തുടരണമെന്ന് നിർബന്ധമില്ല. മറ്റു കമ്പനികൾ ഇതിലും നല്ല ഓഫറോ ഡിസ്കൗണ്ടോ തരുമെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ മറ്റു കമ്പനികളിലേക്കു മാറാവുന്നതാണ്. 

3)  ഓഫറുകൾ

ചില ഡീലർമാർ പുതിയ കാർ വാങ്ങുമ്പോൾ സൗജന്യ ഇൻഷുറൻസ് എന്ന ഓഫർ നൽകാറുണ്ട്. ഇത് മിക്കവാറും ഒരു വർഷത്തേക്കു മാത്രമായിരിക്കും. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ചുള്ള കവറേജ് ലഭിക്കുമോ എന്നു പരിശോധിക്കുക. നന്നായി മനസ്സിലാക്കിയതിനുശേഷം മാത്രം പോളിസി വാങ്ങുക. 

4) ചെറിയ തട്ടലിനും മുട്ടലിനും ക്ലെയിം ചെയ്യരുത്

വാഹനത്തിനു ചെറിയ തട്ടലോ മുട്ടലോ ഉണ്ടെങ്കിൽ ക്ലെയിം ചെയ്യാതിരിക്കുക. ഉദാഹരണത്തിന് ഡോറിൽ പോറലോ, ചളുക്കോ ഉണ്ടായിട്ടുണ്ടെങ്കിൽ ഡോർ മാറ്റി വയ്ക്കാൻ ആവശ്യപ്പെടരുത്. മാറ്റിവച്ചാൽ ക്ലെയിം ലഭിക്കുമെങ്കിലും നിങ്ങളുടെ മൊത്തം ഇൻ‍ഷുറൻസ് തുകയിൽ കുറവു വരും. ഇത് വരുംവർഷങ്ങളിൽ പ്രീമിയം കൂടാൻ ഇടയാക്കും. ചെറിയ ചെറിയ സർവീസുകൾക്ക് ക്ലെയിം ചെയ്താൽ നോ ക്ലെയിം ബോണസ് സൗകര്യം നഷ്ടമാകും. 

5) നോ ക്ലെയിം ബോണസ്

നിങ്ങൾ വളരെ ശ്രദ്ധയോടെ വണ്ടിയോടിക്കുന്ന ആളാണെങ്കിൽ അത് നേട്ടമാക്കാം. പഴയ കാർ മാറ്റി പുതിയതു വാങ്ങാൻ പോകുമ്പോൾ, പഴയ കാറിന്റെ ഇൻഷുറൻസ് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതാണെങ്കിൽ അത് പുതിയ കാറിന്റെ ഇൻഷുറൻസിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഇത് 50 % വരെ പ്രീമിയത്തിൽ കുറവു വരുത്തും. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയോട് നോ ക്ലെയിം സർട്ടിഫിക്കറ്റ് ആവശ്യപ്പെടണം. മാത്രമല്ല, നിങ്ങളുടെ പഴയ കാർ വിറ്റശേഷം ഉടനെതന്നെ പുതിയ കാർ വാങ്ങുന്നില്ലെങ്കിൽ നോ ക്ലെയിം ബോണസ് കരുതി വയ്ക്കാം. പിന്നീട് പുതിയ കാർ എടുക്കുമ്പോൾ പ്രയോജനപ്പെടുത്താം. മാത്രമല്ല നോ ക്ലെയിം ബോണസ് നിങ്ങളുടെ നല്ല ഡ്രൈവിങ് ശീലത്തെ സൂചിപ്പിക്കുന്നു. അതും ഡിസ്കൗണ്ട് ലഭിക്കാൻ കാരണമായേക്കാം. 

6) തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

മിക്ക പോളിസികളിലും ഇൻഷുറൻസ് കവറേജ് ഒരുപോലെയായിരിക്കും. മറ്റു കമ്പനികളുടെ പോളിസിയിൽനിന്നു കൂടുതലായി എന്തൊക്കെ കവറേജാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കുക. ആവശ്യമില്ലാത്തവ ഒഴിവാക്കാം. കൂടുതൽ പാർട്സുകൾക്ക് കവറേജ് നൽകുന്നുണ്ടെങ്കിൽ അതിനനുസരിച്ച് പ്രീമയവും കൂടും. 

7) സുരക്ഷ കൂട്ടിയാൽ ഡിസ്കൗണ്ട് 

നിങ്ങളുടെ കാർ സുരക്ഷിതമെങ്കിൽ പ്രീമിയത്തിൽ 5% ഡിസ്കൗണ്ട് ലഭിക്കാം. ആന്റി ത്രെഫ്റ്റ് അലാം, എയർ ബാഗ്, സ്റ്റിയറിങ് ലോക്ക്, ഗിയർ ലോക്ക് തുടങ്ങിയ സുരക്ഷാ ഉപാധികൾ കാറിലുണ്ടെങ്കിൽ ഡിസ്കൗണ്ട് ലഭ്യമാകും.  

8) അനാവശ്യ ആക്സസറീസ് ഒഴിവാക്കാം

ആക്സസറീസ്, ഇലക്ട്രിക് ഘടകങ്ങൾക്ക് സംരക്ഷണം വേണമെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരും. പോളിസിൽ ഉൾപ്പെടുത്താതെ അമിതമായി ആക്സസറീസ് ചെയ്താൽ ഇൻഷുറൻസ് തന്നെ നിഷേധിച്ചേക്കാം.  

9) കൂടുതൽ ഡിസ്കൗണ്ടിനായി ശ്രമിക്കുക

പോളിസി ഉടമയുടെ പ്രായം, ഡ്രൈവിങ് ചരിത്രം, പ്രഫഷൻ, യോഗ്യത തുടങ്ങിയ മാനദണ്ഡങ്ങൾ ഇൻഷുറൻസ് കമ്പനി പരിഗണിക്കാറുണ്ട്. 35–45 വയസ്സുള്ളവരെക്കാൾ 20–25 വയസ്സു പ്രായമുള്ളവർക്ക് പ്രീമിയം കൂടുതലായിരിക്കും. ഇതുവരെ അപകടങ്ങളോ മറ്റോ സംഭവിച്ചിട്ടില്ലാത്ത ആളാണെങ്കിൽ നിങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്ന ആളാണെന്ന് അനുമാനിക്കാം. ഈ ഗുണങ്ങൾ നിങ്ങളെ ഡിസ്കൗണ്ടിനായി പരിഗണിച്ചേക്കാം. 

10) ഒരു കമ്പനിയിൽ ഒന്നിൽ കൂടുതൽ പോളിസികൾ ഉണ്ടെങ്കിൽ

പോളിസി ഉടമയ്ക്ക് അതേ കമ്പനിയിൽ മറ്റ് ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ പ്രീമിയത്തിൽ കുറവുവരുത്താൻ ആവശ്യപ്പെടാം. മെഡിക്കൽ ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, ഫാമിലി ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഒരു കമ്പനിയുടെതന്നെ പോളിസി ആണെങ്കിൽ അവരുടെതന്നെ വെഹിക്കിൾ ഇൻഷുറൻസ് എടുക്കാം. പ്രീമിയം കസ്റ്റമർ ആയി പരിഗണിച്ചേക്കും. ഇത് ഡിസ്കൗണ്ട് ലഭിക്കാൻ കാരണമാകും. 

11) പോളിസി മുടക്കരുത്

എന്തെങ്കിലും കാരണത്താൽ പോളിസി മുടങ്ങിപ്പോയാൽ ഒരിക്കലും നോ ക്ലെയിം ബോണസ് ലഭിക്കില്ല. മെസേജ്, ഫോൺ കോൾ, മെയിൽ എന്നിവ വഴി പോളിസി പുതുക്കേണ്ട സമയം ഓർമിപ്പിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടണം.  

   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com